വയസ് 89, പഞ്ചായത്ത് പ്രസിഡണ്ടാണ് വീരമ്മാൾ അമ്മ, ചിത്രം പങ്കുവച്ച് ഐഎഎസ് ഓഫീസർ
ഈ ആരോഗ്യത്തിന്റേയും പൊസിറ്റീവായിട്ടുള്ള മനോഭാവത്തിന്റെ രഹസ്യവും സുപ്രിയ സാഹു വീരമ്മാളിനോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി അവർ പറയുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ധാന്യം പോലെയുള്ള ഭക്ഷണം, ദിവസം മുഴുവനും പാടത്തുള്ള പണി എന്നാണ്.

പ്രായമായിക്കഴിഞ്ഞാൽ വീട്ടിലുള്ളവരെ മൂലക്കിരുത്താനാണ് പലർക്കും താല്പര്യം അല്ലേ? അതുപോലെ തന്നെ പലരും ഒരു പ്രായമായിക്കഴിഞ്ഞാൽ എവിടെയെങ്കിലും ഒരുഭാഗത്ത് ഇരിക്കാം എന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ, എന്തെങ്കിലും കാര്യമായി ചെയ്യണമെങ്കിൽ പ്രായമൊന്നും ഒരു തടസമല്ല. അത് തെളിയിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊരാളാണ് തമിഴ്‍നാട്ടിൽ നിന്നുമുള്ള ഈ പഞ്ചായത്ത് പ്രസിഡന്റ് -വീരമ്മാൾ അമ്മ.
അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റാണ് 89 -കാരിയായ വീരമ്മാൾ അമ്മ. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് X (ട്വിറ്റർ) -ൽ വീരമ്മാൾ അമ്മയുടെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അരിട്ടപ്പട്ടി പഞ്ചായത്തിന്റെ പ്രസിഡണ്ടാണ് 89 വയസ്സുള്ള 'അരിട്ടപ്പട്ടി പാട്ടി' എന്നും അറിയപ്പെടുന്ന വീരമ്മാൾ അമ്മ. അവർ ശരിക്കും ആരെയും പ്രചോദിപ്പിക്കുന്ന സ്ത്രീയാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റുമാണ് അവർ. അവരുടെ പുഞ്ചിരിയും ആവേശവുമെല്ലാം അങ്ങേയറ്റം ഹൃദയസ്പർശിയാണ് എന്നുമെല്ലാം സുപ്രിയ സാഹു കുറിച്ചിട്ടുമുണ്ട്.
ഈ ആരോഗ്യത്തിന്റേയും പൊസിറ്റീവായിട്ടുള്ള മനോഭാവത്തിന്റെ രഹസ്യവും സുപ്രിയ സാഹു വീരമ്മാളിനോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി അവർ പറയുന്നത് വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ധാന്യം പോലെയുള്ള ഭക്ഷണം, ദിവസം മുഴുവനും പാടത്തുള്ള പണി എന്നാണ്. തമിഴ്‌നാട്ടിലെ ആദ്യ ജൈവവൈവിധ്യ പൈതൃക സ്ഥലമായ അരിട്ടപ്പട്ടി ഗ്രാമത്തിൽ സ്വീകരിക്കേണ്ടതായ വികസന തന്ത്രങ്ങളെക്കുറിച്ച് വീരമ്മാൾ അമ്മയുമായി ചർച്ച നടത്താൻ തനിക്ക് സാധിച്ചു എന്നും അതിൽ അഭിമാനം തോന്നുന്നു എന്നും സുപ്രിയ സാഹു പറഞ്ഞു.
വീരമ്മാൾ അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സുപ്രിയ സാഹു പങ്കുവച്ചിട്ടുണ്ട്. വീരമ്മാൾ അമ്മയുടെ ആത്മവിശ്വാസത്തെയും കരുത്തിനെയും നേതൃപാടവത്തെയും അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്ക് വച്ചിരിക്കുന്നത്.