യാത്ര ആരംഭിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷം, ഡിസംബർ 20 -ന് മാക്സിമോയുടെ ബോട്ടിന്‍റെ എഞ്ചിന്‍ കേടായി. നടുക്കടലില്‍ ഒറ്റപ്പെട്ട് പോയ മാക്സിമോ സ്വയം ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി.
മാക്സിമോ നാപാ കാസ്ട്രോ, വയസ് 61. കഴിഞ്ഞ കുറച്ചേറെ നാളുകളായി ജീവിതത്തിലേക്ക് ഒരു മടങ്ങി വരവിന് വേണ്ടി കഠിനമായ ആഗ്രഹത്തിലായിരുന്നു, അതും നടുക്കടലില്‍. നടുക്കടലില്‍ ഒറ്റയ്ക്ക് കഴിഞ്ഞ 95 ദിവസവും തന്‍റെ അമ്മയെ അവസാനമായി ഒന്ന് കാണാന്‍ അദ്ദേഹം പ്രാർത്ഥിച്ച് കൊണ്ടിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ബോട്ടിലെ പാറ്റകളെ മാത്രം ഭക്ഷിച്ച്, വല്ലപ്പോഴും പറന്നെത്തുന്ന പക്ഷികളെയും ആമകളെയും ഭക്ഷിച്ച് ദാഹിക്കുമ്പോൾ അവയുടെ രക്തം കുടിച്ച് തള്ളി നീക്കിയത് 95 ദിവസങ്ങൾ.
മാർച്ച് 12 ന്, ഇക്കഡോറിന്‍റെ ഉടമസ്ഥതയിലൂള്ള ടൂണയെ വേട്ടയാടുന്ന മത്സ്യ ബന്ധന ബോട്ടാണ് നടുക്കടലില്‍ ഒറ്റപ്പെട്ട, മാക്സിമോ നാപാ കാസ്ട്രോ എന്ന പെറുവിയന്‍ മത്സ്യബന്ധന തൊഴിലാളിയെ കണ്ടെത്തുന്നത്. അതും പെറുവിന്‍റെ തീരത്തിനും നൂറ് കണക്കിന് മൈല്‍ ദൂരെ നിന്നും.
ഒരു മാസത്തേക്കുള്ള ഭക്ഷണങ്ങളുമായി പെറുവിയന്‍ പോർട്ടായ മാർകോനയില്‍ നിന്നും 2024 ഡിസംബർ ഏഴിനാണ് മാക്സിമോ മത്സ്യബന്ധനത്തിനായി കടലില്‍ പോയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മത്സ്യമുട്ടകൾ ശേഖരിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍, യാത്ര ആരംഭിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷം, ഡിസംബർ 20 -ന് മാക്സിമോയുടെ ബോട്ടിന്‍റെ എഞ്ചിന്‍ കേടായി. നടുക്കടലില്‍ ഒറ്റപ്പെട്ട് പോയ മാക്സിമോ സ്വയം ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി. നടുക്കലില്‍ നിന്നും എന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് അറിയാത്തതിനാല്‍ അരിയും മറ്റ് ഭക്ഷണ സാധാനങ്ങളും തീരാതിരിക്കാന്‍ ഭക്ഷണത്തിന്‍റെ അളവ് കുറച്ചു. മഴവെള്ളം ശേഖരിച്ച് കുടിക്കാനായി ഉപയോഗിച്ചു.
പക്ഷേ, ദിവസങ്ങൾ, ആഴ്ചകളും മാസങ്ങളായി. ഭക്ഷണം തീര്‍ന്നു. കടലില്‍ മഴ പെയ്യാതെയായി. കൈവശമുള്ള വെള്ളവും തീര്‍ന്നു. ജീവിതത്തിലേക്ക് പിടിച്ച് കയറാന്‍ ഒരു കച്ചിത്തുമ്പ് പോലും കാണാനില്ലെങ്കിലും താന്‍ മരിക്കില്ലെന്നും ആരെങ്കിലും രക്ഷപ്പെടുത്താന്‍ എത്തുമെന്നും വിശ്വസിച്ചിരുന്നതായി മാക്സിമോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 'എനിക്ക് മക്കളും അമ്മയുമുണ്ട്. അവരെ കാണാതെ എനിക്ക് മരിക്കാന്‍ കഴിയില്ല. ഞാന്‍ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.' അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് കരയില്‍ മാക്സിമോയെ കാണാതായതോടെ ബന്ധുക്കൾ, അധികാരികളുമായി ബന്ധപ്പെട്ട് ആകാശ നിരീക്ഷണം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പക്ഷേ, ഓരോ ദിവസത്തെ അന്വേഷണവും ആശയ്ക്ക് വക നല്‍കിയില്ല. ബോട്ടില്‍ റേഡിയോ ഇല്ലാത്തതിനാല്‍ സിഗ്നല്‍ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ടൂണ വേട്ടയിക്കിറങ്ങിയ ഒരു ബോട്ടാണ് ഒടുവില്‍ അവശനിലയിലായ മാക്സിമോ നാപാ കാസ്ട്രോയെ കണ്ടെത്തിയത്. ഉടനെ അദ്ദേഹത്തെ ഒരു ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ പെറുതീരമായ ഗാർഡ് വെസലില്‍ എത്തിച്ചു. അച്ഛന്‍റെ തിരിച്ച് വരവ് അത്ഭുതമാണെന്ന് മകൾ മാധ്യമങ്ങളോട് പറഞ്ഞു. മാക്സിമോയുടെ ജീവിത്തിലേക്കുള്ള തിരിച്ച് വരവ് അയല്‍വാസികളും സുഹൃത്തുക്കളും ആഘോഷമാക്കി.
Read More: 'ബെംഗളൂരു എന്ന പറുദീസ'; 1950 -ലെ എംജി റോഡിന്‍റെ ചിത്രം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
