മധ്യ ചൈനയിലടക്കം ചൈനയിലെ പല ഭാഗത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പലപ്പോഴും പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. 

ചൈനയിലെ ഹൂബൈ പ്രവിശ്യയിലെ ഷിയാങ്യാങില്‍ തന്‍റെ പച്ചക്കറി തോട്ടത്തിലെ കല്ലില്‍ 10 സെക്കന്‍റ് ഇരുന്ന 72 -കാരിയുടെ പിന്‍ഭാഗത്ത് 3 -ാം ഡിഗ്രി പോള്ളലേറ്റു. രാജ്യത്തെ വര്‍ദ്ധിച്ച് വരുന്ന ചൂടിനിടെയുണ്ടായ സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടി. ജൂണ്‍ 7 -ാം തിയതിയായിരുന്നു സംഭവം. ഹൂബൈ പ്രവിശ്യയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഷിയാങ്യാങിൽ

തന്‍റെ അടുക്കള തോട്ടത്തില്‍ നിന്നും പച്ചക്കറി പറിക്കാനെത്തിയതായിരുന്നു 72 -കാരിയായ വാങ് മുത്തശ്ശി. പച്ചക്കറികൾ ശേഖരിക്കുന്നതിനിടെ ഇവര്‍ തളര്‍ച്ച തോന്നിയപ്പോൾ തോട്ടത്തിലുണ്ടായിരുന്ന കല്ലിൽ അല്പനേരം വിശ്രമിച്ചതായിരുന്നു. കനത്ത ചൂടില്‍ പൊള്ളിക്കിടന്ന കല്ലില്‍ ഇരുന്നതോടെ മുത്തശ്ശിയുടെ പിന്‍ഭാഗത്ത് കാര്യമായ പൊള്ളലേറ്റു. വെറും 10 സെക്കന്‍റ് മാത്രമാണ് ഇവര്‍ ഇരുന്നതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുന്നപ്പോൾ തന്നെ അസ്വസ്ഥത തോന്നിയെങ്കിലും മുത്തശ്ശിക്ക് കാല്‍ മുട്ടികളിലെ വേദന കാരണം പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല. വാങിന്‍റെ കരച്ചില്‍ കേട്ടെത്തിയ അയൽവാസികളാണ് അവരെ പിടിച്ച് എഴുന്നേല്‍പ്പിച്ചത്. പിറ്റേ ദിവസമായപ്പോഴേക്കും വാങിന് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വാങിന് മൂന്നാം ഡിഗ്രി പോള്ളലാണ് ഏറ്റതെന്നും ശസ്ത്രക്രിയ വേണ്ടെവന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.

ഹൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലും കടുത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നത്. കടുത്ത ചൂട് കാരണം 'മൂന്ന് ചൂളകൾ' എന്ന് പ്രസിദ്ധമായ മൂന്ന് നഗരങ്ങളിലൊന്നാണ് വുഹാന്‍. ചോങ്ങ്ചിംഗ്, നാൻജിങ് എന്നിവയാണ് മറ്റ് രണ്ട് നഗരങ്ങൾ. മധ്യ ചൈനയിലെ കനത്ത ചൂട് കാരണം ആളുകളോട് നേരിട്ട് വെയില്‍ കൊള്ളരുതെന്നും ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.