ഏഴുവർഷം നീണ്ടു നിന്ന പോരാട്ടങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ ആശാദേവി എന്ന നിർഭയയുടെ അമ്മ കാത്തിരുന്ന ആ ദിനം ഒടുവിൽ വന്നെത്തി. ഈ ഗതി വരുത്തിയവർക്ക് നാട്ടിലെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കും എന്ന് മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന മകളുടെ കണ്ണുകളിലേക്കു നോക്കി വാക്കുനല്കിയിട്ടാണ് ആശാ ദേവി പാണ്ഡെ, നിർഭയക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്.  നിരന്തരം നിരാശകളും,  പ്രതിഭാഗം അഭിഭാഷകരിൽ നിന്നുള്ള മനംമടുപ്പിക്കുന്ന ആരോപണശരങ്ങളും ഒക്കെ നേരിട്ട് അവർ നടത്തിയ ആ പോരാട്ടം ഒടുവിൽ ഇന്നുരാവിലെ 5.30 -ന് അതിന്റെ ഫലസിദ്ധിയിലേക്കെത്തി. കുറ്റവാളികളിൽ നാലുപേർ ഇന്നുരാവിലെ കഴുവേറ്റപ്പെട്ടു. ഇന്ത്യയുടെ മകൾക്ക് ഇന്ന് നീതികിട്ടി എന്ന് ജനം സന്തോഷസ്വരത്തിൽ വിളിച്ചുപറഞ്ഞു. 

 

ഈ പോരാട്ടത്തിൽ ആശാദേവിക്ക് എതിരായി നിന്ന അഡ്വ. എ പി സിംഗിനെ നാട്ടിൽ എല്ലാവരും അറിയും. ഇന്നത്തെ ദിവസം തെറ്റായ കാരണങ്ങൾ കൊണ്ടാണെങ്കിലും, സാമൂഹ്യമാധ്യമങ്ങളിൽ അയാളായിരുന്നു ഇന്ന് ട്രെൻഡിങ് ആയത്. അതുകൊണ്ടുതന്നെ ഇന്ന് ചിലരെങ്കിലും ഇന്ന് മറ്റൊരാളുടെ പേര് ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു, അഡ്വ. എ പി സിംഗ് അല്ല ഇന്ന് ട്രെൻഡിങ് ആകേണ്ടത്. ഇതാ ഇവരാണ്. പേര് സീമ സമൃദ്ധി കുശ്വാഹ. അഡ്വ. സീമ സമൃദ്ധി കുശ്വാഹ. അവരാണ് നിർഭയയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ആശാദേവി പാണ്ഡെക്ക് ശക്തി പകർന്നത്. അവർക്കു വേണ്ടി കോടതിയിൽ കേസു വാദിച്ച അഭിഭാഷകയാണ് സീമ സമൃദ്ധി. 

ആരാണ് അഡ്വ. സീമ സമൃദ്ധി കുശ്വാഹ?

ഉത്തർപ്രദേശ് സ്വദേശിയായ അഡ്വ. സീമ, ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്. 2012 -ൽ കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ ദില്ലി പോലീസ് കേസ് വാദിക്കാനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയോഗിച്ചത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദയൻ കൃഷ്ണനെയാണ്. ഏറെ പ്രസിദ്ധനായ അഭിഭാഷകനാണ്  ദയൻ കൃഷ്ണൻ. സിറ്റിങ്ങിനു ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന രാവണൻ. എന്നാൽ, ദേശീയ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരുന്ന ഈ കേസ് സൗജന്യമായി വാദിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. 

 

അദ്ദേഹത്തോടൊപ്പം പിന്നീട് പ്രസിദ്ധ അഭിഭാഷകനും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ രാജീവ് മോഹനും എ ടി അൻസാരിയും ചേർന്നു. അവർ 2013 ജനുവരി 3 -ന്, ദില്ലി പോലീസ് ഡിസിപി ഛായാ ശർമയ്‌ക്കൊപ്പം ചേർന്നു തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച ചാർജ്ജ് ഷീറ്റ് കുറ്റമറ്റതായിരുന്നു. കുറ്റകൃത്യത്തിൽ പങ്കുചേർന്നവരിൽ ഒരാൾ പ്രായപൂർത്തിയായിട്ടില്ല എന്നതിന്റെ ആനുകൂല്യം പാട്ടി മൂന്നുവർഷത്തെ കറക്ഷണൽ ഹോം ജീവിതത്തിന് വിധിക്കപ്പെട്ടു. കൂട്ടത്തിൽ നിർഭയയോട് ഏറ്റവും ക്രൂരത കാണിച്ച രാം സിംഗ് എന്ന പ്രതിയെ 2013 മാർച്ച് 11 -ന് ജയിൽ സെല്ലിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാക്കി നാലുപേർക്കും വിചാരണ തുടങ്ങി ഒരു വർഷത്തിനകം കിട്ടിയത് വധശിക്ഷ. 

അത് ശിക്ഷ വിധിക്കപ്പെടും വരെയുള്ള കാര്യം. കേസ് തുടക്കം മുതൽ വാദിച്ച് ശിക്ഷ ഉറപ്പുവരുത്തും വരെ അഡ്വ. ദയൻ കൃഷ്ണനെപ്പോലെ  പ്രസിദ്ധരായ അഭിഭാഷകരുടെ സാന്നിധ്യം കേസിലുണ്ടായിരുന്നു. അത് ഏറെ പ്രസക്തവുമാണ്. എന്നാൽ പ്രതികൾക്ക് ശിക്ഷ വിധിക്കപ്പെട്ടതോടെ തീർന്ന ഒരു പോരാട്ടമല്ലായിരുന്നു ആശാ ദേവി പാണ്ഡേയുടെത്. അത് കോടതികൾ കയറിയിറങ്ങി അടുത്ത ആറു വർഷം കൂടി നീളാനുള്ള ഒരു മടുപ്പിക്കുന്ന പോരാട്ടമായിരുന്നു. എതിർഭാഗത്തുള്ളത്, അഡ്വ. അജയ് പ്രകാശ് സിംഗ് എന്ന അനുഭവസമ്പന്നനായ സുപ്രീം കോടതി ക്രിമിനൽ ലോയർ. ക്രിമിനൽ നിയമത്തിന്റെ ഓരോ പഴുതും ഇഴകീറി പരിശോധിച്ച് അതിലൂടെ തന്റെ കക്ഷികളെ എങ്ങനെ ഇറക്കിക്കൊണ്ടു പോകാം എന്നതിൽ ഗവേഷണം നടത്തുന്ന അതി സമർത്ഥൻ. അയാൾ വിരിച്ച വലയിൽ വീണുപോകാതെ, നിയമത്തിന്റെ സാങ്കേതികത്വങ്ങളിൽ തട്ടി പ്രതികൾ രക്ഷപ്പെട്ടു പോകാതെ വർഷങ്ങൾ നീണ്ടുപോയേക്കാവുന്ന കേസ് വാദിക്കാൻ ആശാ ദേവിക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു വക്കീലിനെ വേണമായിരുന്നു. അതായിരുന്നു അവർക്ക് സീമ സമൃദ്ധി കുശ്വാഹ. 

 

കേസ് ഏറ്റെടുക്കുമ്പോൾ നിയമ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനത്തിലായിരുന്നു സീമ. 2014 -ൽ പഠനം പൂർത്തിയാക്കിയ ശേഷം, നിർഭയയുടെ കേസ് ഏറ്റെടുക്കാൻ സീമ തയ്യാറായി. ആദ്യത്തെ വിധിക്ക് ശേഷമുണ്ടായ എല്ലാ അപ്പീലുകളും നേരിട്ടത്, നിർഭയക്ക് വേണ്ടി കേസിന്റെ തുടർവാദം നടത്തിയത് ഒക്കെ സീമയാണ്. വിധിയെ സാങ്കേതികമായ അപ്പീലുകൾ കൊണ്ടും ഹർജികൾ കൊണ്ടും പ്രതിഭാഗം അനാവശ്യമായി വൈകിച്ചുകൊണ്ടിരുന്നപ്പോഴൊക്ക അതിനെ ശക്തമായി പ്രതിരോധിച്ചത് അഡ്വ. സീമയായിരുന്നു. ആശാദേവിയുടെ പോരാട്ടം അഡ്വ. സീമ സമൃദ്ധി കുശ്വാഹയുടേതുകൂടിയാണ്. ഇന്നത്തെ ദിവസം ഏതെങ്കിലും വക്കീലിന്റെ പേരിൽ ഓർമ്മിക്കേണ്ടതുണ്ടെങ്കിൽ, ആ പേര് അഡ്വ. എ പി സിംഗ് എന്ന പ്രതിഭാഗം വക്കീലിന്റേതല്ല, അത് അഡ്വ. സീമ സമൃദ്ധി കുശ്വാഹയുടേതാണ്..!