പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആശുപത്രി ഡയറക്ടർ ഡോ. എസ്.കെ. മംഗ്ലിക്ക് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന വിശദീകരണം, ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കായി ആണ് ബോർഡ് വെച്ചിരിക്കുന്നത് എന്നും പലപ്പോഴും അത്യാസന്നനിലയിൽ കഴിയുന്നവരും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരുമാണ് ഇവിടെയെത്തുന്നതെന്നുമാണ്.

ഗർഭച്ഛിദ്രത്തിന് പരസ്യം നൽകി ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു ആശുപത്രി. 2500 രൂപയ്ക്ക് മരുന്ന് സഹിതം ഗർഭച്ഛിദ്ര സൗകര്യം നൽകുമെന്ന് അവകാശപ്പെടുന്ന പരസ്യ ബോർഡുകളാണ് ആശുപത്രിക്ക് മുൻപിൽ സ്ഥാപിച്ചിട്ടുള്ളത്. എടാചുങ്കി ക്രോസ്റോഡിൽ നിന്ന് 50 മീറ്റർ അകലെ പ്രവർത്തിക്കുന്ന മംഗ്ലിക് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഇത്തരത്തിൽ ഒരു ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഈ ബോർഡിൻറെ ചിത്രങ്ങൾ പകർത്തി ആരോ സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് സംഭവം വൈറലാവുകയും അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.

വിഷയം അലിഗഢ് സിഎംഒയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് നിർദേശം നൽകി. അന്വേഷണത്തിനായി ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയച്ചതായി സിഎംഒ നീരജ് ത്യാഗി പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആശുപത്രി രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

രജിസ്‌ട്രേഷൻ ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെങ്കിൽ നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഒ ത്യാഗി പറഞ്ഞു. രജിസ്ട്രേഷൻ ഉണ്ടെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാൻ നടപടി സ്വീകരിക്കും എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആശുപത്രി ഡയറക്ടർ ഡോ. എസ്.കെ. മംഗ്ലിക്ക് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന വിശദീകരണം, ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കായി ആണ് ബോർഡ് വെച്ചിരിക്കുന്നത് എന്നും പലപ്പോഴും അത്യാസന്നനിലയിൽ കഴിയുന്നവരും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരുമാണ് ഇവിടെയെത്തുന്നതെന്നുമാണ്.

1971 -ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമത്തിന് ശേഷം, ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമാണ്. 2022 സെപ്‌റ്റംബർ 28 -ന് എല്ലാ സ്‌ത്രീകൾക്കും ഗർഭകാലത്തിന്റെ ആദ്യ 20 ആഴ്ചയ്ക്കിടയിലും പ്രത്യേക വ്യവസ്ഥകളിൽ 24 ആഴ്ചയ്ക്കിടയിലും നിയമപരമായി ഗർഭഛിദ്രം നടത്താൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.