ഇരുപതുകളിലെ മോശം ജീവിതശീലങ്ങൾ മുപ്പതുകളിൽ ആരോഗ്യപ്രശ്നങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു 32-കാരന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പല ശീലങ്ങളും തനിക്ക് നടുവേദനയും കഴുത്തുവേദനയുമായി തിരിച്ചടിച്ചെന്ന് യുവാവ്.
നമ്മൾ എത്ര കഠിനാധ്വാനം ചെയ്യാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഒക്കെ ശ്രമിക്കുന്ന പ്രായമാണ് നമ്മുടെ ഇരുപതുകൾ. എന്നാൽ, ഇരുപതുകളിലെ ഈ ജീവിതം 30- കളിൽ നമുക്ക് പണി തരുമോ? അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ആ കാലത്തെ മോശം ശീലങ്ങൾ പലിശ സഹിതം മുപ്പതുകളിൽ തിരിച്ചുകിട്ടുമെന്ന മുന്നറിയിപ്പാണ് ഈ 32-കാരന്റെ പോസ്റ്റിലുള്ളത്. 'എന്റെ ശരീരം ഇപ്പോൾ ഇരുപതുകളിലെ ബില്ലുകൾ അടച്ചുതുടങ്ങുകയാണ്, ഇതേ കുറിച്ച് ആരുമെനിക്ക് മുന്നറിയിപ്പ് തന്നിരുന്നില്ല' എന്ന തലക്കെട്ടോടെ റെഡിറ്റിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഇരുപതുകളിൽ താൻ ചെയ്ത അബദ്ധങ്ങൾ കുറിപ്പിൽ അക്കമിട്ട് നിരത്തുകയാണ് യുവാവ്. അതിലൊന്ന് ഉറക്കമില്ലായ്മയാണ്. വെറും 5 മണിക്കൂർ മാത്രം ഉറങ്ങി ജോലി ചെയ്തിരുന്ന കാലമാണ് അത് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. ലാപ്ടോപ്പും വെച്ച് കട്ടിലിൽ കിടന്നുകൊണ്ടുവരെയാണ് അന്ന് ജോലി ചെയ്തിരുന്നത് എന്നാണ് യുവാവ് പറയുന്നത്. ഡെഡ്‌ലൈനുകൾ വരുമ്പോൾ ഭക്ഷണം ഒഴിവാക്കുകയും 'മാഗി' പോലുള്ള ലഘുഭക്ഷണങ്ങൾ ശീലമാക്കുകയും ചെയ്യുന്നതിനെ കുറിച്ചും യുവാവ് പറയുന്നു. അതുപോലെ, വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിൽ ട്രെയിനറുടെ സഹായമില്ലാതെ മോശം രീതിയിലുള്ള വർക്കൗട്ടുകളാണ് ചെയ്തിരുന്നത്.
ശരീരത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നതാണ് അടുത്തതായി പറ്റിയ അബദ്ധം. ചെറിയ നടുവേദനയോ കഴുത്തുവേദനയോ വരുമ്പോൾ അത് തനിയെ മാറിക്കോളും എന്ന് കരുതി അവഗണിച്ചു. മുപ്പതുകളിൽ എത്തിയപ്പോൾ ഈ ശീലങ്ങളെല്ലാം വലിയ ആരോഗ്യപ്രശ്നങ്ങളായി മാറിയെന്ന് അദ്ദേഹം പറയുന്നു. 'രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നടുവേദന എത്തും, നമ്മൾ ഒപ്പിടാത്ത ഏതെങ്കിലും സബ്സ്ക്രിപ്ഷൻ പ്ലാൻ പോലെയാണത്. കഴുത്ത് ഒന്ന് വേഗത്തിൽ തിരിക്കുമ്പോൾ തന്നെ ശബ്ദം കേൾക്കുന്നു. പടിക്കെട്ടുകൾ കയറുമ്പോൾ മുട്ടുകൾ പരാതി പറയുന്നു' യുവാവ് കുറിച്ചു. വലിയ പരിക്കുകളോ അപകടങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും, വർഷങ്ങളോളം ശരീരം ശ്രദ്ധിക്കാതെ ഇരുന്നതിന്റെ അനന്തരഫലമാണ് ഇതെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങളുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 'ഇത് പൂർണ്ണമായും മാറ്റിയെടുക്കാം. ഭക്ഷണത്തിലും കൃത്യമായ ഡയറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുക', '27-ാം വയസ്സിൽ ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങിയ ഞാൻ 33-ൽ എത്തിയപ്പോൾ ജീവിതത്തിലെ ഏറ്റവും മികച്ച ഫിറ്റ്നസിലാണ്', 'ആറുമാസം കൃത്യമായ വ്യായാമവും പോഷകാഹാരവും നൽകിയാൽ ശരീരത്തെ സാധാരണ നിലയിലേക്ക് എത്തിക്കാം' തുടങ്ങിയ കമന്റുകളാണ് പലരും നൽകിയത്.
