Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് കൈവശം വച്ചു, സ്ത്രീക്ക് വധശിക്ഷ, ഒമ്പത് മക്കളുടെ അമ്മ, ഈ ശിക്ഷ ക്രൂരമെന്ന് മനുഷ്യാവകാശപ്രവർത്തകർ

ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, 2019 ഫെബ്രുവരി വരെ 1,281 പേർ മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. അതിൽ 73 ശതമാനം പേരും മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. ഈ കണക്ക് സ്ത്രീകളുടെ കേസുകളിൽ 95 ശതമാനമാണ്. 

55 year old woman sentenced to death for meth possession
Author
Malaysia, First Published Oct 20, 2021, 10:17 AM IST
  • Facebook
  • Twitter
  • Whatsapp

മയക്കുമരുന്ന്(Hairun Jalmani) കൈവശം വെച്ചതിന് കഴിഞ്ഞയാഴ്ച മലേഷ്യ(Malaysia)യിൽ 55 -കാരിയായ ഒരു സ്ത്രീക്ക് വധശിക്ഷ വിധിച്ചു. ഒരു മത്സ്യക്കച്ചവടക്കാരിയായ ഹൈറൂൺ ജൽമാനിക്ക് ഒൻപത് മക്കളാണ്. ഭർത്താവ് ഇല്ലാത്ത അവൾ തനിച്ചാണ് മക്കളെ വളർത്തിയിരുന്നത്. ഒക്ടോബർ 15 -നാണ് മലേഷ്യയിലെ സബാഹിലെ താവൗ ഹൈക്കോടതി ജൽമാനിക്ക് ശിക്ഷ വിധിച്ചത്. വധശിക്ഷ(death penalty) കേട്ട ശേഷം പൊട്ടിക്കരയുന്ന അവളുടെ വീഡിയോ രാജ്യത്തെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇപ്പോൾ വൈറലാണ്.

ഇതിനെ തുടർന്ന് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും, വധശിക്ഷയെക്കുറിച്ചും രാജ്യത്ത് ചർച്ചകൾ ചൂടുപിടിക്കുകയാണ്. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കോടതിയിൽ നിന്ന് പുറത്തിറങ്ങുന്ന ജൽമാനിയെ കാണാം. നിയന്ത്രണാതീതമായി കരഞ്ഞുകൊണ്ട് അവൾ കോടതിമുറിക്ക് പുറത്ത് സഹായത്തിനായി അപേക്ഷിക്കുന്നു. 2018 ജനുവരിയിൽ 113.9 ഗ്രാം മെത്ത് കൈവശം വച്ചതിനാണ് അവൾ പിടിക്കപ്പെട്ടത്.      

മലേഷ്യൻ നിയമമനുസരിച്ച്, 50 ഗ്രാമിൽ കൂടുതൽ മെത്ത് കൈവശം വച്ചിരിക്കുന്നവർക്ക് നിർബന്ധമായും വധശിക്ഷ ലഭിക്കും. ചൈന, ഇറാൻ, സൗദി അറേബ്യ, വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങി ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത്. കഠിനമായ ഇത്തരം ശിക്ഷകൾ രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട, പ്രത്യേകിച്ച് ദുർബലരായ സ്ത്രീകൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് വിമർശകർ പറയുന്നു. മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മിക്ക സ്ത്രീകളും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരാണ്. എന്നാൽ, ഇതിന് അവരെ പ്രേരിപ്പിക്കുന്ന സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കെതിരെ നിയമസംവിധാനം കണ്ണടക്കുന്നുവെന്നും വിമർശനമുണ്ട്.  

ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, 2019 ഫെബ്രുവരി വരെ 1,281 പേർ മലേഷ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. അതിൽ 73 ശതമാനം പേരും മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. ഈ കണക്ക് സ്ത്രീകളുടെ കേസുകളിൽ 95 ശതമാനമാണ്. അക്രമത്തിനും പീഡനത്തിനും ചൂഷണത്തിനും വിധേയരായ സ്ത്രീകൾ പലപ്പോഴും മറ്റ് ഗതിയില്ലാതെയാണ് ഇത്തരം തെറ്റുകൾ ചെയ്യുന്നത്. എന്നാൽ, അവർക്ക് വധശിക്ഷ വിധിക്കുമ്പോൾ ഈ ഘടകങ്ങൾ ഒന്നും കണക്കിലെടുക്കാറില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മലേഷ്യ പറഞ്ഞു. ഇത് സ്ത്രീകളോടും, പാവങ്ങളോടുമുള്ള  വിവേചനമാണെന്നും, അതിന് ഉദാഹരണമാണ് ജൽമനിയുടെ കേസെന്നും അവർ കൂട്ടിച്ചേർത്തു.  

മൽസ്യത്തൊഴിലാളികളായ സ്ത്രീകളിൽ പലരും മോശം അവസ്ഥയിലാണ് ജീവിക്കുന്നത്. ജീർണ്ണിച്ച വീടുകളിൽ കഴിയുന്ന അവർ പലപ്പോഴും  കുടുംബത്തെ പോറ്റാനാണ് മയക്കുമരുന്ന് കച്ചവടം പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. സ്വന്തം ജീവൻ പണയം വച്ചും അവർ കുടുംബത്തെ സംരക്ഷിക്കാൻ നിർബന്ധിതരാകുന്നു. ഒൻപത് കുട്ടികളുടെ അമ്മയും, നിർദ്ധനയുമായ ജൽമനിയ്ക്ക് വധശിക്ഷ ലഭിച്ചത് അനീതിയാണെന്ന് നിരവധി പ്രവർത്തകർ ചൂണ്ടിക്കാട്ടി. "എന്തുകൊണ്ടാണ് ജീവിക്കാനുള്ള അവകാശം സർക്കാർ എളുപ്പത്തിൽ നിഷേധിക്കുന്നത്?" ആംനസ്റ്റി മലേഷ്യ ചോദിച്ചു. അമ്മയെ ശിക്ഷിച്ചാൽ ആ കുട്ടികളുടെ ഗതിയെന്താകുമെന്നും, അവരെ അതിന് പ്രേരിപ്പിച്ച സാമൂഹിക സാഹചര്യങ്ങളാണ് ആദ്യം മാറ്റേണ്ടതെന്നും വിമർശിച്ചു. എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നൽകുന്നത് അസാധുവാക്കണമെന്നും ആംനസ്റ്റി മലേഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Follow Us:
Download App:
  • android
  • ios