മരിയയ്ക്ക് ആ ബെഞ്ച് ഒരു സര്‍പ്രൈസ് ആയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബെഞ്ച് കണ്ട മരിയയ്ക്ക് വളരെയധികം സന്തോഷമായി എന്ന് സൗട്ടോ പറയുന്നു. 

വടക്ക്-പടിഞ്ഞാറന്‍ സ്പാനിഷ് പട്ടണമായ എസ്ട്രാഡയിലെ തെരുവില്‍ ഒരു ബെഞ്ച് കാണാം. കാണുമ്പോള്‍ അത്ര ആകര്‍ഷകമൊന്നുമല്ലാത്ത ആ ബെഞ്ചിന് പിന്നില്‍ പക്ഷേ ഒരു കഥയുണ്ട്. 82 -കാരനായ മാനുവൽ സൗട്ടോ തന്റെ ഭാര്യക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ചതാണ് ആ ബെഞ്ച്. അവരുടെ ദിവസേനയുള്ള നടത്തത്തിൽ ഇരിക്കാനും വിശ്രമിക്കാനും ഒരു ഇരിപ്പിടം വേണമെന്ന് സൗട്ടോയ്ക്ക് തോന്നിയതിന്‍റെ ഫലം എന്നും വിശേഷിപ്പിക്കാം അതിനെ. സൗട്ടോയുടെ 79 -കാരിയായ ഭാര്യ മരിയയ്ക്ക് സന്ധിവാതമുണ്ട്. അതേത്തുടര്‍ന്ന് ഊന്നുവടിയുമായിട്ടാണ് നടപ്പ്. 

നിരവധി തവണ സൗട്ടോ പ്രാദേശിക കൗണ്‍സിലിനോട് വഴിയരികില്‍ ഇരിപ്പിടം സ്ഥാപിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു എങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല. അങ്ങനെയാണ് സൗട്ടോ അടുത്തുള്ള കടയില്‍ പോയി ബെഞ്ചുണ്ടാക്കാനുള്ള സാധനങ്ങളുമായി എത്തുന്നത്. അരമണിക്കൂര്‍ മാത്രമാണ് ബെഞ്ചുണ്ടാക്കാനെടുത്തത്. മിനുസം വരുത്താനും മറ്റുമായി കുറച്ച് പണികള്‍ ബാക്കിയുണ്ട് എന്ന് ചില മാധ്യമങ്ങളോട് അന്ന് സൗട്ടോ പറഞ്ഞിരുന്നു. ഏതായാലും ബെഞ്ച് സ്ഥാപിക്കാന്‍ ഒരു സ്ഥലം വേണമല്ലോ. അതിന് സഹായിച്ചത് അവിടെയുള്ള ഒരു കടയുടമയാണ്. തന്‍റെ കടയുടെ മുന്നില്‍ ബെഞ്ച് സ്ഥാപിക്കാനുള്ള അനുവാദം അയാള്‍ സൗട്ടോയ്ക്ക് നല്‍കി. 

Scroll to load tweet…

മരിയയ്ക്ക് ആ ബെഞ്ച് ഒരു സര്‍പ്രൈസ് ആയി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബെഞ്ച് കണ്ട മരിയയ്ക്ക് വളരെയധികം സന്തോഷമായി എന്ന് സൗട്ടോ പറയുന്നു. അങ്ങേയറ്റം ആഹ്ലാദവതിയായ മരിയ ഭര്‍ത്താവിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. സൗട്ടോ സ്ഥാപിച്ച ബെഞ്ച് ഇതോടകം തന്നെ ജനപ്രിയമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍, അപ്പോഴും അതിലൊരു പ്രധാനപ്പെട്ട കാര്യം എഴുതിവയ്ക്കാന്‍ അദ്ദേഹം മറന്നില്ല. അത് മറ്റൊന്നുമല്ല, 'വയസായവരെ പരിഗണിക്കണം, അതേക്കുറിച്ച് ചിന്തിക്കണം' എന്നാണ് സൗട്ടോ എഴുതിവച്ചിരിക്കുന്നത്. 

എഴുതിയതിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ സൌട്ടോ പറഞ്ഞത്. താന്‍ സ്കൂളില്‍ പോയിട്ടില്ല. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പണിക്ക് പോയിത്തുടങ്ങിയതാണ്. 'ജീവിതകാലം മുഴുവനും താന്‍ പണിയെടുക്കുകയായിരുന്നു. തന്‍റെ ഭാര്യയും അതേ' എന്നാണ്. ചിലരെല്ലാം ഇങ്ങനെ ഒരു ബെഞ്ച് സ്ഥാപിച്ചതിന് എന്തെങ്കിലും പരിണിതഫലമുണ്ടായാലോ എന്ന് സൂചിപ്പിച്ചിരുന്നു. അത് കേട്ട സൗട്ടോ പറഞ്ഞത്, ജയിലില്‍ പോകേണ്ടി വന്നാല്‍ ആരെങ്കിലും തനിക്ക് പുകയില എത്തിച്ച് തരണം എന്നാണ്. ചില അയല്‍ക്കാരാകട്ടെ ഇതുപോലെയുള്ള ബെഞ്ച് ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, സൌട്ടോയ്ക്ക് ഒറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നു. 'ഇതൊരെണ്ണമേ ഉള്ളൂ, അത് എന്‍റെ ഭാര്യയ്ക്ക് സ്പെഷ്യലായുള്ളതാണ്'.