ഗ്രീസിൽ 58 വയസ്സുകാരി തുമ്മിയപ്പോൾ മൂക്കിൽ നിന്നും പുറത്തുവന്നത് ജീവനുള്ള വിര. ആടുകളിൽ കാണുന്ന 'ഷീപ്പ് ബോട്ട് ഫ്ലൈ' എന്ന ഈച്ചയുടെ ലാർവകളാണിതെന്ന് പിന്നീട് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കൂടുതൽ ലാർവകളെ നീക്കം ചെയ്തു.

ഗ്രീസിൽ 58 വയസ്സുകാരി തുമ്മിയപ്പോൾ മൂക്കിൽ നിന്നും തെറിച്ചത് ഒരിഞ്ചോളം നീളമുള്ള വിരകൾ. കഴിഞ്ഞ സെപ്റ്റംബറിൽ ആടുകൾ മേയുന്ന ഒരു പാടത്തിന് സമീപത്ത് ജോലി ചെയ്യുകയായിരുന്നു ഇവർ. അന്ന് ധാരാളം ഈച്ചകൾ തന്റെ മുഖത്തിന് ചുറ്റും പറക്കുന്നത് അവർ ശ്രദ്ധിച്ചു. എന്നാൽ, അവരതത്ര കാര്യമായി എടുത്തില്ല. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അവർക്ക് കഠിനമായ സൈനസ് വേദനയും ചുമയും അനുഭവപ്പെട്ടു തുടങ്ങി. മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ അവർ ഇതും അവഗണിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, ഒക്ടോബർ 15 -ന് ഇവർ ശക്തമായി തുമ്മിയപ്പോൾ മൂക്കിൽ നിന്നും ഒരു വിര പുറത്തേക്ക് വന്നു. പരിഭ്രാന്തിയിലായ അവർ ഉടനെ തന്നെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സമീപിച്ചു. ശസ്ത്രക്രിയയിലൂടെ അവരുടെ മൂക്കിനുള്ളിൽ നിന്നും 10 ലാർവകളെയും ഒരു പ്യൂപ്പയെയും ഡോക്ടർമാർ പുറത്തെടുത്തു. പരിശോധനയിൽ ഇവ 'ഓസ്ട്രസ് ഓവിസ്' അഥവാ 'ഷീപ്പ് ബോട്ട് ഫ്ലൈ' എന്ന ഈച്ചകളുടെ ലാർവകളാണെന്ന് കണ്ടെത്തി. സാധാരണയായി ആടുകളുടെയും മൂക്കിലാണ് ഇവ വളരുക, മനുഷ്യരിൽ ഇവ വളരുന്നത് വളരെ അപൂർവ്വമാണ്.

മനുഷ്യരിൽ ഈ ലാർവകൾ പ്രവേശിച്ചാലും അവയ്ക്ക് വളരാനുള്ള സാഹചര്യം ലഭിക്കാറില്ല. എന്നാൽ ഈ സ്ത്രീയുടെ മൂക്കിന്റെ ഉൾഭാ​ഗത്തെ എല്ലിന്റെ വളവ് ലാർവകൾക്ക് വളരാൻ ഇടം ഒരുക്കി. സാധാരണ ഗതിയിൽ മനുഷ്യ ശരീരത്തിനുള്ളിൽ ഈ ലാർവകൾ ചത്തുപോകാറാണ് പതിവ്. എന്നാൽ അനുകൂലമായ സാഹചര്യം ലഭിച്ചതിനാൽ ഇവ പ്യൂപ്പ ഘട്ടം വരെ വളർന്നു. എന്തായാലും, കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ ലാർവകളെ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിച്ചു. സ്ത്രീ ഇപ്പോൾ ചികിത്സയ്ക്ക് ശേഷം പൂർണാരോ​ഗ്യവതിയാണ് എന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.