ഏപ്രില്‍ മാസത്തിലാണ് ആധുനിക ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ജാമിനി റോയ് ജനിക്കുന്നതും മരിക്കുന്നതും. 1887 ഏപ്രില്‍ ഒന്നിന് ജനിച്ച ജാമിനി റോയ് തന്‍റെ എണ്‍പത്തിയഞ്ചാമത്തെ വയസ്സില്‍ 1972 ഏപ്രില്‍ 27 -നാണ് മരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിലയിട്ടിരുന്ന ചിത്രങ്ങളായിരുന്നു ആ കലാകാരന്‍റേത്, ലണ്ടനിലും ന്യൂയോര്‍ക്കിലും അദ്ദേഹം തന്‍റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വഴിയും ചിന്തകളും എപ്പോഴും വേറിട്ടതായിരുന്നു. 

 

പശ്ചിമബംഗാളിലെ ബങ്കുറ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച ജാമിനി റോയ് കല്‍ക്കത്തയിലെ ഗവ. സ്കൂള്‍ ഓഫ് ആര്‍ട്സിലാണ് ചിത്രകല പഠിക്കാന്‍ ചേര്‍ന്നത്. ബ്രിട്ടീഷ് അക്കാദമിക ശൈലിയിലുള്ള പരിശീലനമാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ, 1930 -കളില്‍ അദ്ദേഹം സ്വന്തമായ ശൈലി വികസിപ്പിച്ചെടുത്തു. നാടന്‍ശൈലിയായിരുന്നു അദ്ദേഹത്തിന്. ഗ്രാമത്തിലെ ദൃശ്യങ്ങളും നാടോടികലകളുമെല്ലാം അതില്‍ നിറഞ്ഞുനിന്നു. അമ്മയും കുഞ്ഞും, സ്ത്രീ, ബാവുല്‍ ഗായകര്‍ തുടങ്ങി നിത്യജീവിതത്തില്‍ നിന്നും ഒപ്പിയെടുത്തതായിരുന്നു ആ ചിത്രങ്ങളെല്ലാം. അതുപോലെ ഏറ്റവും ശ്രദ്ധേയമായതായിരുന്നു യേശുക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രപരമ്പര. ദിവസവും 10 ചിത്രങ്ങൾവെച്ച് 20,000 ചിത്രങ്ങൾ വരെ അദ്ദേഹം വരച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 

 

ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രശംസിക്കപ്പെട്ടു. ലണ്ടനിലും ന്യൂയോര്‍ക്കിലും അദ്ദേഹം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 1934 -ല്‍ വൈസ്രോയിയില്‍ നിന്ന് ഗോള്‍ഡ് മെഡലും 20 വര്‍ഷത്തിനുശേഷം പത്മഭൂഷണും ലഭിച്ചു. പക്ഷേ, അതുകൊണ്ടുമാത്രമല്ല അദ്ദേഹം ശ്രദ്ധേയനായത്, ഒരു കാലത്തിനുശേഷം ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം വിറ്റത് വെറും 350 രൂപയ്ക്കാണ്. കല എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ഒന്നാവണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. 

 

സർക്കാരല്ല പ്രധാനം, ജനങ്ങളാണ് എന്ന് പറഞ്ഞ കലാകാരനായിരുന്നു അദ്ദേഹം. താന്‍ ആരെയാണോ വരയ്ക്കുന്നത് എന്തുതരം ജീവിതത്തെയാണോ തന്‍റെ വര പ്രതിനിധാനം ചെയ്യുന്നത് അവര്‍ക്ക് കൂടി വാങ്ങാവുന്നതാവണം തന്‍റെ ചിത്രങ്ങളെന്നായിരുന്നു അദ്ദേഹം കരുതിപ്പോന്നത്. നാടോടി ശൈലികളെ മുറുകെ പിടിക്കുമ്പോഴും അതിലൂടെ സ്വയം വികസിപ്പിച്ചെടുത്ത ആധുനികതയുടെ രൂപം കൂടി ജാമിനി റോയ് തന്‍റെ ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. 

 

അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൽ നിന്ന് ഒരു അവാർഡ് ലഭിക്കാനുള്ള ക്ഷണം അദ്ദേഹം ഒരിക്കൽ നിരസിച്ചിരുന്നു. എന്നാൽ, ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഒരു ദേശീയ കലാകാരനായി പ്രഖ്യാപിക്കുകയും 1972 -ൽ മരണശേഷം അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗം ​ഗാലറിയായി സംരക്ഷിക്കുകയും ചെയ്തു.