ഈ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് പലരും പലർക്കും ചെയ്തുകൊടുത്തിട്ടുള്ള സഹായങ്ങളുടെ നിരവധി പ്രചോദനകരമായ കഥകൾ നമ്മൾ കേട്ടുകഴിഞ്ഞു. അക്കൂട്ടത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥകൂടി പുറത്തുവന്നിരിക്കുകയാണ്. ലഖ്‌നൗവിൽ പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ മുജീബുള്ള റഹ്മാന് പ്രായം എൺപതു കഴിഞ്ഞു. അയാൾ  ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ പോർട്ടറാണ്. ദിവസേന എട്ടുമണിക്കൂറോളം സ്റ്റേഷനിൽ ചുമടെടുക്കുന്ന മുജീബുള്ളയ്ക്ക് ഈ എൺപതിന്റെ നിറവിലും നല്ല പ്രസരിപ്പുണ്ട്. അമ്പതു കിലോ വരെ ഭാരമേറ്റാൻ അദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ല. മറ്റുള്ള പോർട്ടർമാരിൽ നിന്ന് മുജീബുള്ളയെ വ്യത്യസ്തനാക്കുന്ന സവിശേഷത അദ്ദേഹത്തിന്റെ സേവന തത്പരതയാണ്.

 

 

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തിന്റെ പലയിടത്തായി കുടുങ്ങിക്കിടന്ന്, കയ്യിലുണ്ടായിരുന്ന അവസാനത്തെ ചില്ലിയും ചെലവിട്ട്, പട്ടിണികിടന്നു വലഞ്ഞ് ശ്രമിക് ട്രെയിനുകളിലും മറ്റുമായി വന്നിറങ്ങുന്ന പാവപ്പെട്ടവരെ ഒറ്റനോട്ടത്തിൽ മുജീബുള്ളയ്ക്ക് കണ്ടാലറിയാം. അവരുടെ ചുമട് അയാൾ അങ്ങോട്ട് ചെന്ന് ചോദിച്ചുവാങ്ങി എടുക്കും. തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചുമടെത്തിക്കുന്നതിന് അയാൾ ഒരു രൂപപോലും അവരിൽ നിന്ന് ഈടാക്കാറില്ല. ആവശ്യത്തിനുള്ള പൈസയൊക്കെ ഉണ്ടാക്കി. ഇനി ഈ അവസാനകാലത്ത് കുറച്ചു ചുമട് കാശുവാങ്ങാതെയും എടുക്കുന്നതിൽ തരക്കേടില്ല എന്ന പക്ഷക്കാരനാണ് മുജീബുള്ള. അതിനുള്ള ഒരു അവസരമായി അദ്ദേഹം ഈ ലോക്ക്ഡൗൺ പലായനങ്ങളെ കാണുന്നു.

 

 

"സൂഫിക്കാക്ക" എന്ന് സ്റ്റേഷനിലെ പോർട്ടർമാർ സ്നേഹത്തോടെ വിളിക്കുന്ന മുജീബുള്ള തന്റെ സേവനങ്ങളെപ്പറ്റി ചോദിക്കുന്നവരോട് പറയുന്നതും ഒരല്പം സൂഫിസം തന്നെ, "ഗതിമുട്ടി വരുന്നവരോട് ഞാൻ എങ്ങനെയാ കാശ് ചോദിച്ചു വാങ്ങുക. പാവപ്പെട്ടവന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കണം എന്നാണ് അള്ളാഹു എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്റെ ഉടലിൽ ഉശിരും, ഉയിരുമുള്ളിടത്തോളം കാലം ഞാൻ അത് ചെയ്യും. "