പണ്ടുപണ്ട്... ഒ വി വിജയൻറെ ഭാഷയിൽ പറഞ്ഞാൽ ഓന്തുകൾക്കും ദിനോസറുകൾക്കുമൊക്കെ മുമ്പ്, പ്ലിയോസ്റ്റീൻ കാലഘട്ടത്തിൽ, അതായത് 40,000 വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിൽ ആനയും, കരടിയും കടുവയും ചെന്നായ്ക്കളും ഒക്കെയടങ്ങുന്ന അതിഭീമാകാരന്മാരായ പല ജീവിവർഗ്ഗങ്ങളുമുണ്ടായിരുന്നു എന്നാണ് ശാസ്ത്രഗവേഷകർ പറയുന്നത്. അവരുടെ പഠനങ്ങളെ ശരിവെക്കുന്ന പല ഫോസിലുകളും കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ജീവികളുടെ ഭൗതികമായ ആകാരവും ഭാവവുമെല്ലാം വെളിപ്പെടുത്തുന്ന രീതിയിൽ ഒരു പുരാണികാവശിഷ്ടം കണ്ടുകിട്ടുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 

അത്തരത്തിലൊന്നാണ് റഷ്യയിലെ യാക്കൂട്ടിയയിൽ നിന്ന് കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. മഞ്ഞിൽ ഉറഞ്ഞു കിടക്കുന്ന രീതിയിൽ വെളിപ്പെട്ടിരിക്കുന്നത് ഭീമാകാരനായ ഒരു ചെന്നായ ആണ് അത്. നാല്പതിനായിരം വർഷം കഴിഞ്ഞിട്ടും അതിന്റെ ഗർജ്ജനം അതേപടി തന്നെയുണ്ട്.

പാവൽ എഫിമോവ് എന്ന ഒരു തദ്ദേശീയനാണ് ഈ അവശിഷ്ടം യാക്കൂട്ടിയയ്ക്ക് വടക്കു കിടക്കുന്ന അബിസ്‌കി ജില്ലയിലെ മഞ്ഞിനുള്ളിൽ നിന്ന് കണ്ടെടുക്കുന്നത്.  വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു ഈ  ചെന്നായുടെ ശിരസ്സ്.  ചെന്നായയുടെ നീളമുള്ള രോമങ്ങളും, ദംഷ്ട്രകളും ഒക്കെ യാതൊരു കേടും കൂടാതെ അതേപടി മഞ്ഞിൽ കാത്തുസൂക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. മരിച്ചു പോകുമ്പോൾ ഏറിയാൽ രണ്ടോ മൂന്നോ വയസ്സ് പ്രായമുണ്ടായിരുന്നിരിക്കണം ചെന്നായയ്ക്ക്.

ജാപ്പനീസ് ഗവേഷകർ പറയുന്നത് ഈ ചെന്നായയുടെ അവശിഷ്ടം ചുരുങ്ങിയത് 40,000 കൊല്ലമെങ്കിലും പഴക്കമുള്ളതാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്ലിയോസ്റ്റീൻ  ചെന്നായയുടെ ജൈവാവശിഷ്ടവും ജൈവകോശങ്ങൾ നാശമാകാതെ കണ്ടുകിട്ടുന്നത്. ഇവയെ ഇന്നത്തെ ചെന്നായ്ക്കളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ബൃഹത്തായ ഒരു ഗവേഷണത്തിനുള്ള സാധ്യതകളാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.

 

ഈ പ്ലിയോസ്റ്റീൻ  ചെന്നായയുടെ തലയ്ക്കുമാത്രം ഏകദേശം നാൽപതു സെന്റീമീറ്ററോളം വലിപ്പം വരും. ഇന്ന് ഭൂമിയിൽ കണ്ടുവരുന്ന ചെന്നായ്ക്കളുടെ നീളം പരമാവധി 66  സെന്റീമീറ്റർ മുതൽ 80  സെന്റീമീറ്റർ വരെ മാത്രമാണ് എന്നോർക്കുക. എത്രമാത്രം ഭീമാകാരനായിരുന്നിരിക്കും ഈ ചെന്നായ അപ്പോൾ. ചെന്നായയുടെ തലയ്ക്കു പുറമെ ഗുഹാവാസിയായ ഒരു സിംഹത്തിന്റെ കുട്ടിയുടെ ശാരീരികാവശിഷ്ടം കൂടി ഇതേ പ്രദേശത്തു നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വിശദമായ പഠനങ്ങളാണ് ഇവയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ നടത്താൻ പോകുന്നത്