എന്നാൽ, വീണ്ടും ഒരു പുരുഷനെ സ്നേഹിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. അവൾക്ക് പുരുഷന്മാരോട് മൊത്തം വെറുപ്പായിരുന്നു. ഏതെങ്കിലും ഒരു പുരുഷൻ പ്രേമത്തോടെ അവളെ സമീപിച്ചാൽ അപ്പോൾ അവൾ ചിന്തിക്കുന്നത് ഇയാളും തനിക്ക് നേരെ ആസിഡ് ഒഴിക്കുമോ എന്നാണ്. 

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ 23 -കാരിയായ പെൺകുട്ടിയെ പൈശാചികമായ രീതിയിൽ ഒരു യുവാവ് കൊലപ്പെടുത്തിയത്. പ്രണയത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടുത്തിടെ, നിരവധി പെൺകുട്ടികൾക്കാണ് കേരളത്തിൽ ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ, ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രം നടക്കുന്ന സംഭവങ്ങളല്ല. ലോകത്താകമാനം സ്ത്രീകൾ സമാനമായ അതിക്രമങ്ങൾക്കിരയാവുകയും അതിജീവിക്കുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീയുടെ അനുഭവവും സമാനമാണ്. 

ഈ യുവതിയുടെ പേര് ലിന്നെറ്റി കിരു​ഗി. ലിന്നെറ്റിയുടെ മുഖത്തേക്ക് ആസിഡ് എറിഞ്ഞത് മുൻ കാമുകൻ‌. അയാളുടെ നിയന്ത്രണം സഹിക്ക വയ്യാതായതോടെയാണ് ലിന്നെറ്റി അയാളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. നേരത്തെ തന്നെ ലിന്നെറ്റിയെ നിയന്ത്രിക്കുമായിരുന്ന കാമുകൻ അവളോട് ഇനി പഠിക്കാൻ പോകേണ്ടതില്ല എന്നും തന്നെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, അവൾ അതിന് തയ്യാറായില്ല. ബന്ധത്തിൽ നിന്നും അവൾ പിന്മാറുകയും ചെയ്തു. ഇതേ തുടർന്നാണ് ഇയാൾ ലിന്നെറ്റിയെ ആസിഡ് വച്ച് ആക്രമിച്ചത്. 

ഇരുപതുകാരിയായ ലിന്നെറ്റി യൂണിവേഴ്സിറ്റിയിലേക്ക് നടക്കവെയായിരുന്നു അക്രമം. അവളുടെ വസ്ത്രങ്ങൾ ഉരുകി പോവുകയും കഴുത്തിലും മുഖത്തും തീവ്രമായ പരിക്കുകളേൽക്കുകയും ചെയ്തു. ഒന്നുകിൽ അവൾ അവിടെ കിടന്ന് മരിക്കണം, അല്ലെങ്കിൽ ആരും ഒരിക്കലും തിരിഞ്ഞു പോലും നോക്കാത്ത അത്രയും വികൃതരൂപമായി മാറണം ഇതായിരുന്നുവത്രെ അവളുടെ മുൻകാമുകന്റെ ലക്ഷ്യം. 

വേദന സഹിക്കാനാവാതെ തന്നെ ഏതെങ്കിലും വാഹനം ഇടിച്ചു കൊന്നോട്ടെ എന്ന് ചിന്തിച്ച് നേരെ തിരക്കുള്ള റോഡിലേക്ക് ഓടുകയായിരുന്നു ലിന്നെറ്റി. രണ്ട് മണിക്കൂറുകളോളം അവൾ വേദനകൊണ്ട് റോഡിലൂടെ പരക്കം പാഞ്ഞു. ശേഷം അവളെ ആശുപത്രിയിലെത്തിച്ചു. അവിടെ കഠിനമായ വേദനയും സഹിച്ച് അവൾ കിടന്നത് ഒരു വർഷമാണ്. 

എന്നാൽ, അതിനൊന്നും അവളെ തകർക്കാനായില്ല. ആശുപത്രിയിൽ നിന്നും ഇറങ്ങിയ അവൾ തന്റെ കോഴ്സ് പൂർത്തിയാക്കി. തന്നെപ്പോലെ ആസിഡ് കൊണ്ട് ആക്രമിക്കപ്പെട്ട മറ്റ് സ്ത്രീകൾക്കായി Hope Care Rescue Mission എന്ന പേരിൽ ഒരു എൻജിഒ സ്ഥാപിച്ചു, അവർക്കു വേണ്ടി പ്രവർത്തിച്ചു. 

എന്നാൽ, വീണ്ടും ഒരു പുരുഷനെ സ്നേഹിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. അവൾക്ക് പുരുഷന്മാരോട് മൊത്തം വെറുപ്പായിരുന്നു. ഏതെങ്കിലും ഒരു പുരുഷൻ പ്രേമത്തോടെ അവളെ സമീപിച്ചാൽ അപ്പോൾ അവൾ ചിന്തിക്കുന്നത് ഇയാളും തനിക്ക് നേരെ ആസിഡ് ഒഴിക്കുമോ എന്നാണ്. 

മാത്രമല്ല, തന്റെ മുഖത്തുള്ള പാടുകൾ ഒരു പുരുഷനേയും ആകർഷിക്കില്ല എന്നും അവൾക്ക് തോന്നി. എന്നാൽ അവൾ ഒരാളെ കണ്ടുമുട്ടുക തന്നെ ചെയ്തു. തന്റെ ജോലിക്കിടയിലാണ് ലിന്നെറ്റി, ഡേവ് ഫ്ലീവിനെ കണ്ടുമുട്ടുന്നത്. സോമർസെറ്റിലെ വെസ്റ്റൺ സൂപ്പർ-മാരിൽ നിന്നുള്ള ഓട്ടോമോട്ടീവ് എഞ്ചിനീയറും കലാകാരനുമായിരുന്നു 42 -കാരനായ ഡേവ്. അദ്ദേഹം ഇന്ത്യയിലെ സമാനമായ അതിജീവിതകൾക്കുവേണ്ടി സന്നദ്ധപ്രവർത്തനം നടത്തിയിരുന്നു. 

2020 -ലാണ് ഓൺലൈനിൽ ഇരുവരും കണ്ടുമുട്ടുന്നത്. ചാരിറ്റബിൾ വർക്കിൽ പരസ്പരം ഇരുവരും സഹായിച്ചു. അതോടെ ആ സൗഹൃദം വളർന്നു. 18 മാസങ്ങൾക്ക് ശേഷം അവർ നേരിൽ കണ്ടുമുട്ടാനും വിവാഹിതരാവാനും തീരുമാനിച്ചു. അങ്ങനെ ഒടുവിൽ ഇരുവരും വിവാഹിതരായി. ഡേവ് വളരെ നല്ല ഒരു മനുഷ്യനാണ് എന്നും താൻ വളരെ സന്തോഷവതിയാണ് എന്നും ലിന്നെറ്റി പറയുന്നു. 

എങ്കിലും അന്നത്തെ ആ അനുഭവം അവളുടെ ഓർമ്മയിൽ നിന്നും പോയിട്ടില്ല. അന്ന് മരിച്ചുപോയി എന്നാണ് താൻ കരുതിയിരുന്നത് എന്നും, ആ അതിജീവനം കഠിനമായിരുന്നു എന്നും ലിന്നെറ്റി പറയുന്നു.