Asianet News MalayalamAsianet News Malayalam

10 വർഷത്തോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട് ആഹാരം പോലും കൊടുക്കാതെ മക്കൾ

വീടിന്റെ ഗേറ്റും മുൻവശത്തെ വാതിലും പുറത്തുനിന്ന് പൂട്ടി മക്കൾ ആഴ്ചയിലൊരിക്കൽ ഭക്ഷണവും ബിസ്‌ക്കറ്റും കൊണ്ട് വന്ന് കൊടുക്കുമായിരുന്നു. ആഴ്ചയിൽ ബാക്കിയുള്ള ദിവസങ്ങളിൽ വൃദ്ധയ്ക്ക് അയൽവാസികളാണ് ആഹാരവും വെള്ളവും മറ്റും നൽകിയിരുന്നത്.

abandoned grandma locked up in home rescued
Author
Thanjavur, First Published Apr 17, 2022, 2:32 PM IST

തഞ്ചാവൂരി(Thanjavur)ൽ പത്ത് വർഷത്തിലേറെയായി മക്കൾ വീട്ടിൽ പൂട്ടിയിട്ട 72 -കാരിയെ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ജ്ഞാനജ്യോതി(Gyanjothi)എന്നാണ് വൃദ്ധയുടെ പേര്. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ദുർബലയായ ആ സ്ത്രീ തന്റെ വീടിനുള്ളിൽ നഗ്നയായി കിടക്കുന്നതിന്റെ ഒരു വീഡിയോ എങ്ങനെയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് കണ്ട ഒരു അജ്ഞാതനാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, സാമൂഹ്യക്ഷേമ വകുപ്പിന്റെ വനിതാ ഹെൽപ്പ്‌ലൈൻ നമ്പറായ 181 -ലേക്ക് ഒരു ഫോൺ വന്നു. പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി വൃദ്ധയുടെ അവസ്ഥയും, മേൽവിലാസവും മറ്റ് വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതേത്തുടർന്ന് ജീവനക്കാരായ എം വിമലയും ദിവ്യയും തഞ്ചാവൂരിലെ കാവേരി നഗറിലെ അഞ്ചാം തെരുവിലെ വീട്ടിലേക്ക് എത്തി. പൊലീസും അവർക്കൊപ്പമുണ്ടായിരുന്നു.  

അവിടെ എത്തിയ അവർ ശരിക്കും ഞെട്ടിപ്പോയി. സ്ത്രീയെ മക്കൾ വീടിനുള്ളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അവർ നഗ്നയായി വെറും നിലത്ത് കിടക്കുകയായിരുന്നു. ഇത് കണ്ട ഹെൽപ്പ് ലൈൻ ജീവനക്കാരും പോലീസും ചേർന്ന് പൂട്ട് പൊളിച്ചു. അകത്ത് ചെന്നപ്പോൾ അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വർഷങ്ങളായി അവർ ആ മുറിയിൽ ഏകാന്തവാസം നയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കി. പെട്ടെന്ന് ഒരുപാട് അപരിചിതരെ കണ്ട അമ്മ ആദ്യം അക്രമാസക്തമായി പെരുമാറി. എന്നാൽ പിന്നീട് ഉദ്യോഗസ്ഥർ പറഞ്ഞ് അനുനയിപ്പിച്ച് അവർക്ക് വസ്ത്രങ്ങൾ നൽകി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക നില തകരാറിലായ അവർക്ക് വേണ്ട ചികിത്സ നൽകുമെന്ന് ജീവനക്കാരിൽ ഒരാളായ വിമല പറഞ്ഞു.

ദൂരദർശനിലെ ഉദ്യോഗസ്ഥനായിരുന്ന ജ്ഞാനജോതിയുടെ ഭർത്താവ്. അദ്ദേഹം 2009-ൽ അന്തരിച്ചു. അതിനുശേഷം അവർ മകളോടൊപ്പമായിരുന്നു താമസം. അവരെ മകൾ നല്ല രീതിയിൽ പരിചരിച്ചിരുന്നു. എന്നാൽ, ഭർത്താവ് മരണപ്പെട്ട് രണ്ട് വർഷത്തിനുള്ളിൽ മകളും അവരെ വിട്ട് പോയി. അസുഖം ബാധിച്ചായിരുന്നു മരണം. മകളെ കൂടാതെ അമ്മയ്ക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിലൊരാൾ  റിട്ടയേർഡ് പൊലീസ് ഇൻസ്പെക്ടറായ ഷൺമുഖസുന്ദരം. മറ്റേയാൾ ദൂരദർശനിലെ ടെക്നിക്കൽ ജീവനക്കാരനായിരുന്നു, പേര് വെങ്കിടേശൻ. ഭർത്താവും, മകളും നഷ്ടപ്പെട്ട അമ്മയെ നോക്കാൻ എന്നാൽ ഇരുവരും തയ്യാറായില്ല. അവർ അമ്മയെ ഏകദേശം 10 വർഷത്തോളം വീട്ടിനുള്ളിൽ പൂട്ടിയിടുകയായിരുന്നു.  

വെങ്കിടേശന്റെ വീട് അല്പം ദൂരെയാണെങ്കിലും, ഷൺമുഖസുന്ദരം അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റും മുൻവശത്തെ വാതിലും പുറത്തുനിന്ന് പൂട്ടി മക്കൾ ആഴ്ചയിലൊരിക്കൽ ഭക്ഷണവും ബിസ്‌ക്കറ്റും കൊണ്ട് വന്ന് കൊടുക്കുമായിരുന്നു. ആഴ്ചയിൽ ബാക്കിയുള്ള ദിവസങ്ങളിൽ വൃദ്ധയ്ക്ക് അയൽവാസികളാണ് ആഹാരവും വെള്ളവും മറ്റും നൽകിയിരുന്നത്. അയവാസികൾ ആവശ്യങ്ങൾക്ക് എപ്പോഴും ഓടിയെത്താറുണ്ടെങ്കിലും, മക്കളെ ഭയന്ന് അവർ ഇത് പുറത്ത് പറഞ്ഞില്ല. ഇപ്പോൾ പ്രായമായ അമ്മയെ പരിചരിച്ചില്ലെന്ന കുറ്റത്തിന് മക്കൾക്കതിരെ നടപടി എടുക്കാൻ ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കയാണ്. അവരുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.  

Follow Us:
Download App:
  • android
  • ios