'ഇത് ഉയർന്ന നിലവാരമുള്ളതാണ്, മൃദുവാണ്, അതുപയോ​ഗിക്കുന്നത് നല്ലതായി തോന്നുന്നു. എന്റെ ശ്വസനത്തെയും ഇത് തടസ്സപ്പെടുത്തുന്നില്ല' എന്നാണ് ഇതുപയോ​ഗിക്കുന്ന ഒരാൾ പറയുന്നത്.

കുഞ്ഞുങ്ങൾക്ക് സാധാരണയായി പാസിഫയർ വച്ചുകൊടുക്കുന്ന നിരവധിപ്പേരുണ്ട്. പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലാണ് ഇതിന്റെ ഉപയോ​ഗം കൂടുതൽ. എന്നാൽ, മുതിർന്നവർ സാധാരണയായി പാസിഫയർ വയ്ക്കാറില്ല. പക്ഷേ, ഇപ്പോൾ ചൈനയിൽ മുതിർന്നവരും പാസിഫയർ ഉപയോ​ഗിക്കുന്നുണ്ടത്രെ. ഇതിനെച്ചൊല്ലി വലിയ ആശങ്കകളാണ് ആരോ​ഗ്യരം​ഗത്ത് നിന്നുമുള്ള വിദ​ഗ്ദ്ധർ പങ്കുവയ്ക്കുന്നത്.

മുതിർന്നവർ ഡമ്മി പാസിഫയർ ഉപയോ​ഗിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനുമാണ് എന്നാണ് പറയുന്നത്. എന്നാൽ, ഇതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ചാണ് വിദ​ഗ്‍ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ദീർഘനാൾ നീണ്ടുനിൽക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോ​ഗ്യരം​ഗത്ത് നിന്നുള്ള വിദ​ഗ്‍ദ്ധർ പറയുന്നു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, മുതിർന്നവർക്കുള്ള ഈ പാസിഫയറുകൾ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പാസിഫയറുകളേക്കാൾ വലുതാണ് എന്നാണ് പറയുന്നത്. 10 മുതൽ 500 യുവാൻ വരെ (123 രൂപ മുതൽ 6,100 രൂപ വരെ) വ്യത്യസ്തമായ വിലയ്ക്ക് അവ ലഭ്യമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

'ഇത് ഉയർന്ന നിലവാരമുള്ളതാണ്, മൃദുവാണ്, അതുപയോ​ഗിക്കുന്നത് നല്ലതായി തോന്നുന്നു. എന്റെ ശ്വസനത്തെയും ഇത് തടസ്സപ്പെടുത്തുന്നില്ല' എന്നാണ് ഇതുപയോ​ഗിക്കുന്ന ഒരാൾ പറയുന്നത്.

മറ്റൊരാൾ പറയുന്നത്, 'ഇത് തന്നെ പുകവലി നിർത്താൻ സഹായിച്ചു' എന്നാണ്. ഒപ്പം മാനസിക സമ്മർദ്ദം കുറച്ചു എന്നും അയാൾ പറയുന്നു. മറ്റൊരാൾ പറയുന്നത്, 'ജോലിസ്ഥലത്ത് സമ്മർദ്ദം അനുഭവപ്പെടുമ്പോൾ താൻ ഈ പാസിഫയർ ഉപയോ​ഗിക്കും അപ്പോൾ സമാധാനം തോന്നും' എന്നാണ്. കുട്ടിക്കാലത്തുള്ള ഒരു സുരക്ഷിതത്വബോധം അനുഭ​വപ്പെടുന്നതായി തോന്നുന്നു എന്നും ഇയാൾ പറഞ്ഞു.

അതേസമയം, പാസിഫയറുകൾ ഉപയോ​ഗിക്കുന്നത് വായയ്ക്കും പല്ലുകൾക്കും കേടുപാടുകളുണ്ടാക്കുമെന്നും വിൽപ്പനക്കാർ അതേക്കുറിച്ച് കൂടുതൽ പറയാത്തതാണ് എന്നുമാണ് സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ദന്തഡോക്ടർ ടാങ് കവോമിൻ പറഞ്ഞത്. ദിവസം മൂന്ന് മണിക്കൂർ പാസിഫയർ ഉപയോ​ഗിക്കുന്ന ഒരാളുടെ പല്ലുകൾ ഒരുവർഷത്തിനുള്ളിൽ സ്ഥാനം മാറാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ പറഞ്ഞു.