'കാബൂൾ ഒരു വലിയ നഗരമല്ല. താലിബാൻ രാജ്യം ഭരിക്കുന്ന രീതിയിൽ നോക്കുകയാണ് എങ്കില്‍ ഉയർന്ന പ്രൊഫൈൽ എൽജിബിടിഐക്കാരെ കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഞങ്ങൾ കേട്ടു' എന്നും അദ്ദേഹം പറയുന്നു. 

'ജീവിതത്തില്‍ ആദ്യമായിട്ടാണ് എനിക്കൊരു മനുഷ്യനാണ് എന്ന് തോന്നുന്നത്' പറയുന്നത് അഫ്ഗാനില്‍ നിന്നും യുക -യിലേക്ക് അഭയം തേടിയെത്തിയ ഒരു സ്വവര്‍ഗാനുരാഗിയായ യുവാവ്. എല്‍ജിബിടി(LGBT) കമ്മ്യൂണിറ്റിയില്‍ പെട്ട 28 പേര്‍ക്കൊപ്പമാണ് അദ്ദേഹവും യുകെ -യില്‍ എത്തിയത്. അദ്ദേഹം തന്‍റെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. താലിബാന്(Taliban) കീഴില്‍ ജീവനില്‍ ഭയമുള്ളതു കൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തത് എന്നും അദ്ദേഹം ബിബിസി -യോട് പറയുന്നു. 

സ്വവർ​ഗാനുരാഗികളുടെ അവകാശങ്ങളെ ഗ്രൂപ്പ് മാനിക്കില്ലെന്ന് വെള്ളിയാഴ്ച താലിബാൻ വക്താവ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. 'കാബൂളിന്റെ പതനത്തിനുശേഷം എല്ലാം തകർന്നു' സ്വവര്‍ഗാനുരാഗിയായ ആ മനുഷ്യൻ ബിബിസിയോട് പറഞ്ഞു. 'ഞാൻ വളരെ വിഷാദത്തിലായിരുന്നു, ഞാൻ മരിക്കാൻ ദിവസങ്ങൾ എണ്ണുകയായിരുന്നു. സ്വന്തം വീട്ടിലും കിടക്കയിലും പോലും ഞാൻ അപരിചിതനായിരുന്നു. എന്റെ ജന്മനാടായ കാബൂളിൽ ഞാനൊരു അപരിചിതനാണെന്ന് എനിക്ക് തോന്നി' അദ്ദേഹം പറയുന്നു. 

തങ്ങൾ അഫ്ഗാനില്‍ തുടര്‍ന്നാല്‍ അപകടത്തിലാകുമെന്ന് വിശ്വസിച്ചിരുന്ന യുഎസ്സുമായും സഖ്യകക്ഷികളുമായും അടുത്ത് പ്രവർത്തിച്ചവരും നിരവധി ഉന്നതതലത്തിലുള്ള സ്ത്രീകളും ഉൾപ്പെടെ ആളുകളുടെ കൂട്ട പലായനത്തിന് താലിബാൻ തിരിച്ചുവരവ് കാരണമായി. താലിബാന്റെ കീഴിലുള്ള തങ്ങളുടെ ഭാവിയെക്കുറിച്ച് ഉറപ്പില്ലാത്ത എൽജിബിടി കമ്മ്യൂണിറ്റിയിലെ അംഗങ്ങളും അവിടം വിടാന്‍ ശ്രമിക്കുകയാണ്. 1996 -നും 2001 -നും ഇടയിൽ താലിബാന്‍ അധികാരത്തിലിരുന്നപ്പോൾ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കല്ലെറിഞ്ഞ് കൊന്നതായി റിപ്പോർട്ടുണ്ട്.

അതിനുശേഷം 20 വർഷമായി ഇവര്‍ തുറന്ന് ജീവിച്ചിട്ടില്ല. പലരെയും പോലെ, ബിബിസി അഭിമുഖം നടത്തിയ പുരുഷന് ഭാര്യയും കുട്ടിയുമുണ്ട്. 'LGBTI (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്) കമ്മ്യൂണിറ്റി ഒരു രഹസ്യ കമ്മ്യൂണിറ്റിയായിരുന്നു. പക്ഷേ ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു. ഞങ്ങള്‍ക്കൊരു നെറ്റ്‌വർക്കുണ്ട്. ഞങ്ങളിൽ ഒരാളെ അറസ്റ്റ് ചെയ്താൽ മതി. ബാക്കിയുള്ളവരെ എളുപ്പത്തില്‍ അവര്‍ക്ക് കണ്ടെത്താനാവും' അദ്ദേഹം പറഞ്ഞു. 

'കാബൂൾ ഒരു വലിയ നഗരമല്ല. താലിബാൻ രാജ്യം ഭരിക്കുന്ന രീതിയിൽ നോക്കുകയാണ് എങ്കില്‍ ഉയർന്ന പ്രൊഫൈൽ എൽജിബിടിഐക്കാരെ കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഞങ്ങൾ കേട്ടു' എന്നും അദ്ദേഹം പറയുന്നു. അന്താരാഷ്‌ട്ര എൽജിബിടി ഓർഗനൈസേഷനുകളുടെ സഹായത്തോടെ മാത്രമാണ് യുവാവിന്റെ രക്ഷപ്പെടൽ സാധ്യമായത്. ഭീകരരായ താലിബാൻ ഗാർഡുകളെ മറികടന്ന് കാബൂൾ വിമാനത്താവളത്തിൽ നിന്ന് പലായനം ചെയ്യാനുള്ള വിമാനങ്ങളിൽ പുറപ്പെടാനുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടിരുന്നു. 

എന്നാൽ, ഏകദേശം രണ്ട് മാസത്തിന് ശേഷം ആ മനുഷ്യൻ യുകെയിൽ എത്തി. ആദ്യ 29 പേരെ സഹായിക്കാൻ യുകെ വിദേശകാര്യ സെക്രട്ടറിയും യുകെ, കനേഡിയൻ സംഘടനകളായ സ്റ്റോൺവാൾ, റെയിൻബോ റെയിൽറോഡ് എന്നിവരും ഇടപെട്ടതായി അധികൃതർ വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ എൽജിബിടി കമ്മ്യൂണിറ്റിയിലെ കൂടുതൽ അംഗങ്ങൾ വരും മാസങ്ങളിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നു. അഭയാർത്ഥികൾക്ക് ഇത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. 

'ബ്രിട്ടൻ എനിക്ക് ഒരു പുതിയ വീടാണ്' ആ മനുഷ്യൻ പറയുന്നു. 'എനിക്ക് ഇവിടെ എല്ലാം പുതിയതാണ്. ഒരു പുതിയ ജീവിതശൈലി, ഒരു പുതിയ ഭാഷ, സംസ്കാരം. എന്റെ ഭാവിയെക്കുറിച്ച് ഞാൻ അൽപ്പം പരിഭ്രാന്തനാണ്, എന്റെ പുതിയ ജീവിതം എവിടെ തുടങ്ങണമെന്ന് ഞാൻ അന്വേഷിക്കുകയാണ്, പക്ഷേ, എനിക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും തോന്നുന്നു!' അദ്ദേഹം പറഞ്ഞു.