അസ്ഥികൂടം താരതമ്യേന കേടുകൂടാതെയിരുന്നതിനാൽ തന്നെ അതിന്റെ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പാലിയന്റോളജിസ്റ്റുകൾ.

യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ദിനോസറെന്ന് കരുതപ്പെടുന്ന ദിനോസറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു പോർച്ചു​ഗീസുകാരന്റെ വീട്ടുമുറ്റത്താണ് അസ്ഥികൂടം കണ്ടെത്തിയത്. 2017 -ൽ പോർച്ചുഗലിലെ പോംബലിൽ തന്റെ വസ്തുവകകളിൽ പണി തുടങ്ങിയതായിരുന്നു അയാൾ. അതിനിടയിലാണ് ഒരു സോറോപോഡിന്റെ ഫോസിലൈസ് ചെയ്ത അസ്ഥികൂടം കണ്ടെത്തിയത്.

പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഈ മാസമാദ്യം പ്രസ്തുത സോറോപോഡിന്റെ നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഭാഗങ്ങൾ കണ്ടെത്തി. ഈ ദിനോസറിന് 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരിക്കാം എന്ന് കരുതുന്നു. സോറോപോഡുകൾ എല്ലാ ദിനോസറുകളിലും വച്ച് ഏറ്റവും വലുതും ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കരയിലെ മൃഗവുമായിരുന്നു. അവ ചെടികളാണ് ഭക്ഷിച്ച് കൊണ്ടിരുന്നത്. 

അസ്ഥികൂടം താരതമ്യേന കേടുകൂടാതെയിരുന്നതിനാൽ തന്നെ അതിന്റെ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പാലിയന്റോളജിസ്റ്റുകൾ. "ഒരു ദിനോസറിന്റെ എല്ലാ വാരിയെല്ലുകളും കണ്ടെത്തുക എന്നത് സാധാരണമല്ല" എന്ന് ​​ലിസ്ബൺ സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് സയൻസസിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷക എലിസബത്ത് മലഫയ പറഞ്ഞു. 

എങ്ങനെയാണോ അതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത് അതുപോലെ തന്നെയാവും അവ ചത്തിരിക്കുക എന്നും ​ഗവേഷകർ പറഞ്ഞു. 160 - 100 മില്ല്യൺ വർഷങ്ങൾക്ക് മുമ്പാണ് സോറോപോഡുകൾ ഇവിടെ ജീവിച്ചിരുന്നത് എന്ന് കരുതുന്നു. 

കുറച്ച് ദിവസം മുമ്പ് അമേരിക്കയിലെ ടെക്‌സസിലെ ദിനോസര്‍ വാലി സ്റ്റേറ്റ് പാര്‍ക്കിനുള്ളിലെ ഒരു നദി വറ്റിവരണ്ടപ്പോൾ 113 ദശലക്ഷം വർഷം പഴക്കമുള്ള ഒരു ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. അക്രോകാന്തോസോറസിന്റെതാണ് ഈ കാൽപാടുകൾ എന്ന് കരുതുന്നതായി പാർക്കിലെ ഒരു പ്രതിനിധി പറഞ്ഞിരുന്നു.