Asianet News MalayalamAsianet News Malayalam

45 നിലകളുള്ള അംബരചുംബി, 3,000 ആളുകൾ താമസിച്ചിരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേരി !

ഈ പടുകൂറ്റന്‍ കെട്ടിടത്തില്‍ 3,000 -ത്തോളം സാധാരണക്കാരായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നത്. ദന്തഗോപുരത്തില്‍ നിന്ന് ചേരിയിലേക്കുള്ളതായിരുന്നു ഡേവിഡ് ടവറിന്‍റെ വീഴ്ച. അതിസമ്പന്നര്‍ക്ക് മുന്നില്‍ മാത്രം തുറന്നിരുന്ന യന്ത്രവാതിലുകള്‍ അതിസാധാരണക്കാര്‍ക്ക് മുന്നില്‍ പോലും അടയ്ക്കാതെയായി, 

45 story Tower of David is the tallest slum in the world housing 3000 people BKG
Author
First Published Sep 20, 2023, 6:55 PM IST


വെനസ്വേലയിലെ അംബരചുംബിയായ ഡേവിഡ് ടവറില്‍ അഞ്ച് നിലകളുള്ള ഒരു ഹോട്ടലും നിരവധി ആഡംബര അപ്പാർട്ട്മെന്‍റുകള്‍ നിറഞ്ഞ ബ്ലോക്കുകളുമുണ്ടായിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു. എന്നാല്‍, 45 നിലകളുള്ള ഡേവിഡ് ടവർ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചേരിയാണെന്ന് ദ സണ്‍ ഡോട്ട് കോ ഡോട്ട് യുകെ എന്ന വൈബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പടുകൂറ്റന്‍ കെട്ടിടത്തില്‍ 3,000 -ത്തോളം സാധാരണക്കാരായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നത്. ദന്തഗോപുരത്തില്‍ നിന്ന് ചേരിയിലേക്കുള്ളതായിരുന്നു ഡേവിഡ് ടവറിന്‍റെ വീഴ്ച. അതിസമ്പന്നര്‍ക്ക് മുന്നില്‍ മാത്രം തുറന്നിരുന്ന യന്ത്രവാതിലുകള്‍ അതിസാധാരണക്കാര്‍ക്ക് മുന്നില്‍ പോലും അടയ്ക്കാതെയായി, എപ്പോഴും തുറന്ന് കിടക്കുന്ന അവസ്ഥ. 

ഡേവിഡ് ടവറിന്‍റെ കഥ 

1990-കളിലാണ് ആ അംബരചുംബിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. തുടക്കത്തിൽ നഗരത്തിന്‍റെ സാമ്പത്തിക കേന്ദ്രമായിട്ടായിരുന്നു ഡേവിഡ് ടവറിന്‍റെ നിര്‍മ്മാണം. എന്നാല്‍, 1993-ൽ കെട്ടിടത്തിന്‍റെ പ്രാഥമിക നിക്ഷേപകൻ മരിച്ചു. പിന്നാലെ  കെട്ടിടത്തിന്‍റെ നിയന്ത്രണം വെനിസ്വേലന്‍  സർക്കാർ ഏറ്റെടുത്തു. ഭരണകൂടം കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തതിന് പിന്നാലെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങി, പതുക്കെ താളം തെറ്റി. ഒടുവില്‍ നിര്‍മ്മാണം തന്നെ നിലച്ചു. നിർമാണം പൂർത്തിയാക്കാത്തതിനാൽ കെട്ടിട സമുച്ചയത്തിലെ ആറ് ബ്ലോക്കുകളില്‍ അടിസ്ഥാന പൗര സൗകര്യങ്ങളില്ലാതെ അവശേഷിച്ചു. വെള്ളം, വൈദ്യുതി, ലിഫ്റ്റുകൾ, ബാൽക്കണി റെയിലിംഗുകൾ, ജനലുകൾ, ചുമരുകള്‍ എന്നിവയൊന്നും ഈ ആറ് ബ്ലോക്കുകളിലും ഉണ്ടായിരുന്നില്ല. പകരം ഒരു കൂട്ടന്‍ കെട്ടിടത്തിന്‍റെ അസ്ഥികൂടം മാത്രമായി അത് നിന്നു. 

മകന്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അവന്‍റെ ഹൃദയമിടിപ്പ് കേട്ട് അച്ഛനും അമ്മയും !

1998-ൽ, അന്നത്തെ വെനസ്വേലന്‍ പ്രസിഡൻറായിരുന്ന ഹ്യൂഗോ ഷാവേസ്, പാവപ്പെട്ട സാമ്പത്തികമായി താഴ്ന്ന വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ ഒഴിഞ്ഞ കെട്ടിടം ഏറ്റെടുക്കാനും തങ്ങളുടേതാണെന്ന് അവകാശപ്പെടാനും പ്രോത്സാഹിപ്പിച്ചു. പ്രസിഡന്‍റിന്‍റെ ആഹ്വാനം കേട്ട വീടില്ലാത്ത സാധാരണക്കാര്‍ ആ അംബരചുംബിയിലേക്ക് കയറി. 2007 ആയപ്പോഴേക്കും വെനസ്വേലയിലെ ഈ മൂന്നാമത്തെ വലിയ അംബരചുംബിയിലേക്ക് വൻതോതിൽ സാധാരണക്കാര്‍ കുടിയേറിയിരുന്നു. കയറിവന്നവര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി ചുമരുകളില്‍ ഷാവേസിന്‍റെ പടുകൂറ്റന്‍ ചിത്രങ്ങള്‍ വരച്ചു. 

'കാമുകനെ ഞാന്‍ നൂറ് മടങ്ങ് സുന്ദരനാക്കി'; ഇത് 'കാമുകിയുടെ പ്രഭാവം' തന്നെയെന്ന് നെറ്റിസണ്‍സ്

താമസക്കാര്‍ സ്വന്തം നിലയ്ക്ക് എല്ലാ നിലകളിലെയും 50 കുടുംബങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്തു. പിന്നാലെ മേൽക്കൂരയിലെ ഹെലിപാഡ് ഏറ്റെടുത്തു. 22-ാം നിലയിലേക്ക് വരെ വെള്ളം എത്തിച്ചു. പതുക്കെ കെട്ടിടത്തിനുള്ളില്‍ കടകൾ, ഗാർഡുകൾ, ഇലക്ട്രിക് ഗേറ്റുകൾ എന്നിവ നിര്‍മ്മിച്ച് കൊണ്ട് താമസക്കാർ അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തം നിലയ്ക്ക് വികസിപ്പിച്ചു. എന്നാല്‍ കാര്യങ്ങള്‍ പതുക്കെ കീഴ്മേല്‍ മറിയുകയായിരുന്നു. എൽ നിനോ എന്ന ഗുണ്ടാ തലവന്‍റെ വരവോടെയായിരുന്നു അത്. കെട്ടിടത്തിലെ സാധാരണക്കാരായ 3,000 പേരെയും ഭരിച്ചിരുന്നത് ഇയാളായിരുന്നു. കെട്ടിടം സന്ദര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരോടും മറ്റ് സന്ദര്‍ശകരോടും ഓരോ നിലയിലും പണം ആവശ്യപ്പെടുന്നതിനായി ഇയാള്‍ കുട്ടികളെ നിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

എൽ നിനോ കെട്ടിടത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്ന ആദ്യ കാലങ്ങളില്‍ തന്‍റെ എതിരാളികളെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊല്ലാന്‍ പോലും മടിച്ചിരുന്നില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമങ്ങള്‍ കൂടുന്നതായി നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ 2014-ൽ, ഇവിടെ താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. താമസക്കാരെ 32 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളിലേക്കാണ് മാറ്റിയത്.  ഡേവിഡ് ടവറില്‍ നിന്നും കുട്ടികള്‍ വീണ് മരിക്കുന്നുവെന്നും കെട്ടിടം വൃത്തിഹീനവും സുരക്ഷിതമല്ലാത്തത് കൊണ്ടുമാണ് ഈ കുടിയൊഴിപ്പിക്കല്‍ എന്നാണ് കാരക്കാസ് (വെനസ്വേലയുടെ തലസ്ഥാനം) മന്ത്രി ഏണസ്റ്റോ വില്ലെഗാസ് അറിയിച്ചത്. നിലവില്‍ ആദ്യ നിലകളിലെ ഏതാനും ഓഫീസുകൾ ഒഴികെ ടവർ ഇപ്പോൾ ശൂന്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios