Asianet News MalayalamAsianet News Malayalam

'വെള്ളമടിച്ച് വണ്ടിയില്‍ കയറി ഇരുന്നോളും ഓരോത്തന്മാര്, ബാക്കിയുള്ളവരെ മെനക്കെടുത്താന്‍.'

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വയറ്റില്‍ ഒരു ഇളക്കം! വയര്‍ തടവി അത് മുകളിലേക്ക് വരുന്ന പോലെ. ഗുളിക കഴിച്ചിട്ടും പിന്നെ ഇതെന്ത് പരീക്ഷണമാ, ഭഗവാനെ!

A special ride pn KSRTC by vishnu Pakalkkuri
Author
First Published Sep 21, 2022, 5:45 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

A special ride pn KSRTC by vishnu Pakalkkuri

 

'അമ്മേ ഞാനിറങ്ങുവാ', ഞാന്‍ കാലില്‍ സോക്‌സ് എടുത്തിട്ട് കൊണ്ട് അകത്തേക്ക് നോക്കി പറഞ്ഞു.

''മോനെ വല്ലതും കഴിച്ചിട്ട് പോടാ..'' 

''രാവിലെ കഴിച്ചില്ലേ അമ്മേ. അതുമതി. ഇനി വേണ്ടമ്മേ... അത് ശരിയാവൂല.''

''നീ ഗുളിക കഴിച്ചോ?'' 

''ആ കഴിച്ചമ്മേ. ഞാന്‍ ഇറങ്ങുവാ..''

ഞാന്‍ ബാഗുമെടുത്ത് ഗേറ്റ് കടന്നുപോയി.

അരമണിക്കൂര്‍ നടന്നുവേണം ചടയമംഗലം ബസ്സ്റ്റാന്‍ഡില്‍ എത്താന്‍. അത് ശീലമാണ്.

എന്നും നടന്നാണ് വരുന്നതും പോകുന്നതും ചെറിയ തോട് കഴിഞ്ഞാല്‍ പിന്നെ വയലാണ്. 
വയല്‍ വരമ്പിലൂടെ  കഷ്ടിച്ച് ഒരാള്‍ക്ക് മാത്രമേ അതിലൂടെ പോകാന്‍ കഴിയുമായിരുന്നുള്ളൂ. അതിലൂടെ  നടന്നു.

പോകുന്ന വഴിയില്‍ അയ്യപ്പഷേത്രത്തിന് മുന്നിലെ കാണിക്ക വഞ്ചിയില്‍ പോക്കറ്റില്‍ നിന്നും ഒരു രൂപാ നാണയം എടുത്ത് തലയിലുഴിഞ്ഞിട്ടു.

'ദൈവമെ ഇന്നെങ്കിലും എന്നെ കൈവിടരുതേ. എല്ലാ പ്രാവശ്യവും പോലെ നാണം കെടാന്‍ വയ്യ ഭഗവാനെ...' 
എന്റെ വിഷമങ്ങള്‍ ആരോട് പറയാനാ. നീയേ ഉള്ളു എനിക്ക് തുണ.'

അകത്തേക്ക് നോക്കി നെഞ്ചില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. പിന്നെ തിരിഞ്ഞുനടന്നു.

ബാഗും തൂക്കി നടന്നു രണ്ടു തോളും വേദനയെടുക്കുന്നുണ്ടായിരുന്നു. ഇറക്കമിറങ്ങി ഹോസ്പിറ്റലിന് മുന്നിലൂടെ നടക്കുമ്പോള്‍  പിന്നില്‍ നിന്നും വിളികേട്ടത്. തല തിരിച്ച് നോക്കിയപ്പോള്‍  തുഷാര്‍ പത്താംക്ലാസില്‍ ഒപ്പം പഠിച്ചവന്‍.

'നീയെങ്ങോട്ടാടാ?'

'ഒന്നു കോട്ടയം വരെ പോകണം'-ഞാന്‍ പറഞ്ഞു.

'അച്ഛന്‍ ഹോസ്പിറ്റല്‍ കിടക്കുന്നു.' 

'എന്തുപറ്റിയെടാ?' 

'പനിയാടാവ്വെ.'
'ഉം.'

'ഞാനൊന്ന് വീടൂവരെ പോയെച്ച് വരാന്ന് വച്ചു'

'നീ പൊയ്‌ക്കോ ഞാന്‍ ഇതുവഴിയാണ് പോകുന്നത് ഇതാ എളുപ്പവഴി.'

തുഷാര്‍ ആ വഴി നടന്നു പോയി.

നടന്നു ഓട്ടോ സ്റ്റാന്റ് പിന്നിട്ടു ബസ് സ്റ്റാന്‍ഡില്‍ എത്തി. ഷര്‍ട്ടാകെ വിയര്‍ത്തു നനഞ്ഞിരുന്നു.
ഒഴിഞ്ഞ കസേരയില്‍ ഇരുന്നു. ബസ് ഇനി എപ്പോഴാണാവോ?

മനസ്സില്‍ വിചാരിച്ചതെയുള്ളു  ദാ വരുന്നു. തിരുവനന്തപുരം ടു കോട്ടയം നല്ല തിരക്കായിരുന്നു ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല.  കമ്പിയില്‍ തൂങ്ങി പിടിച്ചു നിന്നു.

ബസ്സിന്റെ കുലുക്കത്തിനനുസരിച്ച്  ഞാനും കുലുങ്ങി.

'ഇത് പ്രശ്‌നമാകും' -മനു മനസ്സില്‍ പറഞ്ഞു .

കൊട്ടാരക്കര പിന്നിട്ടു ഒരുവിധം തിരക്കുകുറഞ്ഞു.  ഇരിക്കാന്‍ സീറ്റ് കിട്ടി അതൊരു ആശ്വാസമായി. മനുകണ്ണുകള്‍ അടച്ച് സീറ്റില്‍ ചാരി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വയറ്റില്‍ ഒരു ഇളക്കം! വയര്‍ തടവി അത് മുകളിലേക്ക് വരുന്ന പോലെ.

ഗുളിക കഴിച്ചിട്ടും പിന്നെ ഇതെന്ത് പരീക്ഷണമാ ഭഗവാനെ.  

'ചേട്ടാ ആ സൈഡ് സീറ്റില്‍ ഒന്നിരുന്നോട്ടെ.'

'അതൊന്നും പറ്റില്ല. നീയവിടങ്ങാനും ഇരിക്ക്'-അയാള്‍ പുറത്തേക്ക് നോക്കി ഇരുന്നു.

ഉള്ളില്‍ കിടന്ന ഭയം പിടഞ്ഞുണര്‍ന്നു. പെട്ടെന്ന് ഉള്ളില്‍ നിന്നും ഒരാന്തല്‍. വാ പൊത്തി കൊണ്ട് സൈഡ് സീറ്റില്‍ ഇരുന്നയാളുടെ നടുവിലൂടെ തല വെളിയിലേക്ക് ഇട്ടു ചര്‍ദ്ധിച്ചു.

'നാശം പിടിച്ചവന്‍, എവിടുന്ന് വരുന്നടാ ഇവനൊക്കെ..' ആരൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. ഞാന്‍ അയാളെ ദയനീയമായി നോക്കി. അയാള്‍ അവിടുന്ന് എഴുന്നേറ്റു മാറി.

ബസ്സിന്റെ സൈഡ് മുഴുവന്‍ രാവിലെ കുടിച്ച കഞ്ഞിയായിരുന്നു.   

'വെള്ളമടിച്ച് വണ്ടിയില്‍ കയറി ഇരുന്നോളും ഓരോത്തന്മാര്. ബാക്കിയുള്ളവരെ മെനക്കെടുത്താന്‍.' 

ഞാന്‍ ഒന്നിനും ചെവികൊടുത്തില്ല. ആരോട് പറയാന്‍! പണ്ട് മുതല്‍ക്കേ ഉള്ള ശീലമാണ് വണ്ടിയില്‍ കയറിയാ ചര്‍ദ്ധിക്കും. എന്ന് വച്ച് ജോലിക്ക് പോകാതിരിക്കാന്‍ പറ്റുമോ? വീട്ടിലെ അവസ്ഥ പരിതാപകരമാണ്.

പിന്നെയും തല പുറത്തേക്കിട്ടു ചര്‍ദ്ധിച്ചു.

ഭാഗ്യം മുമ്പത്തെ പോലെ ചോറൊന്നും അധികം വന്നില്ല.

കണ്ടക്ടര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 

അതിനൊന്നും ചെവി കൊടുക്കാതെ ഇരുന്നു. 

'ബാക്കിയുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കാന്‍ ഒരോത്തന്മാര് ഇറങ്ങിക്കോളും'- മുന്നിലെ സീറ്റില്‍
ഇരുന്ന സ്ത്രീ പറഞ്ഞു.

'ആ വിന്‍ഡോ താഴ്ത്തിയിട് അല്ലെങ്കില്‍ പുറത്ത് തെറിയ്ക്കും'- സ്ത്രീ പറഞ്ഞു അടുത്തിരുന്നവര്‍ കൂടി എഴുന്നേറ്റ് മാറിനിന്നു. അതുകണ്ടിട്ടാകണം പ്രായമായൊരു സ്ത്രീ അരികില്‍ വന്നിരുന്നുപറഞ്ഞു: 
'യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദിക്കാതിരിക്കാന്‍ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് നമ്മുടെ ഇന്ദ്രിയങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ കുറച്ച് തലച്ചോറിന്റെ കണ്‍ഫ്യൂഷന്‍ കുറയ്ക്കും.

എന്തോരോ എന്തോ! ഒന്നും മനസ്സിലായില്ല. എങ്കിലും തലകുലുക്കി.

'യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിക്കുന്ന ശീലമുണ്ടെങ്കില്‍ കവറുകള്‍ കയ്യില്‍ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോള്‍ ഈ കവറുകളില്‍ ഛര്‍ദ്ദിക്കാം'-  അവര്‍ അടുത്തിരുന്ന് പറഞ്ഞു കൊണ്ടിരുന്നു. 

'മോനെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛര്‍ദ്ദിയ്ക്കരുത് അപകടമാണ്.' 

ഞാന്‍ പിന്നെയും തലകുലുക്കി. ചങ്ങനാശ്ശേരി എത്തിയപ്പോള്‍ അവരിറങ്ങിപ്പോയി.

ഇതൊക്കെ എന്ത്! മുമ്പൊരിക്കല്‍ ചാത്തന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ വച്ച് ഒരാളുടെ തലയില്‍ ചര്‍ദ്ധിച്ചു ആ പാവം കുളിച്ചു ഒരുങ്ങി കല്യാണത്തിനോ മറ്റോ പോകാന്‍ വേണ്ടി വന്നതാണെന്ന് തോന്നുന്നു. 

അന്നയാള്‍ പറഞ്ഞ് തെറി ഇന്നും ഓര്‍ക്കുന്നു. 

'ഇതൊരു രോഗമാണെന്ന് തോന്നുന്നു.'- എത്രയെത്ര അനുഭവങ്ങള്‍.

ഗുളിക കഴിച്ചിട്ടും ഒരു രക്ഷയുമില്ല.  ആദ്യമൊക്കെ നാരങ്ങാ മണപ്പിച്ചു നോക്കി. അടിവയറ്റില്‍ പേപ്പര്‍ വച്ചുനോക്കി. നേരെ നോക്കി ഇരുന്നു. ഒടുവില്‍ സോഡയും കുടിച്ചു നോക്കി. 

പലരും പലവിധമാണ് പറയുന്നത്.

സത്യത്തില്‍ ഇതിനൊരു പ്രതിവിധി ഇല്ലേ?

ഞാന്‍ പിന്നെയും തലപുറത്തേക്കിട്ടു. അകത്തൂന്ന് ഇപ്രാവശ്യം ഒന്നും വന്നില്ല.

വല്ലാത്തൊരു നാറ്റം  പൊതിഞ്ഞു നിന്നു. കോട്ടയം എത്താറായി. 

സീറ്റ്വക്കെ ഏകദേശം കാലിയായി. കണ്ടക്ടര്‍ തന്നെ നോക്കി ഇരിക്കുന്നു.

കോട്ടയം ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി. നല്ല തിരക്കായിരുന്നു. അടുത്തുകണ്ട കടയില്‍ കയറി ഒരു കുപ്പി വെള്ളം വാങ്ങി. പുറത്ത് പോയി മുഖവും വായും കഴുകി. 

കുമരകം ബസ്സ് കിടക്കുന്ന ഭാഗത്തേക്ക് നടന്നു. ഭാഗ്യം ബസ്സ് ഉണ്ട്. സമയം രാത്രി എട്ടര ആയിരുന്നു. സീറ്റില്‍ പോയി ഇരുന്നു.

കണ്ടക്ടര്‍ ടിക്കറ്റുമായി വന്നു. 'എങ്ങോട്ടാ?'

'ചക്രം പടി'- അയാള്‍ പതിനേഴു രൂപ ടിക്കറ്റ് കീറി തന്നു. 

അരമണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ആശ്വാസമായി. 

രാത്രി കാഴ്ചകള്‍ നോക്കി ഞാന്‍ ഇരുന്നു.

സ്റ്റോപ്പ് എത്താറായതും എഴുന്നേറ്റു.  ബസ്സ് നിന്നു. ഞാന്‍ ഇറങ്ങി. റൂമിലേക്ക് നടന്നു പോയി. 

അടുത്ത യാത്രയും ഇതുപോലൊക്കെ തന്നെയാണ് എന്ന് തിരിച്ചറിവ് ഉണ്ടായിരുന്നു. ഒരോ യാത്രയും ഓരോ പാഠമാണ്.  ഛര്‍ദ്ദിക്കും എന്ന പേടിയില്‍ യാത്രകള്‍ ഒഴിവാക്കാതെയിരിക്കുക. 


 

Follow Us:
Download App:
  • android
  • ios