ആഫ്രിക്കൻ പെൻ‌ഗ്വിനുകൾ അവയുടെ ചെറിയ വലുപ്പത്തിന് പ്രത്യേകതയുള്ളവയാണ്. കൂടാതെ ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നു.

കേപ് ടൗണിനടുത്ത് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ചത്തനിലയിൽ കണ്ടെത്തിയത് അറുപത്തിമൂന്ന് ആഫ്രിക്കൻ പെൻ​ഗ്വിനുകളെ. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ പെട്ടതാണ് ഈ ആഫ്രിക്കൻ പെൻഗ്വിനുകൾ. സൈമൺസ്‍ടൗണിലെ ഒരു കോളനിയിൽ നിന്നുള്ള പെന്‍ഗ്വിനുകളെയാണ് ഒന്നിലധികം തേനീച്ചക്കുത്തുകളോടെ തീരത്ത് കണ്ടെത്തിയത്. ഇവയ്ക്ക് മറ്റ് പരിക്കുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. 

വർഷം തോറും 60,000 സന്ദർശകരെ ആകർഷിക്കുന്ന ലോകപ്രശസ്തമായ ബോൾഡേഴ്സ് ബീച്ചിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണിതെന്ന് നാഷണൽ പാർക്ക് അധികൃതർ ബിബിസിയോട് പറഞ്ഞു. "സാധാരണയായി പെൻ‌ഗ്വിനുകളും തേനീച്ചകളും സഹകരിച്ച് കഴിയാറാണ്" ദക്ഷിണാഫ്രിക്കയിലെ നാഷണൽ പാർക്ക് ഏജൻസിയിലെ (SANParks) മറൈൻ ബയോളജിസ്റ്റ് ഡോ. അലിസൺ കോക്ക് പറഞ്ഞു. "പ്രകോപിപ്പിക്കാത്തിടത്തോളം തേനീച്ചകൾ കുത്തുകയില്ല. ഈ പ്രദേശത്തെ ഒരു കൂടിനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവണം. അതേ തുടർന്ന് കൂടുകളിൽ നിന്ന് തേനീച്ചക്കൂട്ടം പറന്നുപോവാനും അക്രമാസക്തമാകാനും കാരണമായിരിക്കാമെന്ന അനുമാനത്തിലാണ് ഞങ്ങൾ" അവർ കൂട്ടിച്ചേർത്തു. 

പോകുന്ന വഴിക്കായിരിക്കണം അവ പെന്‍ഗ്വിന്‍ കൂട്ടത്തെ അക്രമിച്ചിരിക്കുക എന്ന് കരുതുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവയുടെ കണ്ണുകള്‍ക്ക് ചുറ്റും കൈകാലുകളിലുമാണ് തേനീച്ചക്കുത്തേറ്റത് എന്ന് മനസിലായി. ആ ഭാഗങ്ങളില്‍ അവയ്ക്ക് തൂവലുകളില്ലാത്തതിനാലാവാം അവിടെ കുത്തേറ്റത് എന്ന് ഡോ. കാറ്റാ ലുഡീനിയ ബിബിസിയോട് പറഞ്ഞു. 

പെന്‍ഗ്വിനുകളിലൊന്നിന് 27 കുത്തേറ്റിട്ടുണ്ട്. "ഓരോ പക്ഷികളിലെയും കുത്തുകളുടെ എണ്ണം കണ്ടാൽ, അത് ഒരുപക്ഷേ ആ വലുപ്പത്തിലുള്ള ഏത് മൃഗത്തിനാണെങ്കിലും മാരകമായേക്കാം" ഡോ. ലുഡീനിയ കൂട്ടിച്ചേർത്തു. തേനീച്ചകളെയും ചത്ത നിലയില്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ആഫ്രിക്കൻ പെൻ‌ഗ്വിനുകൾ അവയുടെ ചെറിയ വലുപ്പത്തിന് പ്രത്യേകതയുള്ളവയാണ്. കൂടാതെ ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നു. ചിലത് ഗാബോണിന്‍റെ വടക്കുഭാഗങ്ങളിലും കാണപ്പെടുന്നു. അവയുടെ എണ്ണം അതിവേഗം കുറയുകയാണ് എന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു. വാണിജ്യ മത്സ്യബന്ധനം മൂലമുണ്ടാകുന്ന ഭക്ഷ്യക്ഷാമം ഇതിന് കാരണമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം കേപ്പിലെ തേനീച്ചകള്‍ അവിടുത്തെ പ്രാദേശിക ആവാസവ്യവസ്ഥയുടെ ഭാഗമാണ്. 

(ചിത്രങ്ങൾ പ്രതീകാത്മകം)