താൻ ഇത്തരത്തിൽ ഒരു ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാരുടെ ഭാഗത്തുനിന്നും ആദ്യം വലിയ എതിർപ്പായിരുന്നു നേരിടേണ്ടി വന്നതെന്നും എന്നാൽ താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ മൂല്യം അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ കുടുംബാംഗങ്ങൾ തന്നെ പിന്തുണച്ചെന്നും ചൗധരി പറയുന്നു. 

ഒരു കാര്യം സാധ്യമാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ അധ്വാനിച്ചാൽ അത് സാധ്യമാകും എന്ന് പറയാറില്ലേ. ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് തെളിയിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ ഒരു യുവാവ്. പരിസ്ഥിതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹത്തെ തുടർന്നാണ് സൈക്കിളിൽ ഒരു പരിസ്ഥിതി ബോധവൽക്കരണ യാത്ര നടത്താൻ ഇദ്ദേഹം തീരുമാനിച്ചത്. പലരും തടസ്സം പറഞ്ഞ ആ യാത്ര ഇപ്പോൾ എത്തിനിൽക്കുന്നത് 7000 കിലോമീറ്ററിൽ ആണ്. 140 ദിവസങ്ങൾ കൊണ്ടാണ് പരിസ്ഥിതി ബോധവൽക്കരണ സന്ദേശം പകർന്നു നൽകിക്കൊണ്ടുള്ള ബോധവൽക്കരണ സൈക്കിൾ യാത്ര ഇദ്ദേഹം 7000 കിലോമീറ്റർ പൂർത്തിയാക്കിയത്. 

രാജസ്ഥാനിലെ നാഗൗറിലെ കുർച്ചി എന്ന ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന പപ്പു ചൗധരി എന്ന മനുഷ്യനാണ് ഇത്തരത്തിൽ പരിസ്ഥിതിക്കായി സൈക്കിളിൽ വേറിട്ട ഒരു യാത്ര നടത്തിയത്. താൻ പിന്നിട്ട വഴികളിലെ ആളുകൾക്ക് ബോധവൽക്കരണ സന്ദേശം നൽകുക മാത്രമല്ല ഇദ്ദേഹം യാത്രയിലൂടെ ചെയ്തത്. മറിച്ച് സഞ്ചരിച്ച ഇടങ്ങളിലെല്ലാം തന്നാൽ ആകും വിധം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങിയില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്ന ദുരന്തം അതിഭീകരമായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുകൊണ്ടാണ് തന്നാൽ കഴിയും വിധം പ്രകൃതി സംരക്ഷണത്തിനായി ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിച്ചത് എന്ന് പപ്പു ചൗധരി വ്യക്തമാക്കി. 

താൻ ഇത്തരത്തിൽ ഒരു ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാരുടെ ഭാഗത്തുനിന്നും ആദ്യം വലിയ എതിർപ്പായിരുന്നു നേരിടേണ്ടി വന്നതെന്നും എന്നാൽ താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയുടെ മൂല്യം അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ കുടുംബാംഗങ്ങൾ തന്നെ പിന്തുണച്ചെന്നും ചൗധരി പറയുന്നു. 

യാത്രയ്ക്കാവശ്യമായ പണം താൻ ജോലി ചെയ്ത് സമ്പാദിക്കുകയായിരുന്നുവെന്നും 7000 കിലോമീറ്റർ പിന്നിട്ടപ്പോൾ ജയ്പൂരിൽ യാത്ര അവസാനിപ്പിച്ചു എന്നും ഇദ്ദേഹം പറയുന്നു. യാത്രക്കിടയിൽ അതീവ ദുഷ്കരമായ അവസ്ഥകളിലൂടെയും താൻ കടന്നുപോയിരുന്നു എന്നും എന്നാൽ പ്രകൃതിക്കായി എത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.