വീടിനടുത്തുള്ള പ്രദേശവാസികളോട് ജെയിംസ് ഈ വീടിനെക്കുറിച്ചും അവിടെ താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ചും അന്വേഷിച്ചപ്പോൾ ഏറെ ഭയത്തോടെയായിരുന്നു എല്ലാവരും അദ്ദേഹത്തിന് മറുപടി നൽകിയത്.

കാലമെത്ര പിന്നിട്ടാലും ചില കാര്യങ്ങൾ എന്നും നിഗൂഢതയായി തന്നെ തുടരാറുണ്ട്. അത്തരത്തിൽ ഒരു വീടിനെ കുറിച്ചുള്ള കഥയാണിത്. കഥയെന്നാൽ കെട്ടുകഥയല്ല, യഥാർത്ഥ കഥ. സ്പെയിനിലെ സെവില്ലയുടെ പ്രാന്തപ്രദേശത്താണ് ഈ ആളൊഴിഞ്ഞ വീട്. ഉപേക്ഷിക്കപ്പെട്ട വീടാണെങ്കിലും ഇപ്പോഴും ഈ വീടിനുള്ളിൽ നിറയെ പാവകളാണ്. തന്റെ രണ്ട് മക്കളെ നഷ്ടമായ ഒരു അമ്മ ആ മക്കൾക്കായി ശേഖരിച്ചതാണത്രേ ഈ പാവകൾ. ആയിരത്തിലധികം പാവകളാണ് ഈ വീട്ടിലുള്ളത്. മക്കൾ നഷ്ടപ്പെട്ട ദുഖത്തെ അതിജീവിക്കാനാണ് ഈ അമ്മ പാവകളത്രയും വാങ്ങിക്കൂട്ടിയത് എന്നാണ് പറയപ്പെടുന്നത്.

മക്കളുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു അമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. 2017 -ൽ ആണ് ഇവർ മരണപ്പെടുന്നത്. അതുവരെ അവർ വാങ്ങി ശേഖരിച്ച വ്യത്യസ്തങ്ങളായ പാവകളുടെ ശേഖരമാണ് ഈ വീട്ടിലുള്ളത്. കേംബ്രിഡ്ജിൽ നിന്നുള്ള പര്യവേക്ഷകനായ ബെൻ ജെയിംസ് ആണ് ഇപ്പോൾ ഈ വീടിന്റെ ചിത്രങ്ങൾ എടുത്ത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത്. വീടിന് ചെറിയതോതിലുള്ള കാലപ്പഴക്കത്തിന്റെതായ ജീർണതകൾ ഉണ്ടെങ്കിലും പാവകൾക്കൊന്നും കാര്യമായ കേടുപാടുകൾ ഇല്ലാ എന്നാണ് ജെയിംസ് പറയുന്നത്.

വീടിനടുത്തുള്ള പ്രദേശവാസികളോട് ജെയിംസ് ഈ വീടിനെക്കുറിച്ചും അവിടെ താമസിച്ചിരുന്ന സ്ത്രീയെക്കുറിച്ചും അന്വേഷിച്ചപ്പോൾ ഏറെ ഭയത്തോടെയായിരുന്നു എല്ലാവരും അദ്ദേഹത്തിന് മറുപടി നൽകിയത്. പ്രദേശവാസികളായ എല്ലാവർക്കും ആ സ്ത്രീയെ അറിയാമെങ്കിലും ആ വീട്ടിലേക്ക് കയറാൻ എല്ലാവരും ഭയപ്പെട്ടിരുന്നു. വീടിനുള്ളിൽ കയറി പാവകളിൽ സ്പർശിച്ചാൽ മരിച്ചുപോയ കുട്ടികളുടെ ശാപമേറ്റ് സ്പർശിക്കുന്നവരും മരിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. അതുകൊണ്ട് തന്നെ ആരും ആ വീടിനടുത്തേക്ക് പോലും പോകാറില്ല. വീട്ടുടമായായ സ്ത്രീ ജീവിച്ചിരുന്നപ്പോഴും ആരെയും വീട്ടിൽ കയറ്റുകയില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞതായാണ് ജെയിംസ് പിന്നീട് ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 

കൂടാതെ താൻ വീടിനുള്ളിലേക്ക് കടന്നപ്പോൾ ചില പാവകളിൽ നിന്നും മണികിലുക്കം പോലുള്ള ശബ്ദം കേട്ടെന്നും അത് കാറ്റു മൂലം സംഭവിച്ചതാകാമെന്നും ജെയിംസ് പറഞ്ഞതായുമാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അതിശയിപ്പിക്കുന്നതും ഭയാനകവുമായ ഇടമായാണ് ജെയിംസ് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവേ ഈ വീടിനെ വിശേഷിപ്പിച്ചത്.