റഷ്യൻ സൈന്യം വീടുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ വിവേചനരഹിതമായ ഷെല്ലാക്രമണം തുടരുന്നതോടെ, യുക്രൈനിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നു. 

നിരന്തരം വർഷിക്കപ്പെടുന്ന ബോംബുകളുടെയും, മിസൈലുകളുടെയും ഇടയിൽ യുക്രേനിയ(Ukraine)ക്കാർ തങ്ങളുടെ മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. സമീപകാല യൂറോപ്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പലായനത്തിനാണ് യുക്രൈൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞയാഴ്ച റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം 1.2 ദശലക്ഷത്തിലധികം യുക്രേനിയക്കാർ അയൽരാജ്യങ്ങളിൽ അഭയം തേടിയതായി യുഎൻ അഭയാർത്ഥികളുടെ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് സ്ത്രീകളും, കുട്ടികളും പലായനം ചെയ്യുമ്പോൾ, പുരുഷന്മാർ രാജ്യത്ത് തുടരാൻ നിർബന്ധിതരാകുന്നു. യുക്രൈൻ സർക്കാർ പട്ടാള നിയമം നടപ്പിലാക്കുകയും, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ 18 നും 60 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ രാജ്യത്ത് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തുടനീളമുള്ള ട്രെയിൻ, ബസ് സ്റ്റേഷനുകളിൽ കുട്ടികൾ അച്ഛന്മാരോട് വിടപറയുന്ന, ഭാര്യമാർ ഭർത്താക്കന്മാരോട് യാത്ര പറയുന്ന ഹൃദയഭേദകമായ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. അത്തരമൊരു ചിത്രത്തിൽ, വികാരാധീനനായ ഒരു പിതാവ് ട്രെയിനിനകത്ത് ഇരിക്കുന്ന തന്റെ അഞ്ച് വയസ്സുള്ള മകളെ കൈവീശി കാണിക്കുന്നതും, ജാലകത്തിന് നേരെ കൈകൾ അമർത്തി അവളെ ഒരു നോക്ക് കൂടി കാണാൻ ആഗ്രഹിച്ച് നിൽക്കുന്നതും കാണാം. എപ്പോൾ വേണമെങ്കിലും മരണം കീഴടക്കാമെന്ന ഭീതി ആ അച്ഛനെ വേട്ടയാടുന്നുണ്ടാകാം. അതുകൊണ്ട് തന്നെ തന്റെ മകളുടെ മുഖം ഇനി ഒരിക്കലും കാണാൻ സാധിച്ചില്ലെങ്കിലോ എന്ന വേവലാതിയോടെയായിരിക്കാം അദ്ദേഹം നില്കുന്നത്. കിവിലാണ് 41 -കാരനായ അലക്സാണ്ടർ ഉള്ളത്. ജാലകത്തിനപ്പുറത്ത് നിന്ന് മകൾ അന്ന അദ്ദേഹത്തെ വിഷമത്തോടെ നോക്കി നിൽക്കുന്നതും ചിത്രത്തിൽ കാണാം.

ലിവിവിൽ നിന്ന് പോളണ്ടിലേക്കുള്ള വാഹനത്തിലും ആയിരക്കണക്കിന് അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ കാഴ്ചകൾ കാണാം. തണുത്തുറയുന്ന തണുപ്പിലും പിഞ്ചുകുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് അമ്മമാർ യാത്ര പുറപ്പെടുന്നു. വീൽചെയറിലിരിക്കുന്ന 90 വയസ്സുള്ള യുക്രേനിയൻ അഭയാർത്ഥിയെ, റൊമാനിയൻ എമർജൻസി സിറ്റുവേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങൾ രാജ്യം വിട്ടശേഷം ആശ്വസിപ്പിക്കുന്നതും കാണാം. ചിലർ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും കൊണ്ടാണ് യാത്ര പുറപ്പെട്ടത്. അയൽരാജ്യമായ പോളണ്ടിൽ, സന്നദ്ധ സംഘടനകൾ അഭയാർത്ഥികൾക്ക് അവശ്യമായ ചൂട് ഭക്ഷണവും പാനീയങ്ങളും കൈമാറി. 

റഷ്യൻ സൈന്യം വീടുകൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ വിവേചനരഹിതമായ ഷെല്ലാക്രമണം തുടരുന്നതോടെ, യുക്രൈനിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നു. 75 വർഷത്തിലേറെയായി ലോകത്തിന് കാണേണ്ടി വന്നിട്ടില്ലാത്ത ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെയാണ് ഇനി ഭാവിയിൽ രാജ്യം കാണാൻ പോകുന്നതെന്ന് അന്താരാഷ്ട്ര സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. തണുത്തുറഞ്ഞ മനസ്സും, ശരീരവുമായി യുക്രൈൻ ജനത നാട് വിട്ടു യാത്രയാകുമ്പോൾ, അക്കൂട്ടത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളും, ആലംബമില്ലാത്ത വൃദ്ധരും, പ്രതീക്ഷയറ്റ യുവാക്കളും നിരവധിയാണ്.