'ക്രമസമാധാന നില തകർന്നു' - രഞ്ജിപണിക്കരുടെ ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ പൊലീസ് വേഷം ഇടയ്ക്കിടെ പറയുന്ന ഒരു പ്രയോഗമാണിത്. കേന്ദ്രസർക്കാറുകൾ തങ്ങളുടെ നയങ്ങൾക്ക് എതിരുനിൽക്കുന്ന സംസ്ഥാനങ്ങൾക്കുനേരെ ഒരു സമ്മർദ്ദതന്ത്രം എന്ന നിലക്ക് എടുത്തുപയോഗിക്കുന്ന ഒരു വിമർശനവുമാണിത്. ആ ആരോപണം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞാൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം നടപ്പിലാക്കാം. ദില്ലിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരുന്ന സംഭവവികാസങ്ങളെ 'ക്രമസമാധാനത്തകർച്ച' എന്നല്ലാതെ മറ്റെന്തുപേരിലാണ് വിളിക്കുക. ഏതൊരു പ്രദേശത്തിന്റെയും ക്രമസമാധാനനില പാലിക്കപ്പെടുന്നത് രണ്ടു ഘടകങ്ങളുടെ സ്വാധീനത്താലാണ്. ലോ അഥവാ നിയമം കയ്യാളുന്ന അഭിഭാഷകരും, ന്യായാധിപരും അടങ്ങുന്ന വർഗ്ഗവും, ഓർഡർ അഥവാ സമാധാനപാലനത്തിന്റെ ചുക്കാൻ പിടിക്കുന്ന പൊലീസും. ദില്ലിയിലെ പ്രതിസന്ധിയും അതുതന്നെ, വക്കീലന്മാർ പൊലീസുകാരെ തെരുവുകളിൽ ഓടിച്ചിട്ട് തല്ലുക. നിയമത്തിന്റെ പതാകാവാഹകരായ അഭിഭാഷകരിൽ നിന്ന് തങ്ങളുടെ ജീവന് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട്, ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് തന്നെ സമരത്തിനിറങ്ങുക! അതും ഏതെങ്കിലും ഓണംകേറാ മൂലയിലല്ല, ഇന്ത്യയുടെ തലസ്ഥാന നഗരമായ ദില്ലിയിൽ തന്നെ.

എല്ലാം തുടങ്ങുന്നത് നവംബർ 2 -ന് തീസ് ഹസാരി കോടതിയിൽ നടന്ന ഒരു പാർക്കിങ് തർക്കത്തിൽ നിന്നാണ്. കോടതിയിലെ ലോക്കപ്പിന് പുറത്തുകിടന്ന ഒരു ജീപ്പ് മാറ്റാൻ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പ്രദീപ് കുമാർ അതിന്റെ ഉടമയോട് ആവശ്യപ്പെടുന്നു. കോടതിയിലെ അഭിഭാഷകനായ സാഗർ ശർമയുടേതായിരുന്നു ആ ജീപ്പ്. സാഗറും, സുഹൃത്തായ ലളിതും, മറ്റു ചിലരും കൂടി കോടതിയിൽ ഒരു കേസിന്റെ ഹിയറിങ്ങിന് വന്നതായിരുന്നു. എന്തായാലും പാർക്കിങ്ങിന്റെ പേരിൽ തുടങ്ങിയ ആ തർക്കം ഒടുവിൽ കയ്യാങ്കളിയിൽ അവസാനിച്ചു. കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി സാഗർ ശർമയേയും കൂട്ടരെയും ലോക്കപ്പിലടച്ചു. ഒടുവിൽ എസിപി ഇടപെട്ട് അവരെ വിട്ടയച്ചു. എന്നാൽ, കൂടുതൽ സഹപ്രവർത്തകരുമായി സംഘടിച്ച് തിരിച്ചെത്തിയ അഭിഭാഷകർ സ്റ്റേഷൻ ഇൻ ചാർജായി ഇൻസ്പെക്ടറെയും, വിവരമറിഞ്ഞെത്തിയ നോർത്ത് ഡിസിപി ഹരീന്ദർ സിങ്ങിനെയും കയ്യേറ്റം ചെയ്തു.


സിസിടിവിയിൽ ഈ സംഘർഷങ്ങളെല്ലാം പകർത്തപ്പെട്ടു. പൊലീസും അഭിഭാഷകരും തമ്മിലുള്ള അടിപിടി നടന്നുകൊണ്ടിരിക്കെ ലോക്കപ്പിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ തന്റെ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ വെടിവെപ്പിൽ പക്ഷെ, അഭിഭാഷകരിൽ ഒരാൾക്ക് വെടിയേറ്റു. അതോടെ കൂടുതൽ പ്രക്ഷുബ്‌ധരായ അഭിഭാഷകരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡിസിപി ഹരീന്ദർ സിങ്ങ്  തന്റെ പോലീസുകാരെയും കൂട്ടി ലോക്കപ്പിനുള്ളിൽ കേറി പൂട്ടിയിട്ടു. സഹപ്രവർത്തകന് വെടിയേറ്റതോടെ അക്രമാസക്തരായ അഭിഭാഷകർ പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന രണ്ടു ബൈക്കുകൾക്കും രണ്ടു ഡസൻ കാറുകൾക്കും പൊലീസ് വാനിനും തീവെച്ചു. അതിൽ നിന്നുയർന്നുവന്ന പുക ലോക്കപ്പിൽ നിറയാൻ തുടങ്ങി. ലോക്കപ്പിനുള്ളിൽ 150  പേർ കസ്റ്റഡിയിലും ഉണ്ടായിരുന്നു. അതിനുള്ളിൽ ഉള്ളവർക്ക് വീർപ്പുമുട്ടുന്ന അവസ്ഥ വന്നു. വൈകുന്നേരത്തോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തി അഭിഭാഷകരിൽ നിന്ന് പൊലീസുകാരെ രക്ഷിച്ചു.
 

അടുത്ത  വിഷയം ദില്ലി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ പക്ഷേ, കോടതി വളരെ വ്യക്തമായ രീതിയിൽ അഭിഭാഷകരോട് ചായ്‌വ് കാണിച്ചു. പൊലീസുകാരെ പ്രതിയാക്കി കേസുകൾ ഫയൽ ചെയ്തു. അഭിഭാഷകർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട പൊലീസുകാരെ കോടതി സ്ഥലംമാറ്റി. വ്യക്തമായ സിസിടിവി തെളിവുകൾ ഉൾപ്പെടുത്തിയ പൊലീസ് എഫ്ഐആറുകൾ സമക്ഷത്തുവന്നിട്ടും അഭിഭാഷകർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഈ അനിഷ്ട സംഭവത്തിനിടെ, ഇരുപതോളം പോലീസുകാർക്ക് അഭിഭാഷകരുടെ മർദ്ദനത്തിൽ പരിക്കേറ്റതും, അതിനുശേഷം മർദ്ദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതും പൊലീസിന് ക്ഷീണമായി. പിന്നീട്, കേസ് കോടതിയിലെത്തിയപ്പോൾ കോടതി അഭിഭാഷകരെ പിന്തുണച്ചതും, ഇതൊക്കെ നടക്കുമ്പോൾ കേന്ദ്ര ആഭ്യന്തരവകുപ്പ് തികഞ്ഞ നിഷ്ക്രിയത്വം പാലിച്ചതുമാണ് പൊലീസ് തുറന്ന സമരത്തിന്റെ പാതയിലേക്ക് ഇറങ്ങാൻ ഇടയാക്കിയത്. അഭിഭാഷകർക്കെതിരെ നടപടി എടുക്കണം എന്നതുമാത്രമല്ല അവരുടെ ആവശ്യം, കിരൺ ബേദിയെപ്പോലെ തങ്ങളെ സംരക്ഷിക്കാൻ പോന്ന ഒരു മേലധികാരി വേണം എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ വരെ പൊലീസ് സ്റ്റാഫിന്റെ സമരത്തിൽ ഉയർന്നുകേട്ടു. പൊലീസുകാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഡിസിപി ഹരീന്ദർ സിംഗിനെ സ്ഥലം മാറ്റണം എന്നതും ഒരാവശ്യമാണ്. ഒപ്പം, പൊലീസുകാർക്കെതിരെ ഈ വിഷയത്തിൽ ചാർജ് ചെയ്യപ്പെട്ട കേസുകൾ റദ്ദാക്കണം എന്നതും.  
 
ചൊവ്വാഴ്ച നിരത്തിലേക്കിറങ്ങിയ പൊതുജനം കണ്ടത്, നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ തരാൻ നിയുക്തരായ പൊലീസ് തന്നെ സ്വന്തം ജീവന് സുരക്ഷിതത്വമില്ല എന്ന പേരിൽ പ്രകടനം നടത്തുന്ന അപൂർവ കാഴ്ചയാണ്. 'ഇതുനല്ല കഥ' എന്ന് ജനം മൂക്കത്ത് വിരൽ വെച്ചു. പൊലീസും അഭിഭാഷകരും തമ്മിൽ ഇതിനുമുമ്പും പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്. ആർക്കാണ് നിയമവ്യവസ്ഥയിൽ മേൽക്കൈ എന്ന ഈഗോ ക്ലാഷ് അത്രയെളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു സമസ്യയല്ല..! അഭിഭാഷകരുടെ ക്രോധത്തിന് ഇരയായിട്ടുള്ളത് പൊലീസുകാർ മാത്രമല്ല. ഏതാനും വർഷങ്ങൾക്കു മുമ്പ്, അവർ മാധ്യമപ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കോടതികൾക്കുള്ളിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് വരെ ഏർപ്പെടുത്തിയിരുന്നു. അന്ന് കയ്യുംകെട്ടി നോക്കിനിന്ന പൊലീസുകാർക്ക് ഇന്ന് ആക്രമണത്തിന്റെ മുന തങ്ങൾക്കുനേരെ തിരിയുമ്പോൾ നോവുന്നുണ്ട്. പോലീസിന്റെ നിയമവിരുദ്ധമായ പീഡനങ്ങൾക്ക് പൊതുജനം ഇരയാകുമ്പോഴും കാര്യമായ നടപടികളൊന്നും ഉണ്ടായിക്കാണാറില്ല. ആ മർക്കടമുഷ്ടിക്കു മുന്നിൽ ആത്മാഭിമാനം പണയം വെച്ചുകൊണ്ടാണ് പലയിടത്തും ജനം തടി രക്ഷപ്പെടുത്താറ്. എന്നാൽ, ശനിയാഴ്ച തീസ് ഹസാരി കോടതിവളപ്പിനുളിൽ മുഷ്കിന് ഇരയായത് പൊലീസ് തന്നെയാണ്. അക്രമത്തിന് ഇരയായ ശേഷം കൂടുതൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടതും അവർ തന്നെ.
 

ഇവിടെയാണ് കേന്ദ്രത്തിൽ നിന്ന് സമയോചിതമായ ഒരു ഇടപെടലുണ്ടായില്ല എന്ന പൊലീസ് പക്ഷത്തിന്റെ വാദം പരിഗണിക്കേണ്ടത്. ദില്ലിയിലെ ജനജീവിതത്തിന് ഭംഗം വരുത്താത്ത രീതിയിൽ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണം എങ്കിൽ, അമിത് ഷാ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പക്ഷത്തുനിന്ന് വളരെ ഫലപ്രദമായ ഒരു ഇടപെടൽ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ, അത് ഉണ്ടായില്ല. ഇങ്ങനെയൊരു സാഹചര്യം പ്രതിപക്ഷത്തിരിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ, ദില്ലിയിലെ 'ക്രമസമാധാന നില തകർന്നു' എന്ന് ബിജെപി പോലും പറഞ്ഞിരുന്നേനെ. രാഷ്ട്രപതിഭരണത്തിനു വേണ്ടി  മുറവിളി ഉയർന്നേനെ. ഇതിപ്പോ..!