ഇന്ന്, 530 -ൽ പകുതിയോളം വീടുകൾ യാതൊരു പരിചരണമോ ഉടമയോ ഇല്ലാതെ ഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു.

ഒരു കുട്ടിയായിരിക്കുമ്പോള്‍ നമ്മളെല്ലാം ഡിസ്നി കൊട്ടാരത്തില്‍ (Disney Castles) ജീവിക്കണം എന്ന് ആഗ്രഹിച്ച് കാണും അല്ലേ? നമ്മുടെ സ്വപ്നങ്ങളിലൊക്കെയും ഒരുപക്ഷേ ഒരു ഡിസ്നി കൊട്ടാരമുണ്ടായിട്ടുണ്ടാവും. തുർക്കി(Turkey)യിലെ മുദുർനുവിൽ സ്ഥിതി ചെയ്യുന്ന ബുർജ് അൽ ബാബാസ് (Burj Al Babas) അതുപോലെ ഒരിടമാണ്. സമ്പന്നർക്കും വരേണ്യവർഗത്തിനും മാത്രമായി ഒരു പ്രത്യേക സ്ഥലമായി വാർത്തകളിൽ ഇടം നേടിയ സ്ഥലമാണിത്. എന്നാൽ ഇന്ന് ആ സ്ഥലം ഒരു 'പ്രേത നഗരം' മാത്രമാണ്. 

നിരവധി ഡിസ്നിലാന്റ് മാതൃകയിലുള്ള കോട്ടകൾ ചേർന്ന ഈ പട്ടണം വർഷങ്ങളോളം ഏറ്റവും വലിയ ആഡംബര ഇടമായി നിലനിന്നുവെങ്കിലും ഇന്നത് ഉപേക്ഷിക്കപ്പെട്ട് കിടക്കുകയാണ്. 200 മില്യൺ ഡോളർ വിലയുള്ള 732 മൂന്ന് നിലകളുള്ള വില്ലകളെങ്കിലും ഈ സ്ഥലത്ത് ഉണ്ടായിരിക്കണം. എന്നാൽ ഇന്ന്, നഗരം ആളൊഴിഞ്ഞതും മിക്കവാറും ഭയാനകമായതുമായിട്ടാണ് കാണപ്പെടുന്നത്. 

ഗോതിക് ഗോപുരങ്ങൾ, വലിയ ജനലുകൾ, ബാൽക്കണി എന്നിവ ഉപയോഗിച്ച് സരോട്ട് ഗ്രൂപ്പാണ് ഈ പ്രോപ്പർട്ടികൾ രൂപകൽപ്പന ചെയ്തത്. സമ്പന്നരായ ഗൾഫ് കുടുംബങ്ങളും സഞ്ചാരികളും ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കപ്പെടുമെന്നും അവര്‍ ഇവിടെ സ്ഥലം വാങ്ങുമെന്നും ഇവര്‍ പ്രതീക്ഷിച്ചു. സ്റ്റൈലിഷ് വീടുകൾക്ക് പുറമേ, ഒരു സിനിമ തിയേറ്റര്‍, ഒരു ഷോപ്പിംഗ് സെന്റർ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ ടൗണിൽ നിർമ്മിക്കാനും സരോട്ട് ഗ്രൂപ്പിന് പദ്ധതിയുണ്ടായിരുന്നു. 2014 -ൽ നിർമ്മാണം ആരംഭിച്ചതിനുശേഷം കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ നടക്കുമെന്ന് പദ്ധതിക്ക് പിന്നിലുള്ളവർ പ്രതീക്ഷിച്ചു. വീടുകൾ 370,000 ഡോളറിനും (5 275,574) 530,000 ഡോളറിനും (4 394,741) വിൽപ്പനയ്‌ക്കെത്തി. 

റിയൽ എസ്റ്റേറ്റ് സംരംഭം പകുതിയിലധികം വസ്തുവകകൾ അഡ്വാന്‍സായി വിറ്റുകൊണ്ട് വില്‍പനയ്ക്ക് തുടക്കം കുറിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, 2018 -ടെ വിൽപ്പന മോശമായി തുടങ്ങി. പദ്ധതി പൂർത്തിയാകുന്നതിനുമുമ്പ് ഡെവലപ്പർമാർ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന്, 530 -ൽ പകുതിയോളം വീടുകൾ യാതൊരു പരിചരണമോ ഉടമയോ ഇല്ലാതെ ഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു. വാങ്ങിയ വീടുകൾക്ക് പണം നൽകാൻ വിസമ്മതിച്ചവരാണ് പദ്ധതിയുടെ തകർച്ചയ്ക്ക് കാരണമെന്ന് സരോട്ട് ഗ്രൂപ്പ് ചെയർമാൻ മെഹ്മെത്ത് എമിൻ യെർഡെലെൻ കുറ്റപ്പെടുത്തി. 

അദ്ദേഹം ഹുറിയെറ്റ് ഡെയ്‌ലി ന്യൂസിനോട് പറഞ്ഞത്, തങ്ങൾ വിറ്റ വില്ലകൾക്ക് ഏകദേശം 7.5 മില്യൺ ഡോളർ (5,585,662) തങ്ങൾക്ക് കിട്ടിയില്ല എന്നാണ്. പദ്ധതിയുടെ മൊത്തം മൂല്യം ഏകദേശം $ 200 ദശലക്ഷമാണ് എന്നും അദ്ദേഹം പറയുന്നു. 250 വില്ലകള്‍ ഇപ്പോഴും പൂര്‍ത്തിയായതും താമസിക്കാന്‍ സാധിക്കുന്നത് പോലെയും ലഭ്യമാണ്. അതില്‍ നൂറെണ്ണം വിറ്റാല്‍ തന്നെ കടം തീരുകയും പദ്ധതി പൂര്‍ത്തിയാവുകയും ചെയ്യുമെന്നും അഞ്ച് മാസത്തിനുള്ളില്‍ ഈ പ്രതിസന്ധി മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 2019 -ല്‍ അവിടം തുറന്ന് കൊടുക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

എന്നാല്‍, ഇന്ന് ഈ സ്ഥലം ഒരു 'പ്രേതന​ഗരം' മാത്രമാണ്. ഒപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം കൂടിയായി അത് മാറുന്നു.