Asianet News MalayalamAsianet News Malayalam

റിട്ടര്‍മെന്‍റിന് ശേഷമുള്ള ആറ് വര്‍ഷം കൊണ്ട് പ്രദീപ് കുമാര്‍ നട്ട് പിടിപ്പിച്ചത് 60,000 മരങ്ങള്‍

റിട്ടയര്‍മെന്‍റിന് ശേഷം വെറുതെ ഇരിക്കാനായിരുന്നില്ല പ്രദീപ് കുമാര്‍ റാത്തിന്‍റെ തീരുമാനം.അദ്ദേഹം, ബീഹാറിന്‍റെ ഗ്രാമങ്ങളിലേക്ക് ചെന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സഹായത്തോടെ മരങ്ങള്‍ വച്ച് പിടിപ്പിച്ചു.

66 years old man plant 60000 trees in rural odisha
Author
First Published Jan 28, 2023, 12:31 PM IST


2017 ലാണ് ഈസ്റ്റ് ഇന്ത്യ ഡിവിഷനിൽ നിന്നും ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറായി പ്രദീപ്കുമാർ റാവത്ത് എന്ന ഒഡീഷാ സ്വദേശി വിരമിക്കുന്നത്. എന്നാൽ അന്ന് അദ്ദേഹം ഒരു തീരുമാനമെടുത്തു. സാധാരണമായ ഒരു വിശ്രമജീവിതം ആയിരിക്കില്ല തന്‍റെത്, മറിച്ച് ഇനിയുള്ള ആരോഗ്യവും അധ്വാനവും എല്ലാം പ്രകൃതിക്കുവേണ്ടി ആയിരിക്കും.കഴിഞ്ഞ ആറു വർഷകാലമായി ആ തീരുമാനത്തിൽ ഉറച്ചുനിന്ന് അദ്ദേഹം പ്രകൃതിക്ക് സമ്മാനിച്ചത് അറുപതിനായിരം മരങ്ങളാണ്. 

പ്രകൃതിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആരംഭിച്ച പരിബേഷ് സുരക്ഷാ സ്ഭിജൻ  എന്ന എൻജിഒയുടെ ആഭിമുഖ്യത്തിലാണ് ഒഡീഷയുടെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ കൃത്യമായി സംരക്ഷിക്കുകയും ചെയ്യുന്ന ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള നാൽപ്പതിനായിരത്തോളം വനിതകളും കുട്ടികളും അദ്ദേഹത്തിന്‍റെ ഈ ഉദ്യമത്തിൽ ഇന്ന് പങ്കാളികളാണ്.തുടക്കകാലത്ത് തന്‍റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ജോലിയിൽ നിന്നും വിരമിച്ച സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെയാണ് സമീപിച്ചതെങ്കിലും അവരാരും അതിൽ താല്പര്യം പ്രകടിപ്പിച്ചില്ല എന്നാണ് പ്രദീപ് പറയുന്നത്.പിന്നീടാണ് തന്നോടൊപ്പം ചേരാൻ ഗ്രാമപ്രദേശങ്ങളിലെ വനിതകളുടെയും കുട്ടികളുടെയും സഹായം തേടിയതെന്നും ഇദ്ദേഹം പറയുന്നു.

വിവിധ സ്കൂളുകളിൽ എത്തി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സെമിനാറുകൾ എടുക്കുകയും തുടർന്ന് കുട്ടികളുടെ സഹായത്തോടെ സ്കൂളിലും പരിസരത്തുമായി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ആയിരുന്നു തുടക്കകാലത്ത് അദ്ദേഹം ചെയ്തിരുന്നത്. എന്നാൽ പിന്നീടാണ് എന്തുകൊണ്ടാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി എന്ന ആശയം പോലെ ഇൻഡിവിജ്വൽ സോഷ്യൽ റെസ്പോൺസിബിലിറ്റി എന്നൊരു ആശയം കൂടി ഉയർത്തിക്കൊണ്ടുവന്നു കൂടായെന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്.തുടര്‍ന്ന് ആശയത്തിന്‍റെ  നടത്തിപ്പിനായി അദ്ദേഹം പരിശ്രമിച്ചു തുടങ്ങി.അത്തരത്തിലൊരു ആശയം വളർത്തിക്കൊണ്ടു വരേണ്ടത് കുട്ടികളിലൂടെയാണെന്ന ബോധ്യത്തില്‍ കൂടുതൽ കുട്ടികളെ തന്‍റെ പ്രവർത്തികളിലേക്ക് ആകർഷിക്കാൻ അദ്ദേഹം ശ്രമിച്ചു.അതിനായി നവമാധ്യമങ്ങളുടെ സഹായം തേടി.മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്‍റെയും അത് പരിപോഷിപ്പിക്കുന്നതിന്‍റെയും ഒക്കെ ചിത്രങ്ങളും വീഡിയോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.അത് കൂടുതൽ ആളുകളെ ആകർഷിച്ചു.അങ്ങനെ കുട്ടികളും മുതിർന്നവരും അടക്കം നിരവധിപേർ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി തുടങ്ങി.

ഒഡീഷയുടെ ഗ്രാമീണ മേഖലകളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് അദ്ദേഹം പറയുന്നു. പൊതുവിൽ ഗ്രാമീണ മേഖലയിലെ ജനങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നും പലപ്പോഴും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ അവർ ദൈവങ്ങളുമായി കൂട്ടിച്ചേർത്താണ് വ്യാഖ്യാനിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.അവരുടെ ആ കാഴ്ചപ്പാട് മാറണമെന്നും എല്ലാ പരിസ്ഥിതിക പ്രശ്നങ്ങൾക്കും ഒരു പരിധിവരെ കാരണക്കാർ മനുഷ്യൻ തന്നെയാണ് എന്ന ബോധ്യം അവരിൽ ഉണ്ടാക്കിയെടുക്കുന്നതിനുമാണ് ഇത്തരത്തിൽ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

തുടക്ക കാലങ്ങളിൽ നട്ടുപിടിപ്പിച്ച മരങ്ങളുടെ അതിജീവന നിരക്ക് വെറും 70 ശതമാനം മാത്രമായിരുന്നു.അതിനു കാരണം മരങ്ങള്‍ നട്ടതിന് ശേഷം അവയെ പൂർണമായും അവഗണിച്ചതാണ്.ഈ സ്ഥിതി തുടർന്നാൽ തങ്ങളുടെ അധ്വാനത്തിന് ഫലമുണ്ടാകില്ല എന്ന് മനസ്സിലാക്കിയതോടെ അദ്ദേഹവും സംഘാംഗങ്ങളും ഗ്രാമീണ മേഖലകളിലെ സ്ത്രീകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടി .തങ്ങളുടെ പ്രവർത്തനങ്ങളോട് താല്പര്യം പ്രകടിപ്പിച്ച സ്ത്രീകൾക്ക് ഓരോരുത്തർക്കും ഓരോ ഫലവൃക്ഷം വീതമാണ് നൽകിയത്. ഇതിൽ മാവും  നാരകവും പേരയും ഒക്കെ ഉൾപ്പെടുന്നു.അത് വലിയ മാറ്റമാണ് കൊണ്ടുവന്നതെന്ന് പ്രദീപ് പറയുന്നു.കാരണം ആ സ്ത്രീകൾ അത് നട്ടു വളർത്തി കൃത്യമായി പരിപാലിച്ചു.

കൂടാതെ പലതരത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ അവർ ഗ്രാമീണ മേഖലയിലെ ജനങ്ങളെ പ്രേരിപ്പിച്ചു.മക്കൾക്ക് വേണ്ടി ഒരു മരം, പേരക്കുട്ടികൾക്ക് വേണ്ടി ഒരു മരം എന്നിങ്ങനെയെല്ലാം ആളുകൾക്കിടയിൽ ബോധവൽക്കരണം നടത്തി മരങ്ങൾ നട്ടുപിടിപ്പിച്ചു.ഇപ്പോഴും ആ പ്രവർത്തനങ്ങൾ തുടരുകയാണ്.ആരോഗ്യമുള്ള ഒരു പ്രകൃതിയ്ക്കായി ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി ഇനിയും ഏറെ ചെയ്യാൻ ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്.
 

Follow Us:
Download App:
  • android
  • ios