37 -കാരിയായ തായ്‌ലൻഡ് സ്വദേശിനി വർഷങ്ങളോളം പ്രണയത്തിലായിരുന്ന രണ്ട് ഓസ്ട്രിയക്കാരെ ഒരേസമയം വിവാഹം കഴിച്ചു. കുടുംബാംഗങ്ങളുടെയും മക്കളുടെയും പൂർണ്ണ സമ്മതത്തോടെയായിരുന്നു ഈ അപൂർവ്വ വിവാഹം നടന്നത്.
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കുക എന്നത് നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യമല്ല. എന്നാൽ, അത്തരത്തിൽ ഒരു അപൂർവ്വ വിവാഹവാർത്തയാണ് തായ്‌ലൻഡിൽ നിന്നും പുറത്തുവരുന്നത്. 37 -കാരിയായ ദുവാങ്‌ദുവാൻ കെത്സാരോ എന്ന യുവതിയാണ് ഒരേസമയം രണ്ട് ഓസ്ട്രിയൻ സ്വദേശികളെ വിവാഹം കഴിച്ചത്. വർഷങ്ങളോളം ഇരുവരുമായും പ്രണയത്തിലായിരുന്നുവത്രെ യുവതി. പരസ്പര സമ്മതത്തോടെയാണ് ഈ വ്യത്യസ്തമായ ജീവിതത്തിന് ഇവർ തുടക്കം കുറിച്ചത്.
മുൻപ് സ്വതന്ത്ര സംഗീതജ്ഞയായിരുന്ന ദുവാങ്‌ദുവാൻ പട്ടായയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഓസ്ട്രിയൻ മുൻ പൊലീസ് ഉദ്യോഗസ്ഥനായ റോമനെ പരിചയപ്പെടുന്നത്. ഇരുവരും അഞ്ച് വർഷത്തോളം ഒന്നിച്ചു ജീവിച്ചു. പിന്നീട് റോമന്റെ സുഹൃത്തായ മാക്കി എന്ന മറ്റൊരു ഓസ്ട്രിയൻ പൊലീസ് ഉദ്യോഗസ്ഥനെയും ഇവർ പരിചയപ്പെട്ടു. പിന്നാലെ മാക്കിയും ദുവാങ്‌ദുവാനുമായി പ്രണയത്തിലായി. അതോടെ, മൂവരും തമ്മിൽ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഫെബ്രുവരി 28 -ന് തായ്‌ലൻഡിലെ പ്രഖോൺ ചായ് ജില്ലയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ദുവാങ്‌ദുവാനിന്റെ ആദ്യ വിവാഹബന്ധം തകർന്നിരുന്നു. അതിൽ അവർക്ക് മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമുണ്ട്. തന്റെ മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടയിലാണ് റോമനും മാക്കിയും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഈ പ്രത്യേക ബന്ധത്തെ കുറിച്ച് മക്കളോടും മാതാപിതാക്കളോടും സംസാരിച്ചപ്പോൾ അവർ പൂർണ്ണപിന്തുണ നൽകി. റോമനും മാക്കിയും തന്റെ കുടുംബത്തെ അത്രത്തോളം സ്നേഹത്തോടെയാണ് പരിചരിക്കുന്നതെന്ന് ദുവാങ്‌ദുവാൻ പറയുന്നു. വിവാഹ സമ്മാനമായി രണ്ട് വരന്മാരും ചേർന്ന് ഏകദേശം 20 ലക്ഷം തായ് ബാറ്റ് (ഏകദേശം 50 ലക്ഷത്തോളം രൂപ) ആണ് യുവതിക്ക് നൽകിയത്.
തന്റെ മകൾ വർഷങ്ങളോളം ജീവിതത്തിൽ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും, അവൾ സന്തോഷവതിയായി ഇരിക്കുന്നതാണ് തനിക്ക് പ്രധാനമെന്നും യുവതിയുടെ 61-കാരിയായ അമ്മ പ്രതികരിച്ചു. മകളെയും കുടുംബത്തെയും ഇരുവരും നന്നായി നോക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അസാധാരണമായ ഈ വിവാഹ വാർത്ത തായ്‌ലൻഡിലെ പ്രാദേശിക മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്.
