യുവാവിന്റെ ട്വീറ്റ് അധികം വൈകാതെ തന്നെ വൈറലായി. നിരവധിപ്പേർ ഡെലിവറിക്കെത്തിയ ആളുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് അന്വേഷിച്ചു.

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർ ഇന്ന് വളരെ അധികമാണ്. ഭക്ഷണം ഡെലിവർ ചെയ്യുന്ന ആപ്പുകൾ കൂടുതൽ പ്രചാരമാർജ്ജിച്ചതോടെ ആളുകൾക്ക് ഭക്ഷണം ലഭിക്കുന്നത് വളരെ എളുപ്പമായി. അതിന് വേണ്ടി പ്രത്യേകിച്ച് ഹോട്ടലുകളിലേക്ക് പോവുകയോ മറ്റോ വേണ്ട എന്നത് പലരേയും വളരെ അധികം സമാധാനപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ, വിലയുടെ കാര്യത്തിൽ ചിലപ്പോൾ ഓൺലൈനിൽ ഹോട്ടുകളിലേതിനേക്കാളും ഉയർന്ന തുക നൽകേണ്ടി വരും. എന്നാൽ, മറ്റ് ചിലപ്പോൾ നേരെ മറിച്ച് ഓഫറുകളും മറ്റും കഴിച്ച് വില കുറച്ച് നൽകിയാലും മതിയാവും. അത് മുതലെടുത്തിരിക്കയാണ് ഒരു യുവാവ്. സന്ദീപ് മാൾ എന്ന യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

യുവാവ് കോഫിഷോപ്പിലെത്തി സ്റ്റാർബക്ക്സ് കൗണ്ടറിൽ ചെന്ന് ഒരു കോഫിക്ക് ഓർഡർ നൽകാൻ ഒരുങ്ങിയതായിരുന്നു. എന്നാൽ, വില കേട്ടപ്പോൾ അയാൾ തന്റെ തീരുമാനം മാറ്റി. പിന്നീട്, അവിടെ ചെന്ന് ഒരു സീറ്റിലിരുന്ന് സൊമാറ്റോയിൽ സ്റ്റാർബക്ക്സ് കോഫി ഓർഡർ ചെയ്തു. അതിലൂടെ നല്ലൊരു തുകയാണ് യുവാവ് ലാഭിച്ചത്. സാധാരണയായി സ്റ്റാർബക്ക്സിന്റെ കോഫിക്ക് 300- 400 രൂപയൊക്കെയാണല്ലോ വില. എന്നാൽ, സൊമാറ്റോയിൽ ഓർഡർ ചെയ്യുമ്പോൾ ഓഫർ തുകയൊക്കെ കഴിച്ച് ചിലപ്പോൾ ചെറിയ തുകയ്ക്ക് കോഫി കിട്ടാനും മതി. 

ഏതായാലും സംഭവത്തെ കുറിച്ച് യുവാവിന്റെ പോസ്റ്റ് ഇങ്ങനെയാണ്: സ്റ്റാർബക്ക്സിൽ ഇരിക്കുകയായിരുന്നു. ഒരു കോഫിക്ക് 400 രൂപ. സൊമാറ്റോയുടെ ഡീൽ പരിശോധിച്ചപ്പോൾ അതേ കോഫി 190 രൂപയ്ക്ക്. സ്റ്റാർബക്ക്സിന്റെ അഡ്രസ് നൽകി കോഫി സൊമാറ്റോയിൽ ഓർഡർ ചെയ്തു. സൊമാറ്റോയിലെ ഡെലിവറിമാൻ കോഫി എടുത്ത് സ്റ്റാർബക്ക്സിൽ‌ ഞാനിരിക്കുന്നിടത്ത് കൊണ്ട് തന്നു. 

Scroll to load tweet…

ഏതായാലും യുവാവിന്റെ ട്വീറ്റ് അധികം വൈകാതെ തന്നെ വൈറലായി. നിരവധിപ്പേർ ഡെലിവറിക്കെത്തിയ ആളുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് അന്വേഷിച്ചു. എന്നാൽ, ഇങ്ങനെ സംഭവിക്കാറുണ്ട് എന്നും അതിനാൽ തന്നെ ഡെലിവറി ബോയ്‍ക്ക് പ്രത്യേകിച്ച് ഭാവവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല എന്നുമായിരുന്നു യുവാവിന്റെ മറുപടി.