ലോകത്തിലെ പല ജീവികളും ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാവ്യതിയാനവും മനുഷ്യർ നടത്തുന്ന ചൂഷണവും എല്ലാം അതിന് കാരണമായിത്തീരാറുമുണ്ട്. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വംശനാശം സംഭവിച്ചു എന്ന് കരുതപ്പെടുന്ന ചില ജീവികളെ കണ്ടെത്തിയിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി ഇപ്പോഴിതാ അത്തരത്തിൽ ഒരു ഭീമൻ ആമയെ കണ്ടെത്തിയിരിക്കുകയാണ്. ഒരു നൂറ്റാണ്ട് മുമ്പെങ്കിലും വംശനാശം സംഭവിച്ചു എന്ന് കരുതപ്പെടുന്ന ഭീമൻ ആമയെ ആണ് കണ്ടെത്തിയിരിക്കുന്നത്. 

ഗാലപാഗോസ് ദ്വീപുകളിൽ 2019 -ൽ കണ്ടെത്തിയ ഈ ഭീമൻ ആമ ഒരു നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച ഇനമാണ് എന്ന് ഇക്വഡോർ ഇപ്പോൾ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ഗാലപാഗോസ് ദേശീയ ഉദ്യാനം ഈ ഭീമനാമകളെ  സംരക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. അതിനായി കൂടുതൽ ഭീമൻ ആമകളെ തിരയാനുള്ള ഒരുക്കവും ആരംഭിച്ചു കഴിഞ്ഞു. 

ഗാലപാഗോസ് ദേശീയ ഉദ്യാനവും ഗാലപാഗോസ് കൺസർവൻസിയും ചേര്‍ന്ന് നടത്തിയ സംയുക്ത പര്യടനത്തിനിടെയാണ് രണ്ട് വർഷം മുമ്പ് ദ്വീപസമൂഹത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും സുന്ദരവുമായ ഫെർണാണ്ടീന ദ്വീപിൽ നിന്നും ഈ ഭീമന്‍  ആമയെ കണ്ടെത്തിയത്. യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത് ഒരു നൂറ്റാണ്ടിലേറെ മുമ്പ് വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടിരുന്ന ചേലോനോയ്ഡിസ് ഫാന്റസ്റ്റിക്കസ് എന്ന ഇനത്തിൽ പെടുന്ന ആമകളാണ് എന്ന് തിരിച്ചറിഞ്ഞത്. 

1906 -ല്‍ ഉണ്ടായിരുന്ന ആമകളുമായി ഈ ഇനം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യേല്‍ സര്‍വകലാശാല നടത്തിയ ഡിഎന്‍എ പഠനം വെളിപ്പെടുത്തുന്നുവെന്ന് ഗാലപാഗോസ് പാര്‍ക്ക് ഒരു പ്രസ്താവനയില്‍ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിന്റെ ജീവിവർഗങ്ങളുടെ പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനമായി പ്രവർത്തിച്ച ഗാലപാഗോസ് ദ്വീപുകളിൽ, പലതരം ആമകളും അരയന്നങ്ങൾ, ബൂബികൾ, ആൽബട്രോസ്, കോർമോറന്റുകൾ എന്നിവയോടൊപ്പം ജീവിക്കുന്നു എന്ന് കരുതപ്പെടുന്നു. വംശനാശം സംഭവിക്കുന്നവയുടെ പട്ടികയിൽ പെട്ട വേറെയും ഒട്ടേറെ സസ്യജന്തുജാലങ്ങളും ഇവിടെയുണ്ട്. 

“100 വർഷത്തിലേറെ മുമ്പ് ഈ ഇനം ആമകള്‍ക്ക് വംശനാശം സംഭവിച്ചതായി വിശ്വസിക്കപ്പെട്ടിരുന്നു! എന്നാല്‍, അവ ഇപ്പോഴും ഉണ്ടെന്ന് ഞങ്ങൾ വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നു” എന്ന് പരിസ്ഥിതി മന്ത്രി ഗുസ്താവോ മാൻറിക് തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി. ഗാലപ്പാഗോസ് ദേശീയ ഉദ്യാനത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം വിവിധ ഇനങ്ങളിൽ നിന്നുള്ള ഭീമൻ ആമകളുടെ ഇപ്പോഴത്തെ എണ്ണം 60,000 ആണെന്ന് കണക്കാക്കപ്പെടുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona