ടൂര്‍ കഴിഞ്ഞ് ഏതെങ്കിലും വിദേശരാജ്യത്ത് നിന്നും തിരിച്ചെത്തി. ഒരു വര്‍ഷം കഴിഞ്ഞ് അവിടെ നിന്നും ഒരു ട്രാഫിക് ഫൈന്‍ വന്നാലെന്താവും അവസ്ഥ? അത്തരത്തിലുള്ള ഒരു അനുഭവമാണ് സ്വിറ്റ്സര്‍ലാന്‍ഡ് യാത്രക്ക് ശേഷം ഈ ഡെല്‍ഹി സ്വദേശിനിക്ക് ഉണ്ടായത്. 

ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തി ഒരു വർഷത്തിന് ശേഷം 1.5 ലക്ഷം രൂപ പിഴ. അതേ, സ്വിറ്റ്‌സർലൻഡിൽ നിന്ന് തനിക്ക് ലഭിച്ച ട്രാഫിക് പിഴയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കയാണ് ഡെൽഹി സ്വദേശിനി. 1.5 ലക്ഷത്തോളം രൂപയുടെ പിഴയാണ് യാത്ര കഴിഞ്ഞ് 1 വർഷത്തിന് ശേഷം ഇവരെ തേടിയെത്തിയത്. എക്സിൽ (ട്വിറ്റർ) @Poan__Sapdi എന്ന യൂസറാണ് ഈ അനുഭവം പങ്കുവെച്ചത്. യാത്ര കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഇത്രയും വലിയ തുകയുടെ ചെല്ലാൻ ലഭിച്ചതിൽ താൻ അത്ഭുതപ്പെട്ടുവെന്നും, ഈ പിഴയ്ക്കെതിരെ അപ്പീൽ നൽകാനോ തുക കുറയ്ക്കാനോ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയാൻ ശ്രമിക്കുകയാണെന്നും അവർ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'സ്വിറ്റ്‌സർലൻഡിൽ പോയി മടങ്ങിയെത്തി മാസങ്ങൾക്ക് ശേഷം ആർക്കെങ്കിലും ഇതുപോലെ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ വന്നിട്ടുണ്ടോ? യാത്ര കഴിഞ്ഞ് ഒരു വർഷത്തോളമായപ്പോൾ ഞങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ ചെല്ലാൻ ലഭിച്ചിരിക്കുകയാണ്. ഇതിനെതിരെ അപ്പീൽ നൽകാനോ, തുക കുറയ്ക്കാനോ, അല്ലെങ്കിൽ ഇത് ഒഴിവാക്കാനോ എന്തെങ്കിലും വഴിയുണ്ടോ എന്ന് അറിയാൻ ശ്രമിക്കുകയാണ്' അവർ എക്സിൽ കുറിച്ചു.

പിന്നീട് പങ്കുവെച്ച മറ്റൊരു കുറിപ്പിൽ, തുക താൻ ആദ്യം വിചാരിച്ചതിലും കൂടുതലാണെന്നും അവർ പറയുന്നുണ്ട്. 'ഇത് യഥാർത്ഥത്തിൽ അതിലും കൂടുതലാണെന്ന് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കി... ആകെ 1.5 ലക്ഷം രൂപയോളമുണ്ട്' എന്നാണവർ പറയുന്നത്.

Scroll to load tweet…

ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ, വിദേശയാത്ര കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സമാനമായ രീതിയിൽ ട്രാഫിക് പിഴകൾ ലഭിച്ച മറ്റ് ആളുകളും തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തെത്തി.

ജർമ്മനിയിൽ നിന്ന് തനിക്ക് സ്പീഡിങ് ടിക്കറ്റ് കിട്ടിയ കാര്യമാണ് ഒരാൾക്ക് പറയാനുണ്ടായിരുന്നത്. 'ഒരു യാത്രയ്ക്ക് ശേഷം ജർമ്മനിയിൽ നിന്ന് എനിക്ക് 10,000 രൂപയുടെ പിഴ ലഭിച്ചിരുന്നു. ഞാൻ അത് അടച്ചു. പക്ഷേ 1 ലക്ഷം രൂപയെന്നത് കുറച്ച് കൂടുതലാണ്' എന്നാണ് ഇയാൾ എഴുതിയത്.

'എന്തെങ്കിലും വഴി അറിഞ്ഞാൽ ദയവായി പറയണേ, ഞങ്ങൾക്ക് ഇറ്റലിയിൽ നിന്ന് ഏകദേശം 12,000-15,000 രൂപയുടെ ചെല്ലാൻ വന്നിട്ടുണ്ട്. എങ്ങനെ അടയ്ക്കണമെന്ന് അറിയാത്തതുകൊണ്ട് അടയ്ക്കാൻ കഴിഞ്ഞിട്ടില്ല' എന്നായിരുന്നു സമാനമായ അനുഭവമുള്ള മറ്റൊരാളുടെ കമന്റ്.

അതേസമയം, ലഭിച്ച നോട്ടീസ് വളരെ ഗൗരവത്തോടെ കാണണമെന്നും പലരും യുവതിയെ ഉപദേശിച്ചു. 'സ്വിസ് ട്രാഫിക് പിഴകൾ വളരെ വലുതാണ്. അത് അടച്ചു തീർക്കുക, അല്ലാത്തപക്ഷം അവർ അതിന്മേൽ പലിശ കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് വേണമെങ്കിൽ തുക തവണകളായി അടയ്ക്കാനുള്ള അനുമതി ചോദിക്കാം. ഇനി നിങ്ങൾ എപ്പോഴെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വീണ്ടും യാത്ര ചെയ്യുകയാണെങ്കിൽ, 20 വർഷത്തിന് ശേഷമാണെങ്കിൽ പോലും അവർ നിങ്ങളെ തടഞ്ഞേക്കാം' എന്നാണ് ഒരാൾ മുന്നറിയിപ്പ് നൽകിയത്.