പാറ്റ്സിക്കും കരോളിനും ഒരേ പ്രായമാണ്. ഇരുവരും വിവാഹിതരായതും ഒരേ സമയത്താണ്. 'ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. വിവാഹിതരായി, മക്കളുണ്ടായി, പലതിലൂടെയും കടന്നുപോയി. എന്നാലും നമ്മൾ പരസ്പരം കൈവിട്ടില്ല. എപ്പോഴും കൂടെ ഉണ്ടായിരുന്നു' എന്ന് ഇവർ പറയുന്നു.
ഇന്നത്തെ കുട്ടികൾക്ക് തൂലികാസൗഹൃദം എന്നാൽ എന്താണ് എന്ന് വലിയ ധാരണ ഉണ്ടാകണം എന്നില്ല. എന്നാൽ, ഇന്റർനെറ്റോ, സോഷ്യൽ മീഡിയയോ, എന്തിന് ഫോൺ പോലും സജീവമല്ലാതിരുന്ന ഒരു കാലത്ത് കുട്ടികളെ സംബന്ധിച്ച് തൂലികാ സൗഹൃദം എന്നത് വളരെ വലിയ കാര്യം തന്നെയായിരുന്നു. വളരെ ദൂരത്തിരുന്നുകൊണ്ട് രണ്ട് പേർ സുഹൃത്തുക്കളാവുകയും കത്തുകളെഴുതുകയും വിശേഷങ്ങൾ പങ്ക് വയ്ക്കുകയും കാലങ്ങളോളം ആ സൗഹൃദം നിലനിർത്തുകയും ചെയ്യുമായിരുന്നു. അതുപോലെ രണ്ട് സുഹൃത്തുക്കളാണ് പാറ്റ്സി ഗ്രിഗറി, കരോൾ-ആൻ ക്രൗസ് എന്നിവർ.
രണ്ടുപേർക്കും വയസ് 80. കത്തുകളിലൂടെ സൗഹൃദം തുടങ്ങിയത് 12 -ാമത്തെ വയസിൽ. ആദ്യം കത്തെഴുതി തുടങ്ങിയത് പെൻസിൽ കൊണ്ടാണ്. പിന്നെയത് പേനയായി. ടൈപ്പിംഗായി. ഇ-മെയിൽ ആയി... എങ്കിലും എവിടെയും ഒരിക്കൽ പോലും ഇവരുടെ സൗഹൃദത്തിന്റെ ചരടുകൾ പൊട്ടിപ്പോയില്ല. എവിടെയിരിക്കുന്ന മനുഷ്യരെയും അടുത്ത നിമിഷം തന്നെ ബന്ധപ്പെടാൻ സഹായിക്കുന്ന എല്ലാ സാങ്കേതികവിദ്യയും ഉള്ള കാലത്തും സൗഹൃദം സൂക്ഷിക്കാൻ സാധിക്കാത്ത നമുക്കിത് അത്ഭുതമായി തോന്നുമായിരിക്കാം.

ഇപ്പോഴിതാ പാറ്റ്സി ലങ്കാഷെയറിലെ ഹോഗ്ടണിൽ നിന്ന് 6437 കിലോമീറ്റർ സഞ്ചരിച്ച് തന്റെ കൂട്ടുകാരി കരോളിനെ കാണാൻ സൗത്ത് കരോലിനയിൽ എത്തിയിരിക്കുകയാണ്. ആദ്യമായിട്ടാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. എന്നാൽ, യാതൊരു അപരിചിതത്വവും ഇരുവരും തമ്മിൽ ഇല്ല. 'അവൾ ഞാൻ മനസിൽ കണ്ടതുപോലെ തന്നെയായിരുന്നു. വളരെ പെട്ടെന്ന് തന്നെ എനിക്കവളെ തിരിച്ചറിയാനായി. അത് വളരെ സ്വാഭാവികമായിരുന്നു' എന്നാണ് പാറ്റ്സി, കരോളിനെ കുറിച്ച് പറഞ്ഞത്.
പാറ്റ്സിക്കും കരോളിനും ഒരേ പ്രായമാണ്. ഇരുവരും വിവാഹിതരായതും ഒരേ സമയത്താണ്. 'ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. വിവാഹിതരായി, മക്കളുണ്ടായി, പലതിലൂടെയും കടന്നുപോയി. എന്നാലും നമ്മൾ പരസ്പരം കൈവിട്ടില്ല. എപ്പോഴും കൂടെ ഉണ്ടായിരുന്നു' എന്ന് ഇവർ പറയുന്നു. 'ഞങ്ങൾ ഇതിന് മുമ്പൊരിക്കലും നേരിൽ കണ്ടിട്ടില്ല. എന്നാൽ, എല്ലാക്കാലവും നമുക്ക് പരസ്പരം അറിയാമായിരുന്നു എന്ന തോന്നലാണ്' എന്നാണ് ആദ്യത്തെ കണ്ടുമുട്ടലിനെ കുറിച്ച് കരോൾ പറഞ്ഞത്.

80 -ാം പിറന്നാളിന് അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമായി പാറ്റ്സിയുടെ മക്കളാണ് കരോളിനെ കാണാനുള്ള യാത്ര ഒരുക്കി നൽകിയത്. കൂടെ ഒരു മകളും പോയി. 'തന്റെ അമ്മയുടെ എല്ലാക്കാലത്തേയും ആഗ്രഹമായിരുന്നു തന്റെ തൂലികാസൗഹൃദത്തെ നേരിൽ കാണുക എന്നത്. ആ ആഗ്രഹം അമ്മ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിച്ചു. ഒടുവിൽ അത് സാധിച്ചു. അവർ പരസ്പരം കണ്ടപ്പോൾ കെട്ടിപ്പിടിച്ചു. വളരെ അധികം സന്തോഷമായി. നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു' എന്നാണ് മകൾ അമ്മയുടെയും സുഹൃത്തിന്റെയും ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നത്.
