ഉത്തരാഖണ്ഡിൽ പൗരി ഗർവാൾ ജില്ലയിൽ പാട്ടിസൈൺ ഗ്രാമം കാറ്റാടിമരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന ഒരു മലമ്പ്രദേശമാണ്. അവിടെ കുന്നിന്മുകളിലായി ഒരു പ്രാഥമികാരോഗ്യ കേന്ദ്രമുണ്ട്. അതിൽ മൂന്നു മുറികളുള്ള ഒരു ലേബർ റൂം കം മാതൃ ശിശു പരിചരണ കേന്ദ്രവും. സർക്കാർ സ്ഥാപനമാണ്. പാട്ടിസൈണാവട്ടെ  ഗോത്രവർഗക്കാർക്ക് പ്രാതിനിധ്യം കൂടുതലുള്ള പ്രദേശവും. അതുകൊണ്ടുതന്നെ എത്രയോ കാലമായി അവഗണന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം കൂടിയായിരുന്നു ആ പ്രാഥമികാരോഗ്യ കേന്ദ്രം.  

അങ്ങനെ ആരും അവിടേക്ക് വരാറില്ല. അഥവാ അത്രയ്ക്കും ഗതികെട്ട ആരെങ്കിലും അവിടേക്ക് വന്നുപെട്ടാൽ തന്നെ,  ഓക്‌സിലിയറി നഴ്‌സ് മിഡ്‌വൈഫ്‌(ANM) എന്നറിയപ്പെടുന്ന പേറ്റിച്ചിയുടെ സഹായത്തോടെ ഒരു വിധം പ്രസവിച്ചെന്നു വരുത്തി,  മണിക്കൂറുകൾക്കകം അവിടം വിടും. കാരണം, കുടിക്കാൻ ശുദ്ധജലം പോലും കിട്ടാതെ ആകെ അലങ്കോലമായിക്കിടക്കുന്ന ഒരു ആശുപത്രിയാണ് അത്. 

അവിടേക്കാണ് 203 -ൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് എന്ന തസ്തികയിലേക്ക്  ആരതി ബെഹ്ൽ എന്ന ഡോക്ടർ എത്തിപ്പെടുന്നത്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ്‌ കഴിഞ്ഞ പാടെയായിരുന്നു അവരുടെ ഈ റൂറൽ പോസ്റ്റിങ്ങ്. യഥാർത്ഥത്തിൽ, എംബിബിഎസ്‌ കഴിഞ്ഞവരോട് സർക്കാർ കുത്തിപ്പിടിച്ച് ഒപ്പിട്ടുവാങ്ങുന്ന ഒന്നുണ്ട്, അഞ്ചു കൊല്ലത്തേക്ക്  റൂറൽ ഏരിയയിൽ ജോലിചെയ്‌തോളാം എന്നുള്ള ബോണ്ട്. അതാണ് ആരതി ഡോക്ടറെ ആ കാടിനുള്ളിലേക്ക് എത്തിച്ചത്. 

അവിടത്തെ അവസ്ഥ കണ്ടപ്പോൾ ഒരു ഡോക്ടർ എന്ന നിലയ്ക്ക് അവരുടെ ചങ്കു തകർന്നു പോയി. ആ മലമ്പ്രദേശം, എത്ര റിമോട്ട് ഏരിയ എന്ന് പറഞ്ഞിരുന്നാലും ഇത്രയ്‌ക്കൊക്കെ പരിതാപകരമാവും എന്ന് അവർ കരുതിയിരുന്നില്ല. 

സൗകര്യങ്ങളുടെ കുറവ് മാത്രമായിരുന്നില്ല അവിടത്തെ പ്രശ്നം. ഗോത്രവർഗക്കാരായ  തദ്ദേശീയർ അവരെ ഒരു 'പരദേശി' ആയിട്ടാണ് കണ്ടത്. അല്ലെങ്കിലും, തങ്ങൾ മലവാസികളുടെ പ്രശ്നങ്ങളെപ്പറ്റി ഒരു ചുക്കുമറിയാത്ത നഗരവാസികളോട് അവർക്ക് എന്നും പുച്ഛം മാത്രമേ ഉണ്ടായിരുന്നുളൂ. വല്ലപ്പോഴുമൊക്കെ തങ്ങളെ സന്ദർശിക്കാൻ വരികയും, പ്രശ്നങ്ങൾക്കൊക്കെ ഇപ്പോൾ പരിഹാരമുണ്ടാക്കാൻ എന്ന് വാഗ്ദാനം നൽകുകയും, ഒരു സുപ്രഭാതത്തിൽ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം അപ്രത്യക്ഷമാവുകയും ചെയ്യുന്ന പരിഷ്കാരികളായ നഗരവാസികൾ അവരെ അത്രയ്ക്ക് മടുപ്പിച്ചു കഴിഞ്ഞിരുന്നു എന്നതാണ് സത്യം. 

എന്നുവെച്ച് അവിടെ വരുന്നവരൊക്കെ രണ്ടാം നാൾ ഇറങ്ങിപ്പോയിരുന്നു എന്നർത്ഥമില്ല കേട്ടോ.അവിടെ സ്ഥിരം ജോലിക്കാരായും പലരുമുണ്ടായിരുന്നു. ഉത്തരവാദിത്തങ്ങളൊന്നും നിറവേറ്റാൻ മിനക്കെടാതെ, ഒന്നിലും ഇടപെടാതെ, യാതൊന്നും ചെയ്യാതെ, മാസാമാസം സർക്കാർ ശമ്പളം വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് വെറുതെയിരിക്കുന്ന മാന്യന്മാരും മാന്യകളും ആയ ആരോഗ്യവകുപ്പ് ജീവനക്കാർ.  തങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് പ്രദേശത്തിന് എന്തെങ്കിലും  മാറ്റമുണ്ടാക്കുന്നത് പോയിട്ട്, അവിടെ ചെയ്യേണ്ട അത്യാവശ്യം പണികൾ പോലും അവർ ചെയ്തിരുന്നില്ല.  പ്രദേശത്തെ ജനങ്ങൾ എല്ലാവരും ആ ഹെൽത്ത് സെന്ററിലെ ജോലിക്കാരുടെ ഉദാസീനതയിൽ കുപിതരായിരുന്നു. 

ഡോ. ആരതി നേരിട്ട ആദ്യപ്രശ്നങ്ങളിൽ മറ്റൊന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്ന നിയമവിരുദ്ധമായ സേവനങ്ങളായിരുന്നു. യാതൊരു അസുഖവുമില്ലാത്ത ആളുകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയ സേവനങ്ങൾ അവിടത്തെ ഡോക്ടർമാർ ചെയ്തേ മതിയാകൂ എന്ന അവസ്ഥയായിരുന്നു. ആരതി ഡോക്ടർക്ക് മുമ്പുണ്ടായിരുന്നവർ അതൊക്കെ ചെയ്തും കൊടുക്കുമായിരുന്നു.  ഡോക്ടറുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാഞ്ഞത്ത് അവരെ ചോദിപ്പിക്കുകയും ഡോക്ടർക്കെതിരെ  അവർ  ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങൾ നടത്താൻ തുടങ്ങുകയും ചെയ്തു. 

ആ ഹെൽത്ത് സെന്റർ മാത്രമല്ല ദയനീയാവസ്ഥയിൽ ഉണ്ടായിരുന്നത്.  അതോടനുബന്ധിച്ചുണ്ടായിരുന്ന ലിവിങ്ങ് ക്വാർട്ടേഴ്‌സ്‌ കൂടിയായിരുന്നു.  പൊളിഞ്ഞടർന്ന അവസ്ഥയിലായിരുന്നു അതിന്റെ സീലിങ്ങ്, ഉള്ളിൽ വവ്വാലുകളും, എട്ടുകാലികളും, പല്ലികളുമെല്ലാം ഓടിനടന്നിരുന്ന ആ വീടുകൾ യഥാകാലം നന്നാക്കപ്പെട്ടിരുന്നില്ല. പാമ്പും പഴുതാരയും മേഞ്ഞിരുന്ന പറമ്പിലും ഇറങ്ങി നടക്കാൻ പേടിയായിരുന്നു അവർക്ക്. 

മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ  പ്രൈമറി ഹെൽത്ത് സെന്റർ എന്നൊക്കെ പറയുമ്പോൾ ഒരു സങ്കൽപമുണ്ടായിരുന്നു ആരതി ഡോക്ടറുടെ മനസ്സിൽ. അതിൽ പറഞ്ഞിരിക്കുന്ന പ്രാഥമികമായ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് അവിടെ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത് എന്ന് അവർ മനസിലാക്കി. ഗം ബൂട്ട്സും, ഹാൻഡ് ഗ്ലൗസും പോലുള്ള അവശ്യ സാധനങ്ങൾ പോലും ആവശ്യത്തിനിലായിരുന്നു. ഓർഡർ ചെയ്യാൻ ആരും മിനക്കെട്ടിരുന്നുമില്ല. ആകെ തുരുമ്പിച്ച ആ അവസ്ഥയിലും അവിടെ പ്രസവങ്ങൾ നിർബാധം നടന്നുകൊണ്ടിരുന്നു എന്നത് അവരെ അതിശയിപ്പിച്ചു. 

ആ പരിതാപകരമായ അവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിച്ചു. സഹപ്രവർത്തകരുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധമുണ്ടായി. ഡോക്ടറുടെ നിർദ്ദേശങ്ങൾ  അനുസരിക്കുക എന്നാൽ, ജോലിഭാരം കൂട്ടുക എന്നാണർത്ഥം. അഴിമതിയും, സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള ഡോക്ടറുടെ ശ്രമങ്ങളും അവർക്കെതിരെ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നു തന്നെ  എതിർപ്പുകൾ ക്ഷണിച്ചുവരുത്തി. 

പ്രദേശവാസികൾക്കെല്ലാം ആ ഹെൽത്ത് സെന്ററിന്റെ ദുരവസ്ഥ അറിയാമായിരുന്നു. എന്നിട്ടും അവർ അവിടെത്തന്നെ വന്നുപോയ്ക്കൊണ്ടിരുന്നത് ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ്. അവർക്ക് വേറെ ഒരു മാർഗവുമില്ലായിരുന്നു എന്നതുകൊണ്ട്. 

താപ്പാനകളായ സഹപ്രവർത്തകർ നിരന്തരം ഡോക്ടർക്ക് പാരവെച്ചുകൊണ്ടിരുന്നു.  ഡോക്ടറേക്കാൾ രാഷ്ട്രീയസ്വാധീനം റാങ്കിൽ അവരെക്കാൾ താഴ്ന്ന ജോലിക്കാർക്കാകയാൽ കാര്യമായ ഒരു അച്ചടക്ക നടപടികളും അവർക്കെതിരെ എടുക്കുക സാധ്യമല്ലായിരുന്നു. ഡോക്ടർക്കെതിരെ നിരവധി പരാതികൾ സഹപ്രവർത്തകരിൽ നിന്നും ഉന്നതങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.  നിസ്സഹകരണത്തിന്റെ എല്ലാ മുഖങ്ങളും ഡോക്ടർ ചുരുങ്ങിയ കാലം കൊണ്ട് കണ്ടു.  

ജീവിതം തന്നെ മടുത്തിരിക്കുന്ന അവസ്ഥയിൽ, മതിയാക്കി പോയാലോ എന്നാലോചിക്കുന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് അവർ ഒരു നല്ല വാർത്ത അറിയുന്നത്. അവിടത്തെ ഹെഡ് നഴ്‌സ് വിരമിക്കുന്നു. ഡോക്ടറുടെ മനസ്സിൽ ലഡു പൊട്ടി.  അവർ പ്രിയങ്ക സൈനി എന്ന കൃതഹസ്തയായ സ്റ്റാഫ് നഴ്‌സിനെ ആ ഒഴിവിലേക്ക് നിയമിച്ചു. പിന്നാലെ സഞ്ജയ് ബൗന്തിയാൽ എന്ന ഫാർമസിസ്റ്റിനെയും. യൗവ്വനത്തിന്റേതായ പ്രവർത്തനോത്സാഹത്തിലായിരുന്ന ഇരുവരും ഡോക്ടർക്ക് സകല പിന്തുണകളും വാഗ്ദാനം ചെയ്തു. പ്രദേശവാസികളുടെ വിശ്വാസം ആർജ്ജിക്കാൻ വേണ്ട പദ്ധതികൾ മൂവർ സംഘം ആസൂത്രണം ചെയ്യാൻ തുടങ്ങി. 

മുമ്പൊക്കെ കുട്ടിയെ പ്രസവിച്ച് മണിക്കൂറുകൾക്കുളിൽ അമ്മ കുഞ്ഞിനേയും കൊണ്ട് സ്ഥലം വിടുമായിരുന്നു. കാരണം, അവിടെ നിന്ന് ദാഹിച്ച തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം പോലും ഇറ്റിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. താത്കാലികമായി കുറെ ആശാ വർക്കർമാരെയും മിഡ്‌വൈഫുകളെയും കൂടി നിയമിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ ആരതി ഡോക്ടറുടെ വഴിയ്ക്ക് വരാൻ തുടങ്ങി. 

എന്നാൽ ഈ മാറ്റം മറ്റുള്ള താപ്പാനകളെ പിണക്കി. അവരിൽ ഒട്ടുമിക്കവരും അഞ്ചുവർഷത്തെ ബോണ്ടോന്നും പാലിക്കാതെ അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങിയും മറ്റും സ്ഥലം വിട്ടു കളഞ്ഞു.  അത് പക്ഷേ, ആരതി ഡോക്ടറെ തളർത്തുന്നതിനു പകരം കൂടുതൽ ശക്തയാക്കുകയാണ് ചെയ്തത്. അവർ അങ്ങനെ എളുപ്പം തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. 

തനിക്ക് അല്പം കൂടി സമയം നൽകണം എന്ന് ആരതി തന്റെ നോയ്ഡയിൽ  ഐടി സെക്ടറിലെ ഒരു കമ്പനിയുടെ മാനേജരായ തന്റെ ഭർത്താവിനോട് പറഞ്ഞു. തങ്ങളുടെ ലോങ്ങ് ഡിസ്റ്റൻസ് ബന്ധത്തിൽ ഉലച്ചിലുകളുണ്ടാവാതെ അവർ സൂക്ഷിച്ചു.  ഇങ്ങും പോവുന്നില്ല, അവിടെ തന്നെ കാണും എന്ന കാര്യത്തിൽ ഒരു തീരുമാനമായതോടെ, ആരതി ഡോക്ടർ നാട്ടുകാരുമായി നിരന്തരം കൗണ്സലിങ്ങും 
മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തി അവരുടെ വിശ്വാസം ആർജ്ജിക്കാൻ തുടങ്ങി. അതിൽ അവർ പതുക്കെ വിജയം കണ്ടുതുടങ്ങി. പതുക്കെയെങ്കിലും, തന്റെ ലക്ഷ്യങ്ങളിൽ വിജയിക്കും എന്ന് അവർക്ക് ആത്മവിശ്വാസമുണ്ടയിരുന്നു. 

മൂന്നുമുറിയിൽ സ്ഥാപിച്ചിരുന്ന ലേബർ റൂം ആൻഡ് മാതൃ ശിശു പരിചരണ കേന്ദ്രം ഒന്ന് വൃത്തിയാക്കി എടുക്കുകയാണ് അവർ ആദ്യം ചെയ്തത്. പൂട്ടിക്കിടന്ന സ്റ്റോർ റൂം തുറപ്പിച്ച്, അതിൽ നിന്നും പഴയ സ്റ്റോക്കെല്ലാം എടുത്ത് കളഞ്ഞു അവർ. എന്നിട്ട്, ആവശ്യമരുന്നുകൾക്കും, മറ്റു സാധനങ്ങൾക്കും വേണ്ടി ഒരു പുതിയ റിക്വസ്റ്റും നൽകി. ഒഴിഞ്ഞു കിടന്നിരുന്ന വേക്കൻസികൾ നികത്താൻ അവർ സർക്കാരിന് നിരന്തരം കത്തയക്കാൻ തുടങ്ങി.  ചീഫ് മെഡിക്കൽ ഓഫീസർക്ക് അതെല്ലാം കാണിച്ചുകൊണ്ട് മുടങ്ങാതെ റിമൈൻഡറുകലും അവർ അയച്ചു പോന്നു. സാധനങ്ങൾക്കുംമരുന്നുകൾക്കും പുറമെ ഒരു ആരോഗ്യകേന്ദ്രത്തിൽ ആവശ്യം വേണ്ട ലേബർ ടേബിൾ, ഓപ്പറേഷൻ തിയറ്റർ, ന്യൂ ബോൺ കെയർ യൂണിറ്റ്, എയർ കണ്ടീഷൻ, ഓക്സിടോസിൻ,  കാത്സ്യം, അയൺ സപ്ലിമെന്റുകൾ, ആന്റിസെപ്റ്റിക് സൊല്യൂഷൻ തുടങ്ങിയവ വേറെയും. 

പാട്ടിസൺ എന്ന ഗ്രാമത്തിന്റെ കുപ്രസിദ്ധി കാര്യസാധ്യത്തിന് ആദ്യമൊക്കെ വിഘാതമായിരുന്നു. എന്നാലും കാര്യങ്ങളിൽ നേരിയ പുരോഗതി വരൻ തുടങ്ങി. 
കുഞ്ഞുങ്ങൾക്ക് വേണ്ടുന്ന എല്ലാവിധ പരിചരണങ്ങളും അവിടെ ലഭ്യമാക്കാൻ തുടങ്ങി. പ്രസവക്കേസുകളുടെയും കൃത്യമായ നിരീക്ഷണങ്ങളും, ആവശ്യമുള്ള ഘട്ടങ്ങളിൽ തക്കസമയത്തുള്ള റെഫെറിങ്ങുകളും ഒക്കെ അവർ ചെയ്തു. 

പാട്ടിസൺ പോലെ വിദൂരസ്ഥമായ ഒരു കുഗ്രാമത്തിൽ ഇതിലൊക്കെ നടപ്പിൽ വരുത്താൻ കഴിഞ്ഞത് ആരതിയെപ്പോലെ ഒരു ഡെഡിക്കേറ്റഡ് ആയ ഡോക്ടർ 24X7  അവിടെ ആ കേന്ദ്രത്തിന്റെ പരിസരത്തുതന്നെ ഉണ്ടായതുകൊണ്ട് മാത്രമാണ്. സർക്കാർ കാര്യങ്ങൾ മുറപോലെ എന്ന പതിവുകൂടെയാണ് ഡോ . ആരതി ഇവിടെ തെറ്റിച്ചിരിക്കുന്നത്. 

അവരുടെ പ്രവർത്തനങ്ങളുടെ വിജയം അതിന്റെ പരമകാഷ്ഠ കണ്ടത്, ചീഫ് മെഡിക്കൽ ഓഫീസർ ജില്ലാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ആ പ്രാഥമികാരോഗ്യകേന്ദ്രത്തെ നവീകരിക്കാൻ തയ്യാറായപ്പോഴാണ്. പഴകി ദ്രവിച്ചു തുടങ്ങിയ ഇലക്ട്രിക് വയറിങ്ങ് പാടെ മാറ്റി.  പൊട്ടിയൊലിച്ചിരുന്ന പ്ലംബിങ്ങും പൂർണമായും പുതിയതാക്കി. 

ഗവണ്മെന്റ് ആരോഗ്യ സംവിധാനങ്ങളെപ്പറ്റി ഡോക്ടർ ആരതിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, " സർക്കാർ നമുക്ക് തരാത്തതായി ഒന്നുമില്ല സുഹൃത്തെ...  ഫണ്ടുകൾ നമ്മൾ തരപ്പെടുത്തണം. റിസോഴ്‌സസ് ഉള്ളിടത്തു നിന്നും കണ്ടെത്തണം. സപ്പോർട്ട് ഇല്ലാത്തിടത്ത് ഉണ്ടാക്കിയെടുക്കണം. അതിനുള്ള ആത്മധൈര്യം വേണം, അർപ്പണ മനോഭാവം വേണം, സ്ഥിരോത്സാഹവും ഉണ്ടായേ പറ്റൂ. ഇത് മൂന്നുമുണ്ടെങ്കിൽ ഏതൊരു സർക്കാർ ആശുപത്രിയും സ്വകാര്യ ആശുപത്രികളിലേതിനേക്കാൾ മികച്ച സൗകര്യങ്ങളോടെ നമുക്ക് പ്രവർത്തിപ്പിക്കാവുന്നതേയുള്ളൂ. പാട്ടിസൺ അതിനു ഒരു നല്ല ഉദാഹരണമാണ്. 

ഇനി 3-4 വർഷം കൂടി ഞാൻ ഇവിടെത്തന്നെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഇവിടെയുള്ളവർ സ്വയംപര്യാപ്തി നേടി എന്ന് എനിക്കുറപ്പായാൽ ഞാൻ ഇത് അവരെയേൽപ്പിച്ച്, ഇതുപോലെ ശ്രദ്ധ ആവശ്യമുള്ള മറ്റേതെങ്കിലും റൂറൽ ഹെൽത്ത് സെന്ററുകളിലേക്ക് സ്ഥലംമാറ്റം വാങ്ങും.." 

അവർ ഒറ്റയ്ക്കല്ല ഇത്രയും കാര്യങ്ങൾ ചെയ്തത് എന്നതാണ് ഈ സേവനത്തെ കൂടുതൽ മഹത്തരമാക്കണ ഒരു കാര്യം. തന്റെ നാലുവയസ്സുള്ള കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കിക്കൊണ്ടാണ് അവർ ഇത്രയും നേട്ടങ്ങളിലൂടെ പാട്ടിസൺ പ്രാഥമികാരോഗ്യകേന്ദ്രത്തെ നയിച്ചത്. 

ഒരു സർക്കാർ ഡോക്ടർ എന്ന നിലയിൽ താൻ തന്റെ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങളിൽ ഡോ. ആരതി ബെഹ്ലിന് എന്തായാലും ഒരുപാടൊരുപാട് അഭിമാനിക്കാൻ വകയുണ്ട്..!