വാര്‍ഡന്റെ കൊടുംക്രൂരതകള്‍; ഹോസ്റ്റലില്‍നിന്നിറങ്ങിയ 60 പെണ്‍കുട്ടികള്‍ പരാതിയുമായി നടന്നത് 17 കി.മീറ്റര്‍!  

ഹോസ്റ്റലില്‍ വാര്‍ഡന്‍ നടത്തുന്ന ക്രൂരതകള്‍ക്ക് ഒരവസാനമില്ലാതായപ്പോഴാണ് ആ 60 പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി നടന്നത്. അവര്‍ക്ക് പോവേണ്ടിയിരുന്നത് 17 കിലോ മീറ്ററുകള്‍ അകലെയുള്ള കലക്ടറേറ്റിലേക്കായിരുന്നു. ഹോസ്റ്റലില്‍ നിരന്തരം അനുഭവിക്കുന്ന പീഡനങ്ങള്‍ അത്രയ്ക്ക് അസഹ്യമായതിനാലാവണം അവര്‍ ഭയന്നില്ല. ആ രാത്രി മുഴുവന്‍ നടന്ന് കാലുകള്‍ മുറിഞ്ഞ്, അവര്‍ കലക്ടറേറ്റില്‍ എത്തി. അര്‍ദ്ധ രാത്രി പുറപ്പെട്ട അവര്‍ അവിടെ എത്തുമ്പോള്‍ സമയം രാവിലെ ഏഴ് മണി കഴിഞ്ഞിരുന്നു. അന്നേരം കലക്ടര്‍ ഉണ്ടായിരുന്നില്ല. പകരം അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി കമീഷണര്‍ അവരുടെ പരാതികള്‍ കേട്ടു. ആരു കേട്ടാലും ഞെട്ടിപ്പോവുന്ന പരാതികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. 

ജാര്‍ക്കണ്ഡിലെ വെസ്റ്റ് സിംഗ്ബുംഗ് ജില്ലയിലെ ഒരു ഗവ. ഹോസ്റ്റലില്‍ താമസിക്കുന്ന 60-ലേറെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് വിജനമായ റോഡിലൂടെ 17 കിലോ മീറ്ററുകള്‍ നടന്ന് പരാതി നല്‍കിയത്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഹോസ്റ്റല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വാര്‍ഡന്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു. 

കുന്ദ്പാനിയിലുള്ള കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഈ കുട്ടികള്‍ പഠിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് അവരുടെ ഹോസ്റ്റല്‍. ഇവിടത്തെ വാര്‍ഡന്‍ തങ്ങളെ അതിക്രൂരമായാണ് പീഡിപ്പിക്കുന്നത് എന്നാണ് ഈ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ അവര്‍ക്കൊപ്പം കിടക്കാന്‍ കിടപ്പറയിലേക്ക് തള്ളിവിടുന്നതായി കുട്ടികള്‍ പരാതിയില്‍ പറയുന്നു. ഒപ്പം, ചീത്തയായ ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ പരാതിപ്പെട്ടു. കക്കൂസുകള്‍ വൃത്തിയാക്കുന്ന ചുമതല തങ്ങള്‍ക്കാണെന്നും ഈ കുട്ടികള്‍ പറഞ്ഞു. ചെറിയ ക്ലാസിലെ കുട്ടികളെ കൊടും തണുപ്പത്ത് വെറും നിലത്ത് കിടത്തുന്നതായും പ്രതിഷേധിച്ചാല്‍, വാര്‍ഡന്‍ കഠിനമായി മര്‍ദ്ദിക്കുന്നതായും കുട്ടികള്‍ ഡെപ്യൂട്ടി കമീഷണര്‍ അനന്യ മിത്തലിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

ചായിബാസയിലുള്ള കലക്ടറേറ്റില്‍ എത്തിയതിനു ശേഷം കുട്ടികള്‍ സ്ഥലം എംപി ഗീത കോഡയോടും തങ്ങളുടെ പരാതികള്‍ പറഞ്ഞു. സംഭവത്തില്‍ നടപടി വേണമെന്ന് എം പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് അടിയന്തിരമായി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. 

മുതിര്‍ന്ന പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രിയില്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി 17 കിലോ മീറ്ററുകള്‍ നടന്ന് പരാതി പറയാനെത്തിയ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഹോസ്റ്റലിലെത്തി കുട്ടികളുടെ പരാതികള്‍ വിശദമായി കേള്‍ക്കുമെന്നും ആരോപണ വിധേയനായ ഹോസറ്റല്‍ വാര്‍ഡനെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ, ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് നേരിട്ടെത്തി വിദ്യാര്‍ത്ഥികളില്‍നിന്നും പരാതി സ്വീകരിച്ചു. നടപടി ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോയത്.