ഇന്നലെ (ഫെബ്രുവരി 25) ദില്ലി ഹൈക്കോടതിയെ സംബന്ധിച്ചിടത്തോളം വളരെ അസ്വാഭാവികതകൾ നിറഞ്ഞ ഒരു ദിവസമായിരുന്നു. അഭൂതപൂർവമായ ഒരു ഹിയറിങ്ങിനാണ് കോടതി സാക്ഷ്യം വഹിച്ചത്. ചീഫ് ജസ്റ്റിസിന്റെ അഭാവത്തിൽ, കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സിസ്തറിന്റെ നിർദേശപ്രകാരം,അർധരാത്രിയിൽ അടിയന്തരമായി രൂപീകരിച്ചബെഞ്ച് ഒരു റിട്ടിന്‍മേല്‍ വാദം കേട്ടു. ജസ്റ്റിസ് എസ് മുരളീധറും ജസ്റ്റിസ് അനൂപ് ജയറാം ബംഭാനിയും  അടങ്ങുന്നതായിരുന്നു ഹൈക്കോടതിയിലെ ആ ബെഞ്ച്. ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ രാത്രി 12.30 -യോടെയായിരുന്നു ഹൈക്കോടതിയുടെ ഈ അടിയന്തിര സിറ്റിംഗ് നടന്നത്.

സുറൂർ മന്ദർ എന്ന ഈ അഭിഭാഷകയായിരുന്നു റിട്ട് ഹർജിയുമായി അടിയന്തര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഹൈക്കോടതിയുടെ വാതിൽക്കൽ മുട്ടിവിളിച്ചത്. ഇന്നലെ മുസ്തഫാബാദിലെ അൽ ഹിന്ദ് ഹോസ്പിറ്റൽ എന്ന ചെറിയ ആശുപത്രിയിൽ, ദില്ലി കലാപത്തിൽ പരിക്കേറ്റ നിരവധി പേർ ജീവനോട് മല്ലടിക്കുകയായിരുന്നു. അവിടെ അവർക്ക് അടിയന്തരമായി നൽകേണ്ട വിദഗ്ദ്ധചികിത്സക്ക് വേണ്ട സൗകര്യമുണ്ടായിരുന്നില്ല. അവരെ എത്രയും പെട്ടെന്നുതന്നെ കൂടുതൽ സൗകര്യങ്ങളുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ടായിരുന്നു. ആംബുലൻസിൽ പോലും അവരെ പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കാതെ എല്ലാ വഴികളും കലാപകാരികള്‍ തടഞ്ഞ നിലയിലായിരുന്നു. അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ലോക്കൽ പൊലീസും കൂട്ടാക്കിയില്ല. അമ്പതിലധികം രോഗികളിൽ രണ്ട് പേർ അതിനകം മരിച്ചു കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയ വേണ്ടവർ, മരുന്നുകൾ വേണ്ടവർ അങ്ങനെ പലരും ചികിത്സ കിട്ടാതെ അവിടെ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു.

സുറൂർ മന്ദർ ഇടപെടുന്നത് അപ്പോഴാണ്..

അവർ ഈ ആംബുലൻസുകൾക്ക് സുരക്ഷിതമായ ഒരു യാത്രാമാർഗം നൽകണം എന്ന ആവശ്യവുമായി രാത്രി തന്നെ കോടതിയെ വിളിച്ചുണർത്തി. അൽഹിന്ദ് ആശുപത്രിയിൽ നിന്ന് ദിൽഷാദ് ഗാർഡനിലുള്ള ജിടിബി ഹോസ്പിറ്റൽ വരെയുള്ള വഴി തടസ്സങ്ങൾ ഒഴിവാക്കി നൽകാൻ വേണ്ടത് ചെയ്യണം എന്നതായിരുന്നു അഡ്വ. സുറൂർ മന്ദറിന്റെ  ആവശ്യം.  ജസ്റ്റിസ് മുരളീധരനെ ആദ്യം ഫോണിൽ വിളിച്ച് അഡ്വ. സുറൂർ ആശുപത്രിയിലെ  സ്ഥിതിഗതികളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി. രാത്രി പന്ത്രണ്ട് മുപ്പതിന് ജസ്റ്റിസ് മുരളീധറിന്റെ വസതിയിൽ തന്നെ സിറ്റിംഗ് ആരംഭിച്ചു. അൽഹിന്ദ് ആശുപത്രിയിലെ ഇൻ ചാർജ് ആയ ഡോ. അൻവറുമായി ബെഞ്ച് വീഡിയോ കോൺഫറൻസ് നടത്തി. വേണ്ടത്ര ആംബുലൻസുകൾ അൽ ഹിന്ദ് ആശുപത്രിയിലെക്കെത്തിക്കാനും, രോഗികളെ അടിയന്തരചികിത്സക്കായി ജിടിബി ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിക്കാനും ഡൽഹി പൊലീസിനോട് ഹൈക്കോടതി ഉത്തരവിട്ടു.

പൊലീസ് എത്തി അവരെ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം പുലർച്ചെ രണ്ട് മണിക്കാണ് സിറ്റിംഗ് അവസാനിച്ചത്. ഇന്ന് ഉച്ചക്ക് ഹൈക്കോടതി ദില്ലിയിലെ സ്ഥിതിഗതികൾ വീണ്ടും റിവ്യൂ ചെയ്യും.മനുഷ്യാവകാശ പ്രവർത്തങ്ങളുടെ പേരിൽ ദില്ലിയിൽ ഏറെ പ്രസിദ്ധയാണ് അഡ്വ. സുറൂർ മന്ദർ. ദില്ലി കലാപത്തിനിടയില്‍ അഡ്വ. മന്ദറിന്റെ സമയോചിതമായ ഈ ഇടപെടൽ രക്ഷിച്ചിരിക്കുന്നത് ചുരുങ്ങിയത് 22 പേരുടെ ജീവനാണ്.