ഐഐടി ഹൈദരാബാദിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ എഡ്വേഡ് നഥാൻ വർഗീസ് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഒപ്റ്റിവർ കമ്പനിയിൽ നിന്ന് 2.5 കോടി രൂപയുടെ റെക്കോർഡ് ശമ്പള പാക്കേജ് സ്വന്തമാക്കി. 2008 ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന തുക.
തൊഴിൽ വിപണിയിലെ കടുത്ത വെല്ലുവിളികൾക്കിടയിലും ഐഐടി ഹൈദരാബാദിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് സ്വന്തമാക്കി 21 -കാരനായ എഡ്വേഡ് നഥാൻ വർഗീസ്. ഐഐടി ഹൈദരാബാദിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ എഡ്വേഡിന് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ആഗോള ട്രേഡിംഗ് കമ്പനിയായ 'ഒപ്റ്റിവർ' (Optiver) ആണ് പ്രതിവർഷം 2.5 കോടി രൂപയുടെ റെക്കോർഡ് പാക്കേജ് വാഗ്ദാനം ചെയ്തത്.
ഏറ്റവും ഉയർന്ന തുക
2008-ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിന് ശേഷം ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 2017-ൽ ലഭിച്ച 1.1 കോടി രൂപയുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഒപ്റ്റിവറിലെ രണ്ട് മാസത്തെ സമ്മർ ഇന്‍റേൺഷിപ്പിനിടയിലെ മികച്ച പ്രകടനമാണ് എഡ്വേഡിന് ഈ പ്രീ-പ്ലേസ്‌മെന്‍റ് ഓഫർ നേടിക്കൊടുത്തത്. ഇന്‍റേൺഷിപ്പ് പൂർത്തിയാക്കിയ രണ്ട് പേരിൽ എഡ്വേഡിനെ മാത്രമാണ് കമ്പനി തെരഞ്ഞെടുത്തത്.
ഹൈദരാബാദിൽ ജനിച്ചുവളർന്ന എഡ്വേഡ് 7 മുതൽ 12 വരെയുള്ള വിദ്യാഭ്യാസം ബെംഗളൂരുവിലാണ് പൂർത്തിയാക്കിയത്. എഡ്വേഡിന്‍റെ മാതാപിതാക്കളും എഞ്ചിനീയർമാരാണ്. ജെ.ഇ.ഇ (JEE) മെയിനിൽ 1100-ാം റാങ്കും അഡ്വാൻസ്ഡിൽ 558-ാം റാങ്കും നേടിയാണ് എഡ്വേഡ് ഐഐടിയിൽ പ്രവേശനം നേടിയത്. കൂടാതെ 2025-ലെ സി.എ.ടി (CAT) പരീക്ഷയിൽ 99.96 ശതമാനം മാർക്കും കരസ്ഥമാക്കിയിരുന്നു.
പഠ്യേതര വിഷയത്തിലും മിടുക്കൻ
പഠനത്തോടൊപ്പം സ്കൂൾ ഓഫ് കരിയർ സർവീസസിന്‍റെ ഹെഡ് ആയി പ്രവർത്തിക്കുകയും 250-ഓളം കോർഡിനേറ്റർമാരെ നയിക്കുകയും ചെയ്ത എഡ്വേഡ് കമ്മ്യൂണിറ്റി പ്രോഗ്രാമിംഗിലും മുൻനിരയിലുണ്ടായിരുന്നു. പങ്കെടുത്ത ആദ്യത്തെയും അവസാനത്തെയും ഇന്‍റർവ്യൂ ആയിരുന്നു ഇതെന്നും ജോലി ലഭിച്ച വിവരമറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും എഡ്വേഡ് പറഞ്ഞു. ജൂലൈയിൽ നെതർലാൻഡ്‌സിലെ ഓഫീസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി അദ്ദേഹം ചുമതലയേൽക്കും. ഈ പ്ലേസ്‌മെന്‍റ് സീസണിൽ ഐഐടി ഹൈദരാബാദിലെ ശരാശരി പാക്കേജിലും വൻ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷത്തെ 20.8 ലക്ഷത്തിൽ നിന്ന് 36.2 ലക്ഷം രൂപയായാണ് ഇത്തവണ ശരാശരി പാക്കേജ് ഉയർന്നത്.


