വിമാനം റണ്‍വേയില്‍ തൊട്ടതിന് പിന്നാലെ മൂന്ന് മാനുകൾ വിമാനത്തിന് മുന്നിലൂടെ ഓടുന്നത് വീഡിയോയില്‍ കാണാം. 

ലാസ്കയിലെ കൊഡിയാക് ബെന്നി ബെൻസൺ സ്റ്റേറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ അലാസ്ക എയർലൈൻസിന്‍റെ വിമാനം റൺവേയിൽ വെച്ച് രണ്ടിലധികം മാനുകളെ ഇടിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കൊഡിയാക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ അലാസ്ക എയർലൈൻസിന്റെ ഒരു ബോയിംഗ് 737 വിമാനം കുറച്ച് മാനുകളെ ഇടിച്ചു, സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു എക്സ് ഉപയോക്താവ് എഴുതി.

വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ പകർത്തിയ ദൃശ്യങ്ങളിൽ വിമാനം മുന്നോട്ട് നീങ്ങുന്നതിനിടെ റൺവേയിൽ അലഞ്ഞുതിരിയുന്ന കുറച്ച് മാനുകളെ അത് ഇടിക്കുന്നത് കാണാം. വിമാനം നിർത്തുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം റൺവേയിലെ മൃഗങ്ങളെക്കുറിച്ച് പൈലറ്റുമാർക്ക് അറിയാമായിരുന്നുവെന്നും സ്ഥിതിഗതികൾ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നുവെന്നും ലൈവ് എടിസി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. 'റൺവേയിൽ മാനുകളുണ്ട്,' വിമാനം ലാൻഡിംഗിന് അനുമതി ലഭിച്ച ശേഷം പൈലറ്റ് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

ഈ സമയം മാനുകളെവിടെയാണെന്ന് ധാരണയുണ്ടോയെന്ന് എയർ ട്രാഫിക് കൺട്രോൾ തിരിച്ച് ചോദിച്ചു. ഇതിനിടെ വിമാനം ലാന്‍റ് ചെയ്യാന്‍ ശ്രമിക്കുകയും മാനുകളെ ഇടിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ പ്രധാന ലാൻഡിംഗ് ഗിയറിന് കേടുപാടുകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇതിന് കൊഡിയാക്കിൽ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് എയർപോർട്ട് വക്താവ് സിഎൻഎന്നിനോട് പറഞ്ഞു, സംഭവം നടന്ന വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്നുള്ള മറ്റ് യാത്രാ വിമാനങ്ങൾ റദ്ദാക്കി.

അതേസമയം യുഎസിലെ മിക്കവിമാനത്താവളങ്ങളിലും വിമാനങ്ങളിൽ മൃഗങ്ങൾ കൂട്ടിയിടിക്കുന്ന സംഭവങ്ങൾ കൂടിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം കൊഡിയാക് വിമാനത്താവളത്തിൽ നടന്ന അഞ്ച് സംഭവങ്ങൾ ഉൾപ്പെടെ 22,000-ത്തിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിമാനങ്ങൾ പക്ഷികളുമായി കൂട്ടിയിക്കുന്നത് സാധാരണമാണെങ്കിലും 2024 ൽ ഫ്ലോറിഡയിൽ വിമാനങ്ങൾ ചീങ്കണ്ണികളെ ഇടിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.