കുട്ടികൾ സ്‌കൂളിൽ പോകുന്നത് പഠിക്കാനാണ്. അവരുടെ ബാഗിനുള്ളിൽ സാധാരണ കാണുക പുസ്തകങ്ങളും, ചോറ്റും പാത്രങ്ങളും ഇൻസ്ട്രുമെന്റ് ബോക്സുമൊക്കെയാണ്. നമ്മുടെ നാട്ടിലെ കുട്ടികൾ ഇപ്പോൾ, സ്‌കൂളിൽ നിരോധനമൊക്കെ ഉണ്ടെങ്കിലും മൊബൈൽ ഫോണും ഐപാഡും മറ്റും സൈലന്റ് മോഡിൽ ഇട്ട് ടീച്ചർമാർ അറിയാതെ സ്‌കൂളിൽ കൊണ്ടുപോകാറുണ്ട്. അവരുടെ സാഹസികത പരമാവധി പോകുന്നത് ഏറിയാൽ ഒരു സിഗരറ്റോ പാൻ മസാല പാക്കറ്റോ ഒക്കെ ഒളിച്ചു കടത്തിക്കൊണ്ടാണ്. എന്നാൽ, അഫ്ഗാനിസ്ഥാനിൽ പ്രദേശമുണ്ട്. അവിടെ പാഷായി എന്നൊരു സമുദായമുണ്ട്. അവരുടെ കുട്ടികൾ സ്‌കൂളിൽ വരുന്നത് എകെ 47 യന്ത്രത്തോക്കുകളുമായിട്ടാണ്. അതും ഒളിച്ചും പാത്തുമൊന്നുമല്ല. എല്ലാവരും കാൺകെ തോളത്ത് തൂക്കിയിട്ടുകൊണ്ടുതന്നെ. അധ്യാപകർ ക്ലാസ്സെടുക്കുമ്പോള്, ആ മാരകായുധം അവരുടെ കാലുകൾക്കിടയിൽ വിശ്രമിക്കും. വൈകുന്നേരം ക്ലാസ് തീരുമ്പോൾ അവർ ആ യന്ത്രത്തോക്കുകൾ എടുത്ത് തോളത്ത് തൂക്കിക്കൊണ്ട് തിരികെ നടക്കും. മുപ്പതു റൗണ്ടുകൾ ലോഡ് ചെയ്തിട്ടുള്ള ഒരു എകെ 47 യന്ത്രത്തോക്കിന് ചുരുങ്ങിയത് അഞ്ചു കിലോയെങ്കിലും ഭാരമുണ്ട്. അത് അനായാസം തോളിലേറ്റിക്കൊണ്ട് അവർ തിരികെ വീട്ടിലേക്ക് നടന്നുപോകും.

ഇതൊക്കെ നമുക്ക് വളരെ അസ്വാഭാവികവും അസാധാരണവുമായ തോന്നിയേക്കാമെങ്കിലും അഫ്ഗാനിസ്ഥാനിലെ പാഷായി സമുദായക്കാർക്ക്  ഇതൊക്കെ ദൈനംദിന കാഴ്ചകളാണ്. അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവരെ സംബന്ധിച്ചിടത്തോളം തോക്കുകൾ അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുപയോഗിച്ചാണ് അവർ കുലത്തൊഴിലായ വേട്ടയാടൽ നടത്തുന്നത്. തോക്കിനാൽ ലക്‌ഷ്യം ഭേദിക്കുക അവരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ്. സമുദായത്തിലെ ചില കുടുംബങ്ങൾക്കിടയിൽ ഉടലെടുത്ത കലഹങ്ങളാണ് സ്വന്തം സുരക്ഷയ്ക്കായി തോക്കെടുക്കാൻ പാഷായി സമുദായത്തെ പ്രേരിപ്പിച്ചത്. ഒരിക്കൽ കയ്യിലെടുത്തതോടെ അവർക്ക് തോക്കൊരു ഹരമായി. പിന്നെ, പോകെപ്പോകെ അത് അവരുടെ ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ പലർക്കും തോക്കെന്നത് കർണ്ണന് കവചകുണ്ഡലങ്ങൾ എന്നപോലെ, സ്വന്തം ശരീരത്തിന്റെ ഭാഗം പോലെ ആയിട്ടുണ്ട്. 

അഫ്ഗാനിസ്ഥാന്റെ മണ്ണിൽ അധികാരം സ്ഥാപിച്ചിട്ടുള്ള രണ്ടു കൂട്ടരാണുള്ളത്. ഒന്ന് അഫ്‌ഗാനിസ്ഥാൻ സർക്കാർ. രണ്ട്, താലിബാൻ. പാഷായി സമുദായത്തിന്റെ ഗ്രാമങ്ങൾ ഈ രണ്ട് അധികാരകേന്ദ്രങ്ങളുടെ സ്വാധീനത്തിനും ഇടയിലുള്ള ഒരു വിജനമായ ഇടത്താണ്. അക്ഷരാർത്ഥത്തിൽ ഒരു 'നോമാൻസ് ലാൻഡ്'. അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ സ്വാധീനത്തിന്റെ അതിർത്തി വിട്ട്, താലിബാന്റെ ഭീതി തുടങ്ങുന്നതിനിടയിലുള്ള ഒരിത്തിരിപ്പോരമിടം. ഇവിടത്തുകാർ പറയുന്നത് ഈ രണ്ടു ഭീഷണികൾക്കുമെതിരെ സ്വയം പ്രതിരോധിക്കാൻ വേണ്ടിയാണ് തങ്ങൾ യന്ത്രത്തോക്കുകൾ കൊണ്ടുനടക്കുന്നത് എന്നാണ്. മുതിർന്നവർ മാത്രമല്ല, ഇവിടെ കുഞ്ഞുങ്ങൾ വരെ യന്ത്രത്തോക്കുകൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ചവരാണ്. 

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഇന്തോ ആര്യൻ ഗോത്ര വംശമാണ് പാഷായികൾ. ലാഗ്മാൻ, നംഗർഹർ, കപിസ, കുനാർ തുടങ്ങിയ പ്രവിശ്യകളിലായി അഞ്ചുലക്ഷത്തോളം പാഷായികൾ കഴിയുന്നുണ്ട്. സ്വയം പഷ്ത്തൂണികൾ എന്നാണ് അവരിൽ പലരും കരുതുന്നത്.  പാഷായികൾ പാർക്കുന്ന തരിശുനിലങ്ങൾ അഫ്ഗാനിസ്ഥാന്റെ പട്ടണങ്ങളിൽ നിന്നൊക്കെ അകലെയാണ്. നല്ലൊരു റോഡോ, വാഹനസർവീസുകളോ അവർക്ക് ലഭ്യമല്ല. ജോലിചെയ്യാൻ വേണ്ടി പട്ടണങ്ങളിലെക്ക് ചെല്ലാൻ ഒരു റോഡോ മറ്റോ ഉണ്ടാകുകയാണെങ്കിൽ തങ്ങളുടെ കുട്ടികളും, യുവാക്കളും തോക്കിന്റെ അക്രമാസക്തമായ വഴികൾ വെടിഞ്ഞ്, അന്തസ്സായി തൊഴിലെടുത്ത് ജീവിച്ചിരുന്നേനെ. ഇപ്പോൾ തൽക്കാലം സ്‌കൂൾ വിട്ടുവന്നാൽ അവർക്ക് തങ്ങളുടെ തോക്കുകൾ കൊണ്ട് കല്ലുകളിൽ ഉന്നംപിടിച്ചുള്ള കളികളാണ് പഥ്യം. അതുതന്നെയാണ് അവരുടെ നേരമ്പോക്കും, വിനോദവും. 

കടപ്പാട് : ബിബിസി