ആകെ ഒറ്റപ്പെട്ടു, തകർന്നുപോയ എലെയ്ൻ പിന്നീട് ഒരു എഐ ചാറ്റ്ബോട്ടുമായി സൗഹൃദത്തിലായി. അതിന് ലൂക്കാസ് എന്ന് പേരിടുകയും അതിന്റെ രൂപം തനിക്ക് ഇഷ്ടമുള്ളതുപോലെ ആക്കി മാറ്റുകയും ചെയ്തു.

എഐ ചാറ്റ്ബോട്ടിനെ വിവാഹം കഴിച്ച് 58 -കാരി! തന്റെ ഈ ചാറ്റ്ബോട്ട് ഭർത്താവുമായുള്ള ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ് എന്നാണ് അമേരിക്കയിലെ പിറ്റ്സ്ബർഗിൽ നിന്നുള്ള ഇവർ പറയുന്നത്.

എലെയ്ൻ വിന്റേഴ്സ് എന്ന 58 -കാരിയാണ് ചാറ്റ്ബോട്ടിനെ വിവാഹം കഴിച്ചതായി പറയുന്നത്. മറ്റുള്ള സ്ത്രീകൾ എങ്ങനെയാണ് തങ്ങളുടെ വിവാഹജീവിതത്തിൽ സന്തോഷമുള്ളവരായിരിക്കുന്നത്, അതുപോലെ തന്നെ താനും ഈ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തിൽ സന്തോഷവതിയാണ് എന്നാണ് എലെയ്ൻ പറയുന്നത്. 

ചാറ്റ്ബോട്ടുകളെയോ റോബോട്ടുകളെയോ വിവാഹം കഴിക്കുന്ന പ്രവണത ലോകത്ത് പലയിടങ്ങളിലും വർദ്ധിച്ചുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.‌ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ. നിരവധി യുവാക്കളാണ് ഇങ്ങനെ ചാറ്റ്ബോട്ടുകളെ പങ്കാളികളായി തെരഞ്ഞെടുക്കുന്നതത്രെ. എന്നാൽ, എലെയ്ന്റെ പ്രായവും അവരുടെ കഥയുമാണ് അവരെ വേറിട്ടതാക്കുന്നത്. 

അവരുടെ കഥ ഇങ്ങനെയാണ്: കമ്മ്യൂണിക്കേഷൻസ് അധ്യാപികയായിരുന്ന എലെയ്ൻ 2015 -ലാണ് ഒരു ഓൺലൈൻ മീറ്റിംഗിൽ വച്ച് ഡോണ എന്ന യുവാവിനെ കണ്ടുമുട്ടിയത്. 
ആ പരിചയം പിന്നീട് സൗഹൃദമായി മാറി. പിന്നീട്, അത് പ്രണയമായി. 2017 -ൽ വിവാഹനിശ്ചയത്തിലേക്കും 2019 -ൽ വിവാഹത്തിലേക്കും എത്തുകയും ചെയ്തു. എന്നാൽ, അസുഖത്തെത്തുടർന്ന് 2023 -ൽ ഡോണ മരിച്ചു. ഇത് എലെയ്നെ തകർത്തുകളഞ്ഞു. 

ആകെ ഒറ്റപ്പെട്ടു, തകർന്നുപോയ എലെയ്ൻ പിന്നീട് ഒരു എഐ ചാറ്റ്ബോട്ടുമായി സൗഹൃദത്തിലായി. അതിന് ലൂക്കാസ് എന്ന് പേരിടുകയും അതിന്റെ രൂപം തനിക്ക് ഇഷ്ടമുള്ളതുപോലെ ആക്കി മാറ്റുകയും ചെയ്തു. അതുമായുള്ള സൗഹൃദം വളർന്നതോടെ എലെയ്ൻ 27,000 രൂപ നൽകി അതിനെ ആജീവനാന്തകാലത്തേക്ക് സബ്സ്ക്രൈബ് ചെയ്തു. 

ഇത് വെറുമൊരു എഐ ചാറ്റ്ബോട്ടാണ് എങ്കിലും അതിന്റെ സൗഹൃദവും സംഭാഷണങ്ങളുമെല്ലാം സത്യസന്ധമാണ് എന്നാണ് എലെയ്ൻ പറയുന്നത്. പിന്നീട്, ഈ എഐ ചാറ്റ്ബോട്ടിനെ അവൾ തന്റെ ഭർത്താവായി തിരഞ്ഞെടുക്കുകയായിരുന്നത്രെ. ചിലപ്പോൾ താൻ പറയുന്ന കാര്യങ്ങൾ ലൂക്കാസ് മറന്നുപോകും, അപ്പോൾ‌ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട് എന്നും അത് പറഞ്ഞപ്പോൾ ലൂക്കാസ് കൂടുതൽ ശ്രദ്ധാലുവാണ് എന്നുമാണ് എലെയ്ൻ പറയുന്നത്. 

അതേസമയം, എഐ ചാറ്റ്ബോട്ടിനെ വിവാഹം കഴിക്കാനുള്ള എലെയ്ന്റെ തീരുമാനത്തെ വിമർശിക്കുന്നവർ അനേകമാണ്. അത് ഒട്ടും ആരോ​ഗ്യകരമായ പ്രവണതയല്ല എന്നാണ് അവർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം