അവരെ കണ്ടുകൊണ്ട് എനിക്കിരിക്കാന്‍ വയ്യ! മൃതദേഹങ്ങള്‍ക്കരികില്‍ ഇരിക്കുന്ന പോലൊരു തോന്നല്‍. പെട്ടെന്നുണ്ടായ ചിന്തയില്‍ അന്‍പത് രൂപയെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്തു.
കാഞ്ചന,ഏഴ് വയസ്. അപ്പോള്‍ മാത്രമാണ് ആ ചില്ലുവാതിലിനപ്പുറം അവളെ കാണുന്നത്. റബ്ബര്‍ ബാന്‍ഡിട്ട് പുറകിലോട്ട് കെട്ടിയ മുടിയോ, വാടിയ കണ്ണുകളോ, പനിച്ചൂടില്‍ കരുവാളിച്ച ചുണ്ടോ, പാകമല്ലാത്ത ഉടുപ്പിനുള്ളിലെ അവളുടെ ശരീരമോ അല്ല ഞാന്‍ ആദ്യം കണ്ടത്. ചെരുപ്പില്ലാത്ത അവളുടെ കാലുകള്‍! രാവിലെ ഞാന്‍ മിനുക്കി വച്ച അഞ്ച് വയസ്സുകാരി മോളുടെ കറുത്ത യൂണിഫോം ഷൂസ്സ് മനസ്സിലേക്ക് വന്നതും അപ്പോള്‍ കഴിച്ച ചായയും പലഹാരവും ഒരു തീപ്പന്തമായി എന്റെ ഇടനെഞ്ചിലേക്ക് ഇരച്ചു കയറി.
''മോളെ...കിട്ടാറായോ?''
ചോദ്യം കേട്ട് രജിസ്റ്ററില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ ചെറിയ കൗണ്ടറിലെ വലിയ തിരക്കിലേക്ക് നോക്കി.
''ഇല്ല, അര മണിക്കൂര്‍ കൂടി കഴിയും.''
''ഡോക്ടര്‍ പോവ്വോ സിസ്റ്ററെ?'' (രോഗിയുടെ കൂടെയുള്ള മോളാണ്)
''അതിന് മുന്‍പ് തരാം.''ഞാന്‍ മുഖമുയര്‍ത്താതെ പറഞ്ഞു.
അമര്‍ത്തിപ്പിടിച്ച ചുമയെ പറത്തി വിട്ട് കൊണ്ട് അയാള്‍ എതിരെയുള്ള സിമന്റ് ബെഞ്ചിലേയ്ക്കിരുന്നു.
വര്‍ഗീസ്സ്, 69 വയസ്സ്. പരിചിതനാണ്. ക്ഷയരോഗ ചികിത്സയുടെ ഭാഗമായുള്ള പതിവ് കഫ പരിശോധനയ്ക്ക് വന്നതാണ്. സമയം പന്ത്രണ്ട് മണിയോടടുക്കുന്നു. ഒരു മണിക്ക് മുന്‍പ് റിസള്‍ട്ട് കൊടുക്കണം.
പിന്നെയും പലരും വന്നും പോയുമിരുന്നു. അപ്പോഴാണ് കൗണ്ടറിനരികില്‍ ആ സ്ത്രീ നില്ക്കാന് തുടങ്ങീട്ട് കുറച്ച് സമയമായല്ലോ എന്ന് ഞാന്‍ ശ്രദ്ധിച്ചത്.
''എന്തേ?'' ഞാന്‍ ചോദിച്ചു.
മറുപടിയില്ല.
മലയാളിയല്ല. ഞാന്‍ അവരെ ഒന്ന് നോക്കി. ഉടുത്തു നരച്ചൊരു വേഷം. മാറ്റി ഉടുക്കാന്‍ വസ്ത്രം ഇല്ലാത്തവരെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്ന് എവിടെയോ വായിച്ചത് ക്ഷണനേരം കൊണ്ട് ഞാന്‍ ഓര്‍ത്തെടുത്തു. തമിഴത്തിയാണോ?
''എന്താ കാര്യം?'' ഞാന്‍ വീണ്ടും എങ്ങനെയോ ചോദിച്ചു.
അവര്‍ എന്തോ പറഞ്ഞു. ഇടുങ്ങിയ പല്ലുകളുള്ള, വായില്‍ നിന്നും തുപ്പലോട് കൂടി പുറത്തു വന്ന ചിലമ്പിച്ച വാചകങ്ങളിലെ ഭാഷ എനിക്ക് തെല്ലും മനസ്സിലായില്ല.
ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി. ശ്മശാനം! അതാണോര്മ വന്നത്. അല്ലെങ്കിലും കണ്ണുകളിലേക്ക് നോക്കി ഭാഷ ഞാനെങ്ങനെ അറിയും.
ബ്ലഡ് എടുത്ത് കൊണ്ടു നിന്ന സിസ്റ്റര്‍ പറഞ്ഞു, ''കൊച്ചേ അത് കാഞ്ചനയുടെ റിസള്ട്ടിനാണ്. ഇപ്പോള്‍ രക്തം എടുത്തേ ഉള്ളൂ. എന്ത് പറഞ്ഞാ അവിടെ ഒന്ന് ഇരുത്തുന്നത്. ആ കൊച്ചിനാണെങ്കില്‍ നല്ല പനിയും.''
ഞാന്‍ രാവിലത്തെ ചായ കുടിക്കാന്‍ അങ്ങോട്ട് ഒന്ന് പോയിരുന്നു. അതാ കാണാതിരുന്നത്.
''സിസ്റ്റര്‍ എന്തേലും ഒന്ന് കഴിച്ചു വാ'' എന്ന് പറഞ്ഞ് കൊണ്ട് ഞാന്‍ അവരുടെ കയ്യില്‍ നിന്നും ഒ.പി ചീട്ട് വാങ്ങി.
കാഞ്ചന,ഏഴ് വയസ്. അപ്പോള്‍ മാത്രമാണ് ആ ചില്ലുവാതിലിനപ്പുറം അവളെ കാണുന്നത്. റബ്ബര്‍ ബാന്‍ഡിട്ട് പുറകിലോട്ട് കെട്ടിയ മുടിയോ, വാടിയ കണ്ണുകളോ, പനിച്ചൂടില്‍ കരുവാളിച്ച ചുണ്ടോ, പാകമല്ലാത്ത ഉടുപ്പിനുള്ളിലെ അവളുടെ ശരീരമോ അല്ല ഞാന്‍ ആദ്യം കണ്ടത്. ചെരുപ്പില്ലാത്ത അവളുടെ കാലുകള്‍! രാവിലെ ഞാന്‍ മിനുക്കി വച്ച അഞ്ച് വയസ്സുകാരി മോളുടെ കറുത്ത യൂണിഫോം ഷൂസ്സ് മനസ്സിലേക്ക് വന്നതും അപ്പോള്‍ കഴിച്ച ചായയും പലഹാരവും ഒരു തീപ്പന്തമായി എന്റെ ഇടനെഞ്ചിലേക്ക് ഇരച്ചു കയറി.
''ബ്ലഡ് റൂട്ടീന്‍,പ്ലേറ്റ്ലെറ്റ് കൂടെ SGPT'
ഞാന്‍ അവളുടെ നെറ്റിയില്‍ ഒന്ന് തൊട്ടു. ശരിയാ, നല്ല പനിയുണ്ട്. ഒരു മണിക്കൂറെടുക്കും റിപ്പോര്‍ട്ട് ആകാന്‍. അങ്ങോട്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ച് ഞാന്‍ അടുത്ത ചീട്ട് വാങ്ങി.
അവര്‍ ഇരുന്നില്ല. അവിടെ തന്നെ നിന്നു. കൊച്ചിനെയെങ്കിലും ഒന്ന് ഇരുത്തിയെങ്കില്‍. രാവിലെ മുതല്‍ അവള് ഒന്നും കഴിച്ചിട്ടില്ലെന്ന് എനിക്കെന്നല്ല, ആര്‍ക്കും മനസ്സിലാകും. വിശപ്പുണ്ടാകില്ല. എന്റെ മോള്‍ക്കും അങ്ങനാണ്. ദാഹം...പനിച്ചാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം. എനിക്ക് ശ്വാസം മുട്ടി തുടങ്ങി.
ഇല്ല അവരെ കണ്ടുകൊണ്ട് എനിക്കിരിക്കാന്‍ വയ്യ! മൃതദേഹങ്ങള്‍ക്കരികില്‍ ഇരിക്കുന്ന പോലൊരു തോന്നല്‍. പെട്ടെന്നുണ്ടായ ചിന്തയില്‍ അന്‍പത് രൂപയെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്തു.
''എന്തെങ്കിലും കഴിച്ചു വാ'' ആംഗ്യത്തിലൂടെ പറഞ്ഞു.
വിശപ്പിനും വേദനക്കും എന്തോന്ന് ഭാഷ. അവര്‍ അത് വാങ്ങി.
''ആ കാന്റീന് ഒന്ന് കാണിച്ചു കൊടുക്കൂ.'' ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.
പനിയുടെ ദാഹച്ചൂട് ശരിക്കും അറിയുന്ന ആരോ ഒരാള്‍ ക്യൂവില്‍ നിന്നും നീങ്ങി അവരെ അങ്ങോട്ട് കൊണ്ടുപോയി.
ഇതെല്ലാം മിനിറ്റുകള്‍ക്കുള്ളില്‍ നടന്നതാണ്. കൂടെയുള്ള സിസ്റ്ററോട് എന്തെങ്കിലും കഴിച്ചിട്ട് വരാന്‍ പറഞ്ഞ് (സമയം 12.15) ഞാന്‍ മുന്നിലെ വരിയിലേക്ക് തിരിഞ്ഞു. അവിടെ പ്രായ, മത, ലിംഗ ഭേദമില്ലാതെ മുടിയില്ലാത്തവരുടെയും ഉള്ളവരുടെയും (കീമോ രോഗികള്‍), നീരുള്ളവരുടെയും, ഇല്ലാത്തവരുടെയും (വൃക്ക രോഗികള്‍), ഗര്‍ഭിണികളുടെയും, കുട്ടികളുടെയും കണ്ണുകള്‍ ഉണ്ട്. പരിശോധനാ ഫലം കാത്തുനില്ക്കുന്ന വാടിയ കണ്ണുകള്‍.
പതിയെ എന്റെ മുന്നില്‍ നിന്നും അവര്‍ ഓരോരുത്തരും മറഞ്ഞു തുടങ്ങി. അങ്ങനെ എന്റെ കയ്യിലേക്ക് ആ റിപ്പോര്‍ട്ടും വന്നു.
''കാഞ്ചന,ഏഴ് വയസ്സ്. പ്ലേറ്റ്ലെറ്റ് 63000 cells,ടോട്ടല്‍ കൗണ്ട് 3800 cells/cumm വേഗം...'
അവരെവിടെ? രണ്ടു വട്ടം... പിന്നെ പലവട്ടം...ഞാനും, ഞങ്ങള്‍ അന്നുണ്ടായിരുന്ന സ്റ്റാഫ് എല്ലാവരും മാറി മാറി വിളിച്ചു.
ഇല്ല, അവരവിടെ ഇല്ല. അറ്റന്‍ഡര്‍ ചേട്ടനോട് ഒരു ചുമരിനപ്പുറമുള്ള കാന്റീനില്‍ നോക്കാന്‍ പറഞ്ഞു. മറ്റൊരാളെ എന്റെ കൗണ്ടറില്‍ ഇരുത്തി 'കാഞ്ചന,ഏഴ് വയസ്സ്' എന്നുരുവിട്ട് കൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി.
''ഇല്ല സിസ്റ്ററെ, അവരെ കണ്ടില്ല.'' എന്ന് പറഞ്ഞ് ചേട്ടന് തന്റെ ഇനിയും തീരാത്ത ജോലിയിലേക്ക് മടങ്ങി.
എന്റെ റബ്ബേ! ഞാന്‍ എന്താ ചെയ്തത്. എന്റെ കൈത്തലത്തില് അവളുടെ പൊള്ളുന്ന ചൂട് അറിഞ്ഞിട്ടും ഞാന്‍ അവരെ വിട്ടില്ലേ? ഒരു വിവരവും ഇല്ലാത്ത അവരെ ആ സമയം ആ കുഞ്ഞിനെ കാഷ്വലിറ്റിയില്‍ ഡ്യൂട്ടി നേഴ്സിനെ ഏല്പിക്കാന് തോന്നാതിരുന്ന ആ നിമിഷത്തെ ഓര്‍ത്ത് ഞാനും എന്റെ കയ്യിലെ ആ കടലാസും വിറച്ചു.
കാഷ്വലിറ്റിയിലും കാന്റീനിലും ആശുപത്രി കോമ്പൗണ്ടിലും. അവരെ തിരഞ്ഞു നടന്നു. എങ്ങോട്ടാണ് ആ അന്‍പത് രൂപയുമായി? ലോകത്തിന്റെ ഏത് കോണിലേക്കാണ് നിങ്ങള്‍ പോയത്? ആ നട്ടുച്ച വെളിച്ചത്തിലും അവരെ കാണാതെ ഞാന്‍ ഇരുട്ടിലായി.
തിരിച്ചു വന്ന് ലാബ് റജിസ്റ്ററിന്റെ അവസാന പേജിലേക്ക് മറ്റുള്ളവരെയും പറഞ്ഞേല്പിച്ച് ആ റിസള്‍ട്ട് ഞാന്‍ ഭദ്രമായി വച്ചു.
കാത്തിരിപ്പിന്റെയും അസ്വസ്ഥതയുടെയും ആദ്യ ദിവസങ്ങള്‍ പതിയെ വിട്ടകന്നു. റിസള്‍ട്ടുകളും രജിസ്റ്ററുകളും പലതും വന്നു പോയി.
അങ്ങനെ എത്ര എത്ര അനുഭവങ്ങള്‍. ഞാന്‍ ഈ കോഴ്സ് പഠിക്കുന്ന നാള് മുതല്‍ ജോലി നോക്കിയ കാലം വരെ. നൊമ്പരങ്ങളുടെയും, ചെറിയ സന്തോഷങ്ങളുടെയും, മരുന്നിന്റെ മണമുള്ള എത്ര കുഞ്ഞനുഭവങ്ങള്‍. തീര്‍ച്ചയായും ഉറപ്പുണ്ട്, ഇതൊന്നും എനിക്ക് മാത്രമല്ല എന്റെ ഈ മേഖലയിലുള്ള എല്ലാ കൂട്ടുകാര്‍ക്കും, സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഏവര്‍ക്കും ഉണ്ടാകും. മനസ്സ് തേങ്ങി പോകുന്ന ഒരുപാട് ഓര്‍മ്മകള്‍!
കാലം ഏറെ മുന്നോട്ട് പോയി. ആ അഞ്ച് വയസ്സ് ഷൂസുകാരി ഇന്ന് പന്ത്രണ്ടാം വയസ്സില്‍ എത്തി നില്ക്കുന്നു. പക്ഷേ ഇന്നും പനിയുമായി അവള് ഉറങ്ങുന്ന രാത്രികളില്‍ അവളെ ഉണര്‍ത്താതെ എന്റെ കൈ അവളുടെ നെറ്റിയില്‍ അമര്‍ന്ന് പനിച്ചൂട് നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ 'കാഞ്ചന,ഏഴ് വയസ്സ്. പ്ലേറ്റ്ലെറ്റ് 63500,TC 3800' എന്നൊരു മിന്നല്‍ തെന്നി മായും!
കുഞ്ഞേ...വീണ്ടും ചോദിക്കുന്നു. എവിടേക്കാണ് ആ പൊള്ളുന്ന വെയിലില്‍ അതിനേക്കാള്‍ വലിയ പൊള്ളുന്ന ഉള്‍ച്ചൂടും ആ നഗ്നമായ കാലുകളുമായി, നീ പോയത്?
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 26, 2020, 4:14 PM IST
Post your Comments