എന്റെ ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലം എന്റേതല്ലെന്നും എനിക്കറിയാം. പക്ഷേ, ഞാൻ അത് ആളുകളുടെ നന്മയ്ക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എനിക്ക് ഈ സംഭവിച്ചതിന് ഞാന്‍ അര്‍ഹനാണോ? 

വായിക്കാനും പഠിക്കാനും ഒരുപാട് ആഗ്രഹിച്ചിട്ടും അവസരം കിട്ടാത്ത എത്രയോ പേര്‍ ഈ ലോകത്തുണ്ട്. ഇത് അങ്ങനെ ഒരാളുടെ അനുഭവമാണ്. പഠിക്കാനായില്ലെങ്കിലും കടുത്ത ദാരിദ്ര്യത്തിലും ചോരയും വിയര്‍പ്പുമൊഴുക്കി അദ്ദേഹം ഒരു ലൈബ്രറി പണിതു. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ആര്‍ക്കും വന്ന് വായിക്കാവുന്ന ഒരു ലൈബ്രറി. എന്നാല്‍, ഗുണ്ടകളത് തീയിട്ട് നശിപ്പിച്ച് കളഞ്ഞു. എന്നിട്ടും ഈ റമദാന്‍ മാസത്തില്‍ ആ ഗുണ്ടകളോട് ക്ഷമിക്കാന്‍ തയ്യാറാവുകയാണ് പുസ്തകങ്ങളെ സ്നേഹിച്ച ആ വലിയ മനുഷ്യന്‍. ലോകം വിജയിക്കുന്നത് സ്നേഹത്താൽ മാത്രമാണ്, വിദ്വേഷത്താലല്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതം എഴുതിയിരിക്കുന്നത് ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലാണ്. വായിക്കാം സയ്‍ദ് ഇസാഖിന്‍റെ അനുഭവം.

വെള്ളിയാഴ്ച പുലർച്ചെ, എന്റെ ലൈബ്രറിയിൽ തീ പടർന്നതായി ഒരു അയൽക്കാരനിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ഞാൻ അവിടെ എത്തുമ്പോഴേക്കും പുസ്‍‍തകങ്ങളില്‍ ഭൂരിഭാഗവും ചാരത്തിലായിരുന്നു. നൂറിലധികം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. പരിഭ്രാന്തനായ ഞാൻ അബോധാവസ്ഥയിലായി. ഉണർന്നപ്പോൾ ഒരു പുസ്തകവും അവശേഷിച്ചിരുന്നില്ല! ഞാൻ കരഞ്ഞു, ഒരുപാട് കരഞ്ഞു! ഈ ലൈബ്രറി പണിയുന്നതിനായി ഞാൻ എന്റെ രക്തവും വിയർപ്പും ഒഴുക്കിയിരുന്നു. ഒറ്റരാത്രികൊണ്ട് എല്ലാം ഇല്ലാതായി.

വളർന്നുവന്നപ്പോൾ, ഞാന്‍ എപ്പോഴും ആഗ്രഹിച്ചത് പഠിക്കാനായിരുന്നു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എനിക്ക് ഒരിക്കലും സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പിതാവ് ദിവസ കൂലിത്തൊഴിലാളിയായിരുന്നു. അദ്ദേഹത്തിന് എട്ട് പേരുള്ള ഒരു കുടുംബത്തെ പോറ്റാനുള്ള ആവതില്ലായിരുന്നു. അതിനാൽ ഞാൻ രണ്ട് നേരത്തെ ഭക്ഷണത്തിനും താമസിക്കാനൊരിടത്തിനും വേണ്ടി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്തു. വൈകുന്നേരങ്ങളില്‍ അവരുടെ മക്കള്‍ പഠിക്കുന്നത് ഞാന്‍ നോക്കും. അവര്‍ പറയുന്ന ഇംഗ്ലീഷ് വാക്കുകള്‍ ശ്രദ്ധിക്കും. ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ അവരുടെ പുസ്‍തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കും. എന്നാല്‍, പഠിക്കണം എന്ന എന്‍റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. 

അങ്ങനെ 26 -ാമത്തെ വയസില്‍ ഒരു അച്ഛനായപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എനിക്ക് പഠിക്കാനായില്ല. പക്ഷേ, എന്‍റെ മക്കളെ ഞാന്‍ പഠിപ്പിക്കും. അതുകൊണ്ട് മറ്റ് ജോലികള്‍ക്കൊപ്പം ടോയ്‍ലെറ്റ് വൃത്തിയാക്കാന്‍ വരെ ഞാന്‍ പോയിത്തുടങ്ങി. 60 രൂപയാണ് എനിക്ക് സമ്പാദിക്കാനായത്. ഭക്ഷണം പോലും കഴിക്കാനില്ലാതെ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുക എന്ന് ഭാര്യ സംശയം പ്രകടിച്ചപ്പോഴും ഞാന്‍ പറഞ്ഞു, വിദ്യാഭ്യാസം നിര്‍ബന്ധമായും മക്കള്‍ക്ക് നാം നല്‍കണം. അതുപോലെ എല്ലാവര്‍ക്കും സൗജന്യമായി വന്ന് വായിക്കാവുന്ന ഒരു പബ്ലിക് ലൈബ്രറി തുടങ്ങാനും ഞാന്‍ ആഗ്രഹിച്ചു. അതാകുമ്പോള്‍ പഠിക്കാനാര്‍ക്കും കാശ് കൊടുക്കണ്ടല്ലോ. 

20 വര്‍ഷം കടന്നുപോയി. 2011 -ല്‍ ഒരു റോഡിന്‍റെ അരികില്‍ ഒരു ഒഴിഞ്ഞ സ്ഥലം ഞാന്‍ കണ്ടെത്തി. അത് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണ്. ആ സ്ഥലം വൃത്തിയാക്കി ഒരു റൂഫ് കൂടി പണിതാല്‍ അവിടെ എനിക്കൊരു ലൈബ്രറി പണിയാം എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് അവിടെ എന്‍റെ സയ്‍ദ് ഇസാഖ് പബ്ലിക് ലൈബ്രറി ജനിക്കുന്നത്. സുഹൃത്തുക്കളോടും മറ്റും ഞാന്‍ പുസ്‍തകം സംഭാവന നല്‍കാനപേക്ഷിച്ചു. അടുത്തുള്ള ക്ഷേത്രം ഭാരവാഹികള്‍ ഭഗവദ് ഗീതയുടെ 3000 കോപ്പി തന്നു. ഖുറാന്‍റെയും ബൈബിളിന്‍റെയും ആയിരം കോപ്പികള്‍ കൂടി കിട്ടി. പിന്നെ പല വിഭാഗത്തില്‍ പെട്ട ആയിരക്കണക്കിന് പുസ്‍തകങ്ങള്‍ കിട്ടി. 

കഴിഞ്ഞ 10 വര്‍ഷങ്ങളായി 11,000 പുസ്‍തകങ്ങളുണ്ട്. ഓരോ ദിവസവും 100-150 ആളുകള്‍ ലൈബ്രറി സന്ദര്‍ശിക്കുന്നു. ജോലി കഴിയുമ്പോള്‍ ഞാനവരോട് സംസാരിക്കുന്നു. ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും, ലൈബ്രറിയുടെ പരിപാലനത്തിനായി ഞാൻ ഒരു മാസം 5000 രൂപ നീക്കിവെക്കുന്നു. അടുത്തിടെ, ഇത് പുതുക്കിപ്പണിയാനും കഥകള്‍ക്കുമായി ഒരു പുതിയ വിഭാഗം ചേർക്കാനും ഞാൻ തീരുമാനിച്ചു. പക്ഷേ, ആ തീപ്പിടിത്തം എന്റെ പ്രതീക്ഷകളെല്ലാം തകർത്തു. ലൈബ്രറിക്ക് തീയിട്ടത് പ്രാദേശിക ഗുണ്ടകളാണ് എന്ന് പൊലീസ് എന്നോട് പറഞ്ഞു. സർക്കാർ ഭൂമിയായതിനാൽ ലൈബ്രറി അടച്ചുപൂട്ടാൻ ഏകദേശം എട്ട് വർഷം മുമ്പ് കുറച്ച് ഗുണ്ടകൾ എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ആ സംഭവത്തിനുശേഷം ആരും എന്നെ നേരിട്ടിട്ടില്ല. 

എന്റെ ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലം എന്റേതല്ലെന്നും എനിക്കറിയാം. പക്ഷേ, ഞാൻ അത് ആളുകളുടെ നന്മയ്ക്കായി മാത്രമാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എനിക്ക് ഈ സംഭവിച്ചതിന് ഞാന്‍ അര്‍ഹനാണോ? ആദ്യം ഞാൻ കടുത്ത ദേഷ്യത്തിലായിരുന്നു. പക്ഷേ, ഇത് റമദാന്‍ മാസമാണ്. അതിനാൽ ക്ഷമിക്കാനും മറക്കാനും ഞാൻ തീരുമാനിച്ചു. ഞാൻ വീണ്ടും എന്റെ ലൈബ്രറി പുനർനിർമ്മിക്കാൻ പോകുന്നു. എല്ലാത്തിനുമുപരി, ലോകം വിജയിക്കുന്നത് സ്നേഹത്താൽ മാത്രമാണ്, വിദ്വേഷത്താലല്ല.

നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി പോസ്റ്റിന് താഴെ എത്തിയത്. ഒരുപാട് പേർ പുസ്തകങ്ങളും മറ്റും നൽകി അദ്ദേഹത്തെ സഹായിക്കാനുള്ള സന്നദ്ധതയും അറിയിച്ച് കഴിഞ്ഞു.

“In the wee hours of Friday morning, I got a call from a neighbour saying that a fire had broken out at my library. By...

Posted by Humans of Bombay on Wednesday, 14 April 2021

(ചിത്രത്തിന് കടപ്പാട്: ഹ്യുമൻസ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ്)