40 വർഷമായി ദാമ്പത്യ ജീവിതം നയിക്കുന്ന ചൈനയിലെ ഒരു ദമ്പതിമാർക്കിടയിലെ അസാധാരണ തർക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് വീട്ടിൽ സിസിടിവി സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ ഒരു ടിവി ഷോയിലൂടെ പുറംലോകം അറിയുന്നത്. ഭർത്താവിൻ്റെ അവഗണനയാണ് തൻ്റെ അസാധാരണ പെരുമാറ്റത്തിന് കാരണമെന്ന് ഭാര്യയും പറയുന്നു.
ദമ്പതിമാർ തമ്മിലുള്ള തർക്കം കുടുംബ ബന്ധങ്ങളെതന്നെ ശിഥിലമാക്കുന്നു. ഇതിനിടെയിൽപ്പെട്ട് പോകുന്ന കുട്ടികളാണ് പിന്നീട് ആ അഭിപ്രായ വ്യത്യാസങ്ങളുടെ ദുരിതം പേറി ജീവിക്കേണ്ടിവരുന്നത്. പലപ്പോഴും, പുറത്തുള്ളവർക്ക് വളരെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ നിന്നും ആരംഭിച്ച് പതുക്കെ വളരുന്ന സംശയങ്ങളാണ് ദാമ്പത്യത്തിൽ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ 40 വർഷമായി ഒരു ദമ്പതികൾക്കിടിയിലുണ്ടായിരുന്ന അസാധാരണമായ ഒരു തർക്കം ഇപ്പോൾ അന്തർദേശീയ ശ്രദ്ധ നേടിയിരിക്കുന്നു.
40 വർഷത്തെ ദാമ്പത്യം, പക്ഷേ...
കിഴക്കൻ ചൈനയിലെ ഫുജിയാൻകാരനായ ലിയും ഭാര്യ ചെനിന്‍റെയും ദാമ്പത്യം 40 വർഷം കടന്നിരിക്കുന്നു. വീട്ടുചെലവുകൾ ഇരുവരും ഒരുമിച്ചാണ് വഹിക്കുന്നത്. ദാമ്പത്യം 40 വർഷം പിന്നിട്ടെങ്കിലും അതൊരിക്കലും ഒരു കാലത്തും സന്തോഷപൂർണമായിരുന്നില്ലെന്നും അത്യന്ത്യം പ്രശ്നസങ്കീർണവുമായിരുന്നെന്നുമാണ് ഇപ്പോൾ ഇരുവരും വെളിപ്പെടുത്തുന്നത്. ദമ്പത്യ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ അവർ ഇരുവരും ഒരു പ്രാദേശിക മധ്യസ്ഥ ടിവി ഷോയുടെ സഹായം തേടി. ഈ ഷോയിലൂടെ ഇരുവരും മനസ് തുറന്നപ്പോൾ ഞെട്ടിയത് പ്രേക്ഷകർ!
ഭർത്താവിന്‍റെ നിസഹകരണം, ഭാര്യയുടെ പ്രതികരണം
വിവാഹ ശേഷം ഇരുവരും തങ്ങളുടെ ചെലവുകൾ കൃത്യമായി പകുത്ത് പരസ്പരം പങ്കുവച്ചു. പോകെ പോകെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലി വീട്ടിൽ പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് സിസിടിവി കാമറകൾ സ്ഥാപിച്ചു. ഷോയിൽ ലി പറഞ്ഞത്, ചെൻ വീട്ടിൽ പലതവണ നാശനഷ്ടങ്ങൾ വരുത്തിയെന്നാണ്. വീടിന്‍റെ ചുമരുകളിൽ മുഴുവനും തെറിവാക്കുകളും ശാപ വാക്കുകളും എഴുതിവയ്ക്കുക. വീടിന്‍റെ വാതിൽ കോടാലി കൊണ്ട് വെട്ടിപൊളിക്കുക തുടങ്ങിയ പരിപാടികളിലായിരുന്നു ഓരോ ദിവസവും ചെൻ ചെയ്തുകൊണ്ടിരുന്നതെന്നാണ് ലി ആരോപിക്കുന്നത്. ഇതിനെ തുടർന്ന് ഭാര്യയിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. അങ്ങനെ അവളുടെ പെരുമാറ്റം നിരീക്ഷിക്കാൻ ആയിരക്കണക്കിന് യുവാൻ ചെലവഴിച്ച് വീട്ടിൽ ക്യാമറകൾ സ്ഥാപിച്ചു.
പരിഗണനയില്ല, അവഗണന മാത്രം
എന്നാൽ, വീട്ടിൽ ലി. തനിക്ക് ഒരു പരിഗണനയും തന്നിരുന്നില്ലെന്നും ലിയുടെ ഈ നിസഹകരണ മനോഭാവവും തന്നെ ഒഴിവാക്കുകയാണെന്ന തോന്നലുമാണ് തന്നെ കൊണ്ട് ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിച്ചതെന്നാണ് ചെൻ പറയുന്നത്. ഭർത്താവിന്‍റെ വൈകാരിക അകൽച്ചയും അവഗണനയും തന്നെ മാനസികമായി തളർത്തി. ഇതാണ് അസാധാരണമായ പെരുമാറ്റത്തിലേക്ക് തന്നെ നയിച്ചതെന്നായിരുന്നു ചെനിന്‍റെ പ്രതികരണം. കഴിഞ്ഞ വർഷം ചെനിന് പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടശേഷം ഡോക്ടർ ഭക്ഷണക്രമത്തിൽ കടുത്ത നിയന്ത്രണം നിർദേശിച്ചു. പിന്നാലെ ഇരുവർക്കും ഭക്ഷണം പ്രത്യേകം പാകം ചെയ്യണമെന്ന് ലി നിർദേശിച്ചു. ഇത് ദമ്പതികൾക്കിടയിലെ അകലം കൂട്ടി. ഒടുവിൽ ഷോയ്ക്കിടെ തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള സാഹചര്യമെല്ലാമുണ്ടായിട്ടും ചെൻ ഇപ്പോഴും തനിക്ക് ഒരു അവസരം കൂടി നൽകണമെന്നും ഷോയ്ക്കിടെ പറഞ്ഞു.


