ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം വെറുമൊരു കുട്ടിക്കളിയായി തള്ളിക്കളയാൻ ഡെൽഹി ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. കുട്ടിയുടെ നിഷ്കളങ്കമായ സ്വപ്നത്തെ മാനിച്ച അവർ, ആ പ്രത്യേക ദിനം അവിസ്മരണീയമാക്കാൻ തീരുമാനിച്ചു.
ടെലിവിഷനിലും സിനിമകളിലും കാണുന്ന ലോകങ്ങൾ പലപ്പോഴും കുട്ടികളിൽ വലിയ കൗതുകമുണർത്താറുണ്ട്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ കുട്ടികൾ ഏറ്റവും കൂടുതൽ കൊതിക്കുന്ന ഒരിടമാണ് പൊലീസ് സ്റ്റേഷൻ. ഡെൽഹിയിലെ ബങ്കർ കോളനിയിൽ താമസിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആയുഷിന്റെ മനസ്സിലും ഈ കൗതുകം വളർന്നു. ഒൻപത് വയസ്സ് തികയുന്ന വേളയിൽ, മിക്ക കുട്ടികളും കളിപ്പാട്ടങ്ങളോ പുതിയ വസ്ത്രങ്ങളോ ചോദിക്കുമ്പോൾ ആയുഷ് പ്രകടിപ്പിച്ചത് വേറിട്ടൊരു ആഗ്രഹമായിരുന്നു, തന്റെ പിറന്നാൾ ഒരു പൊലീസ് സ്റ്റേഷനിൽ വെച്ച് ആഘോഷിക്കണം.
ഈ കൊച്ചു മിടുക്കന്റെ ആഗ്രഹം വെറുമൊരു കുട്ടിക്കളിയായി തള്ളിക്കളയാൻ ഡെൽഹി ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല. കുട്ടിയുടെ നിഷ്കളങ്കമായ സ്വപ്നത്തെ മാനിച്ച അവർ, ആ പ്രത്യേക ദിനം അവിസ്മരണീയമാക്കാൻ തീരുമാനിച്ചു. അങ്ങനെ ഭാരത് നഗർ പൊലീസ് സ്റ്റേഷനിൽ വെച്ച് ആയുഷിനായി അവർ ഒരു പ്രത്യേക ജന്മദിനാഘോഷം തന്നെ ഒരുക്കി. പൊലീസ് ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ട്, കളിചിരികളും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ ആയുഷ് തന്റെ ഒൻപതാം ജന്മദിനത്തിന്റെ കേക്ക് മുറിച്ചു. ഉദ്യോഗസ്ഥർ നൽകിയ സ്നേഹവും ആശംസകളും അവന്റെ സന്തോഷം ഇരട്ടിയാക്കി.
കുട്ടികളും പൊലീസും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തമാക്കാൻ ഇത്തരം നന്മകൾ സഹായിക്കുമെന്നും ഡെൽഹി പോലീസ് വ്യക്തമാക്കി. ഔദ്യോഗിക നിയമങ്ങളും കർശനമായ ഡ്യൂട്ടികളും നിറഞ്ഞ പൊലീസ് സ്റ്റേഷൻ, അന്ന് ആയുഷിന് നൽകിയത് ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റാൻ പോന്ന മനോഹരമായ ഒരു പിറന്നാൾ ഓർമ്മയായിരുന്നു.
