പ്രണയത്തിനുവേണ്ടി നിങ്ങളെന്ത് ചെയ്യും? പ്രിയപ്പെട്ടവള്‍ക്കരികിലെത്താനും അവളോടൊപ്പം ജീവിക്കാനും എത്രവലിയ ത്യാഗം സഹിക്കും? അതൊക്കെ പോട്ടെ എത്രദൂരം യാത്ര ചെയ്യും? അതേ, പ്രണയത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ചില മനുഷ്യരുണ്ട് ലോകത്ത്. ഇത് അങ്ങനെയൊരു പ്രണയകഥയാണ്. ഇന്ത്യന്‍ ആര്‍ട്ടിസ്റ്റായ പികെ എന്ന മഹാനന്ദിയയും സ്വീഡനില്‍ നിന്നുള്ള ചാര്‍ലറ്റ് വോണ്‍ ഷെദ്‍വിനും തമ്മിലുള്ള പ്രണയകഥ. ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് നടത്തിയ ഒരു സൈക്കിള്‍ യാത്രയുടെ കഥ. ആ കഥ ഇങ്ങനെയാണ്. 

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്... ഇന്ത്യയിലേക്ക് ടൂറിസ്റ്റായി വന്നതാണ് വോണ്‍ ഷെദ്‍വിന്‍. ദില്ലിയിലെ കൊണാട്ട് പ്ലേസില്‍ വച്ചാണ് അവര്‍ മഹാനന്ദിയ എന്ന കലാകാരനെ കാണുന്നത്. ആര്‍ട്‍സ് വിദ്യാര്‍ത്ഥി കൂടിയായിരുന്ന മഹാനന്ദിയ ആ സമയത്ത് കൊണാട്ട് പ്ലേസില്‍ താന്‍ വരച്ച ചിത്രങ്ങളും സന്ദര്‍ശകരുടെ ചിത്രങ്ങള്‍ വരച്ചും വില്‍ക്കുകയായിരുന്നു. ഷെദ്‍വിനോടും പത്ത് മിനിറ്റിനുള്ളില്‍ ചിത്രം വരച്ചു തരാമെന്ന് അദ്ദേഹം വാഗ്ദ്ധാനം ചെയ്‍തു. എന്നാല്‍, അതൊന്ന് നോക്കിക്കളയാം എന്ന് ഷെദ്‍വിനും കരുതി. എന്നാല്‍, ആ വരയങ്ങ് ശരിയായില്ല, ഷെദ്‍വിനത് ഇഷ്‍ടപ്പെട്ടുമില്ല. അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അവര്‍ അവിടെനിന്നും പോവുകയും ചെയ്‍തു. എന്നാല്‍, പിറ്റേദിവസം വരച്ചതും ശരിയായില്ല.

ആകെ പ്രതിരോധത്തിലായ മഹാനന്ദിയ അമ്മ പറഞ്ഞ ഒരു കാര്യം അപ്പോഴോര്‍ത്തു. ഒറീസയിലാണ് മഹാനന്ദിയ ജനിച്ചത്. ഒരു ദളിത് കുടുംബത്തില്‍ ജനിച്ചതിനാല്‍ പലപ്പോഴും മറ്റ് കുട്ടികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വലിയ തരത്തിലുള്ള വിവേചനം മഹാനന്ദിയക്ക് ചെറുപ്പം മുതലേ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അയാൾക്ക് സങ്കടം തോന്നുമ്പോഴെല്ലാം, 'അവന്‍റെ ജാതകം അനുസരിച്ച്, അവൻ ഒരു ദിവസം ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും, ആ  പെണ്‍കുട്ടിയുടെ സോഡിയാക് സൈന്‍  ടോറസ് ആയിരിക്കും, അവൾ വിദൂരദേശത്ത് നിന്നാവും വരിക, അവൾ സംഗീതവുമായി ബന്ധമുള്ളവളായിരിക്കുമെന്നും സ്വന്തമായി വനമുള്ളവളായിരിക്കു'മെന്നും അമ്മ പറഞ്ഞിരുന്നു. 

എന്തുകൊണ്ടോ ഷെദ്‍വിനെ കണ്ടപ്പോള്‍ പെട്ടെന്ന് മഹാനന്ദിയക്ക് അതോര്‍മ്മവന്നു. അയാള്‍ അവളോട് ചോദിക്കുകയും ചെയ്‍തു, 'നിങ്ങള്‍ക്ക് നാട്ടില്‍ സ്വന്തമായി കാടുണ്ടോ?' സ്വീഡിഷ് വനിതയായ ഷെദ്‍വിന്‍റെ മറുപടി ഉണ്ട് എന്നായിരുന്നു. മാത്രവുമല്ല, അവള്‍ പിയാനോ വായന ഇഷ്‍ടപ്പെട്ടിരുന്നു. മാത്രവുമല്ല അവളുടെ സോഡിയാക് സൈന്‍ ടോറസ് ആണെന്ന് കൂടി അവള്‍ പറഞ്ഞു. അമ്മ അവനെ സമാധാനിപ്പിക്കാന്‍ പറഞ്ഞിരുന്നതായിരിക്കാമെങ്കിലും സംഭവിച്ചത് യാദൃച്ഛികത ആയിരുന്നിരിക്കാമെങ്കിലും അവന് ആദ്യകാഴ്‍ചയില്‍ തന്നെ ഷെദ്‍വിനോട് ഒരു അടുപ്പം തോന്നി. 'ആദ്യ കാഴ്‍ചയില്‍ത്തന്നെ കാന്തം പോലെ തങ്ങള്‍ പരസ്‍പരം ആകര്‍ഷിക്കപ്പെട്ടു'വെന്ന് മഹാനന്ദിയ ബിബിസിയോട് പറയുകയുണ്ടായി. അങ്ങനെ മുന്നുംപിന്നും നോക്കാതെ അദ്ദേഹമവളെ ചായ കുടിക്കാന്‍ ക്ഷണിച്ചു. ഷെദ്‍വിനാകട്ടെ അയാളൊരു മര്യാദക്കാരനാണെന്നും എന്തിനായിരിക്കാം അയാള്‍ തന്നോട് അങ്ങനെ ചോദിച്ചിരിക്കുക എന്നും ആലോചിച്ചു. 

അങ്ങനെ കുറച്ച് സൗഹൃദത്തിലായശേഷം മഹാനന്ദിയക്കൊപ്പം ഒറീസ സന്ദര്‍ശിക്കാമെന്ന് അവള്‍ അയാളോട് സമ്മതിച്ചു. അവിടെയവള്‍ ആദ്യം സന്ദര്‍ശിച്ചത് കൊണാര്‍ക് ക്ഷേത്രമായിരുന്നു. 'ആദ്യമായി പികെ അതെനിക്ക് കാണിച്ചു തന്നപ്പോള്‍ ഞാന്‍ വികാരാധീനയായി. വിദ്യാര്‍ത്ഥിനിയായിരിക്കെ ലണ്ടനിലെ എന്‍റെ സ്റ്റുഡന്‍റ് മുറിയില്‍ അതിന്‍റെയൊരു ചിത്രമുണ്ടായിരുന്നു. എന്നാല്‍, അതെവിടെയായിരുന്നുവെന്ന് അന്നെനിക്കറിയില്ലായിരുന്നു. ഇപ്പോഴിതാ താനതിന് മുന്നില്‍ നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയതെ'ന്നാണ് ഷെദ്‍വിന്‍ അതേക്കുറിച്ച് പറഞ്ഞത്. 

അങ്ങനെ അവരിരുവരും പ്രണയത്തിലായി. ആദ്യമായി മഹാനന്ദിയയുടെ അച്ഛനെ കണ്ടപ്പോള്‍ ഷെദ്‍വിന്‍ ഒരു സാരിയാണ് ധരിച്ചിരുന്നത്. അവളതെങ്ങനെ മാനേജ് ചെയ്‍തുവെന്നറിയില്ലായെന്ന് പിന്നീട് മഹാനന്ദിയ പറയുകയുണ്ടായി. ഏതായാലും വൈകാതെ അമ്മയുടെയും അച്ഛന്‍റെയും അനുഗ്രഹത്തോടെ അവരിരുവരും വിവാഹിതരായി. കുറച്ചുദിവസം ഒറീസയില്‍ ചെലവഴിച്ചശേഷം അവര്‍ ദില്ലിയിലേക്ക് തിരികെവന്നു. എന്നാല്‍, സുഹൃത്തുക്കള്‍ക്കൊപ്പം 22 ദിവസങ്ങള്‍ കൊണ്ട് വിവിധ രാജ്യങ്ങള്‍ ചുറ്റുന്ന വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി എത്തിയതായിരുന്നു അവള്‍. അങ്ങനെ അവള്‍ മഹാനന്ദിയയോട് യാത്ര പറഞ്ഞു. ഒപ്പം എത്രയും പെട്ടെന്ന് സ്വീഡനിലെ ബോറസിലെത്തി തന്‍റെ കൂടെ ജീവിക്കണം എന്നും പറഞ്ഞു.

ഒരു വര്‍ഷം കടന്നുപോയി. ഇരുവരും കത്തുകളിലൂടെ സ്നേഹവും പ്രണയവും വിരഹവും കൈമാറി. അപ്പോഴും മഹാനന്ദിയക്ക് ഒരു വിമാനയാത്രക്ക് ടിക്കറ്റൊപ്പിക്കാനുള്ള പണം കിട്ടിയിരുന്നില്ല. എന്നാല്‍, എത്രയും പെട്ടെന്ന് തന്‍റെ പ്രിയപ്പെട്ടവള്‍ക്കൊപ്പമെത്തണം എന്ന ആഗ്രഹം ഓരോ നിമിഷവും അദ്ദേഹത്തില്‍ കൂടിക്കൂടിവന്നു. അങ്ങനെയൊടുവില്‍, ഉള്ളതെല്ലാം വിറ്റുപെറുക്കി അയാള്‍ ഒരു സൈക്കിള്‍ വാങ്ങി. ഷെദ്‍വിന്‍ വന്ന വഴിയിലൂടെതന്നെ അവളെ പിന്തുടരാന്‍  തീരുമാനിച്ചു. അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, ബൾഗേറിയ, യുഗൊസ്‌ലാവ്യ, ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. 

1977 ജനുവരി 22 -നാണ് മഹാനന്ദിയ തന്‍റെ യാത്ര തുടങ്ങിയത്. ഓരോ ദിവസവും 70 കിലോമീറ്റര്‍ ദൂരം അയാള്‍ പിന്നിട്ടു. കയ്യില്‍ ബ്രഷും പെയിന്‍റും കരുതിയിരുന്നു.  വര അദ്ദേഹത്തെ തുണച്ചു. വഴിയില്‍ കാണുന്ന ആളുകളുടെ പോര്‍ട്രെയ്റ്റ് തയ്യാറാക്കി. ചിലര്‍ അതിന് അദ്ദേഹത്തിന് പണം നല്‍കി. ചിലരാകട്ടെ ഭക്ഷണവും കിടക്കാനൊരിടവും നല്‍കി. ചില ദിവസങ്ങള്‍ പട്ടിണി കിടന്നു. എങ്കിലും 1970 -കളില്‍ കാര്യങ്ങള്‍ ഇന്നത്തേതില്‍നിന്നും വളരെ വ്യത്യസ്‍തമായിരുന്നുവെന്നും ചില രാജ്യങ്ങളിലൊന്നും കടക്കുന്നതിന് വിസ പോലും വേണ്ടായിരുന്നുവെന്നും മഹാനന്ദിയ പിന്നീട് പറയുകയുണ്ടായി. അഫ്‍ഗാനിസ്ഥാനില്‍ ആളുകള്‍ക്ക് ഹിന്ദി മനസിലാവുകയും വരയോടും കലയോടും വളരെ താല്‍പര്യം കാണിച്ചുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍, ഇറാനിലെത്തിയപ്പോള്‍ ഭാഷ പ്രശ്‍നമായിരുന്നു. എന്നാല്‍, വര കൊണ്ട് അദ്ദേഹമതിനെ മറികടന്നു. 'സ്നേഹമാണ് ലോകത്തെല്ലായിടത്തും എല്ലാവര്‍ക്കും മനസിലാവുന്ന ഭാഷ എന്നാണ് ഞാന്‍ കരുതുന്നത്' എന്നാണ് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. 

എങ്കിലും യാത്ര എപ്പോഴും സുഖമുള്ളതായിരുന്നില്ല. കാലുകള്‍ പൊട്ടും, തളരും. പക്ഷേ, ഷെദ്‍വിനെ കാണാം എന്ന ചിന്ത അയാളെ മുന്നോട്ടു നയിച്ചു. ഒടുവില്‍ മെയ് 28 -ന് മഹാനന്ദിയ യൂറോപ്പിലെത്തി. ഇസ്‍താംബുള്‍, വിയന്ന വഴി സഞ്ചരിച്ച് അയാള്‍ ഗോഥന്‍ബര്‍ഗിലേക്ക് ട്രെയിന്‍ കയറി. ഒടുവില്‍ അയാള്‍ തന്‍റെ പ്രിയപ്പെട്ടവളുടെ അടുത്തെത്തുക തന്നെ ചെയ്‍തു. 

എന്നാല്‍, ഷെദ്‍വിന്‍റെ മാതാപിതാക്കളെ കാര്യം ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, നിരന്തരമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇരുവര്‍ക്കുമായി. ഒടുവില്‍, മഹാനന്ദിയയും ഷെദ്‍വിനും സ്വീഡനില്‍ വെച്ച് ഔദ്യോഗികമായി വിവാഹിതരായി. യൂറോപ്യന്‍ സംസ്‍കാരത്തെ കുറിച്ചോ ജീവിതത്തെ കുറിച്ചോ മഹാനന്ദിയക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍, ഷെദ്‍വിന്‍ എപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നു. മഹാനന്ദിയ അവിടെയും ആര്‍ട്ടിസ്റ്റായി ജോലി ചെയ്‍തു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ടായി. 

എന്നാല്‍, ഇന്ത്യയില്‍ നിന്നും സൈക്കിളില്‍ യൂറോപ്പിലെത്തി എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്ന മനുഷ്യരെക്കാണുമ്പോള്‍ അദ്ദേഹം ചോദിക്കുന്നത്, 'ഇതിലെന്താണിത്ര അത്ഭുതപ്പെടാന്‍, എനിക്കവളെ കാണണമായിരുന്നു. നമ്മുടെ പ്രണയത്തിനുവേണ്ടിയാണ് ഞാന്‍ സൈക്കിള്‍ ചവിട്ടിയത്' എന്നായിരുന്നു. അല്ലെങ്കിലും പ്രണയം മനുഷ്യരെ നടത്താത്ത വഴികളുണ്ടോ അല്ലേ?