ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനിടെ 67 -കാരി ബാങ്കില്‍ നിന്ന് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് നാല് കോടിയോളം രൂപ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കാമുകന് നല്‍കിയത്.  


തിറ്റാണ്ടുകൾ നീണ്ട പ്രണയ തട്ടിപ്പിന് ഇരയായ 67 -കാരിയായ മലേഷ്യൻ സ്ത്രീക്ക് 4.3 കോടി രൂപ നഷ്ടമായി. പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയ കാലയളവിൽ ഒരിക്കൽ പോലും ഇരയാക്കപ്പെട്ട സ്ത്രീയും തട്ടിപ്പുകാരനായ കാമുകനും തമ്മിൽ നേരിലോ വീഡിയോ കോളിലൂടെയോ കണ്ടിട്ടില്ലെന്നതും ഈ സംഭവത്തിന്‍റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ഒരു വ്യക്തി തട്ടിപ്പിന് ഇരയാക്കപ്പെടുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവുള്ള കേസ് കൂടിയാണ് ഇത്. അന്വേഷണ ഏജൻസിയായ ക്വാലലംപൂർ ബുക്കിറ്റ് അമനിലെ കൊമേഴ്‌സ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിസിഐഡി) ഡയറക്‌ടർ രാംലി മുഹമ്മദ് യൂസഫ് കഴിഞ്ഞ ഡിസംബർ 17 -ന് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് തട്ടിപ്പിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇര, 2017 ഒക്ടോബറിലാണ് ഫേസ്ബുക്കിലൂടെ ആദ്യമായി തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. അധികം വൈകാതെ തന്നെ പ്രസ്തുത വ്യക്തിയുമായി ഇവര്‍ പ്രണയത്തിലായി. സിംഗപ്പൂരിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഒരു അമേരിക്കൻ വ്യവസായിയാണ് താൻ എന്നാണ് തട്ടിപ്പുകാരൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. തനിക്ക് മലേഷ്യയിലേക്ക് മാറാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പറഞ്ഞായിരുന്നു ഇയാൾ ആദ്യമായി സ്ത്രീയിൽ നിന്നും പണം തട്ടിയെടുത്തത്. അന്ന് 95,000 രൂപയാണ് ഇരയാക്കപ്പെട്ട സ്ത്രീ, തട്ടിപ്പുകാരന് ട്രാൻസ്ഫർ ചെയ്തത്. പിന്നീട് ഇയാൾ പണം ആവശ്യപ്പെടുന്നത് പതിവാക്കി. എന്നാല്‍ ഒരു തവണ പോലും ഇവര്‍ക്ക് തന്‍റെ കാമുകനിൽ സംശയം തോന്നിയില്ലെന്ന് മാത്രമല്ല, അയാള്‍ ആവശ്യപ്പെടുന്ന സമയത്താക്കെ പണം കൈമാറുകയും ചെയ്തു. 

1,800 വർഷം പഴക്കമുള്ള വെള്ളി 'മന്ത്രത്തകിട്' ക്രിസ്തുമത ചരിത്രം തിരുത്തി എഴുതുമോ?

50 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 306 ബാങ്ക് ട്രാൻസ്‌ഫറുകളാണ് തട്ടിപ്പുകാരൻ ആവശ്യപ്പെട്ടതനുസരിച്ച് സ്ത്രീ നടത്തിയത്. ഇങ്ങനെ നാല് കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഈ പണത്തിൽ അധികവും സ്ത്രീ മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയതും ബാങ്കുകളിൽ നിന്നും വായ്പയെടുത്തതുമാണെന്നത് മറ്റൊരു കാര്യം. ഇത്രയേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടും ഒരിക്കൽപോലും തന്‍റെ കാമുകനെ നേരിൽ കാണാനോ വീഡിയോ കോളിലൂടെ കാണാനോ ഇവര്‍ ശ്രമിച്ചിട്ടില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. വോയിസ് കോളിലൂടെ മാത്രമായിരുന്നു കാമുകൻ ഇവരുമായി സംസാരിച്ചിരുന്നത്. 

കഞ്ചാവിന് വളമായി വവ്വാലിന്‍റെ കാഷ്ഠം ഉപയോഗിച്ചതിന് പിന്നാലെ അണുബാധയേറ്റ് രണ്ട് മരണം

ഇയാളുമായി പ്രണയത്തിലായി ഏഴ് വർഷങ്ങൾക്കിപ്പുറം ഈ വർഷം നവംബറിൽ തന്‍റെ ഒരു സുഹൃത്തുമായി ഇരയാക്കപ്പെട്ട സ്ത്രീ കാര്യങ്ങൾ പങ്കുവച്ചതോടെയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പിന്‍റെ കഥ പുറത്തു വന്നത്. സുഹൃത്തിന്‍റെ ഉപദേശത്തിൽ നിന്നാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് കാമുകന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'നിങ്ങളൊക്കെ വീട്ടിൽ ഇരുന്നോ മക്കളെ'; 55 -കാരി നഫീസുമ്മയുടെ മണാലി വീഡിയോ വൈറൽ