19 -നും 39 -നും ഇടയിൽ പ്രായമുള്ള ദക്ഷിണ കൊറിയക്കാരിൽ ഏകദേശം 3.1 ശതമാനം ഇത്തരത്തിൽ ഏകാന്തയിൽ കഴിയുന്നവരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

ഒറ്റപ്പെട്ടുപോയ യുവതീയുവാക്കളെ കൂടെ നിർത്താൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയിൽ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

പ്രതിമാസം 650,000 കൊറിയൻ വോൺ അതായത് ഏകദേശം 500 ഡോളർ വീതം ഇത്തരത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കൾക്ക് നൽകാനാണ് ജെൻഡർ ഈക്വാലിറ്റി ആൻഡ് ഫാമിലി വെൽഫെയർ മിനിസ്ട്രിയുടെ തീരുമാനം. 41,000 ഇന്ത്യൻ രൂപ വരുമിത്. സാമൂഹത്തിൽ നിന്ന് മാറിജീവിക്കുന്ന യുവതീയുവാക്കളുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ശരാശരി ദേശീയ വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനമുള്ള വീടുകളിൽ താമസിക്കുന്ന 9 മുതൽ 24 വരെ പ്രായമുള്ള ചെറുപ്പക്കാർക്ക് ഇത് ലഭ്യമാകും.

19 -നും 39 -നും ഇടയിൽ പ്രായമുള്ള ദക്ഷിണ കൊറിയക്കാരിൽ ഏകദേശം 3.1 ശതമാനം ഇത്തരത്തിൽ ഏകാന്തയിൽ കഴിയുന്നവരാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കൗമാരകാലഘട്ടത്തിലാണ് കൂടുതൽ ആളുകളിലും ഈ ഒറ്റപ്പെടൽ കണ്ടുവരുന്നതെന്നും ഇത് അവരുടെ ശാരീരിക വളർച്ച മന്ദഗതിയിലാക്കുമെന്നും വിഷാദം ഉൾപ്പടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും എന്നാണ് വിദഗ്ദർ പറയുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഈ ക്ഷേമ തുക ലഭിക്കുന്നതിനായി ഒറ്റപ്പെട്ട് കഴിയുന്ന കൗമാരക്കാരുടെ രക്ഷിതാക്കൾ, കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകർ എന്നിവർക്ക് പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് വെൽഫെയർ സെന്ററിൽ അപേക്ഷിക്കാവുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് കടുത്ത നിരശയിലും സമ്മർദ്ദങ്ങളിലും കഴിയുന്ന യുവതീയുവാക്കൾ ഏറ്റവും കൂടുതൽ ഉള്ളത് ദക്ഷിണ കൊറിയയിലാണ്. ഈ വിഭാഗക്കാർക്കിടയിലെ ആത്മഹത്യാ പ്രവണതയിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം തടയിട്ട് യുവതീ യുവാക്കളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പരിഹാരമാർഗങ്ങൾ ചെയ്യുന്നതിനാണ് ഭരണകൂടം ഇപ്പോൾ ഇത്തരത്തിൽ ഒരു അലവൻസ് അനുവദിച്ചിരിക്കുന്നത്.