തിരക്കേറിയ ദില്ലി മെട്രോയിൽ, സഹയാത്രികയുടെ ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ച സൂചന ഉപയോഗിച്ച് ഒരു യുവതി സീറ്റ് സ്വന്തമാക്കി. അടുത്ത സ്റ്റേഷനിൽ യാത്രക്കാരി ഇറങ്ങുമെന്ന് മനസ്സിലാക്കിയ യുവതി, മുൻകൂട്ടി അവരുടെ മുന്നിൽ സ്ഥാനം പിടിക്കുകയും സീറ്റ് നേടുകയും ചെയ്തു.

ഫീസ് സമയത്തെ തിരക്കേറിയ ദില്ലി മെട്രോയിൽ ഒരു സീറ്റ് ലഭിക്കുകയെന്നത് ഭാഗ്യവും ഒപ്പം ചിലപ്പോൾ സൂക്ഷ്മമായ നിരീക്ഷണവും ആവശ്യമായ ഒന്നാണ്. അത്തരത്തിൽ തന്‍റെ ബുദ്ധിപരമായ നിരീക്ഷണം വഴി ഒരു സീറ്റ് സ്വന്തമാക്കിയ യുവതിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

കാവ്യയുടെ തന്ത്രം

എക്സിലൂടെ കാവ്യ (@kavyacore) എന്ന യുവതിയാണ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. തിരക്കേറിയ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ തന്‍റെ തൊട്ടടുത്തിരുന്ന യാത്രക്കാരി ലാപ്‌ടോപ്പ് പുറത്തെടുക്കുന്നത് കാവ്യയുടെ ശ്രദ്ധയിൽപ്പെട്ടു. യാദൃശ്ചികമായി ആ യാത്രക്കാരിയുടെ ലാപ്‌ടോപ്പിലെ വിവരങ്ങളിൽ നിന്നും അവർ ജോലി ചെയ്യുന്ന സ്ഥാപനം ഏതാണെന്ന് കാവ്യ മനസ്സിലാക്കി. ഉടൻ തന്നെ തന്‍റെ ഫോണിൽ ആ ഓഫീസിന്‍റെ വിലാസം തെരഞ്ഞ കാവ്യയ്ക്ക് ഒരു കാര്യം വ്യക്തമായി, തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ ഈ യാത്രക്കാരി ഇറങ്ങും. യാത്രക്കാരി ഇറങ്ങുന്നതിന് മുൻപേ അവരുടെ തൊട്ടുമുന്നിൽ കാവ്യ സ്ഥാനം പിടിച്ചു. കാവ്യയുടെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അടുത്ത സ്റ്റേഷനിൽ അവർ ഇറങ്ങിയതോടെ കാവ്യയ്ക്ക് മെട്രോയിൽ സീറ്റ് ലഭിച്ചു.

Scroll to load tweet…

വെറുതെ കിട്ടിയതല്ല. സമ്പാദിച്ചത്

"ഞാൻ അവരുടെ മുന്നിൽ തന്നെ നിന്നു, എന്‍റെ നിഗമനം ശരിയായിരുന്നു, ആ തിരക്കിനിടയിലും എനിക്ക് സീറ്റ് കിട്ടി," എന്ന് കാവ്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.കാവ്യയുടെ ഈ 'സീറ്റ് തന്ത്രം' ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് രസകരമായ കന്‍റുകളുമായി എത്തിയത്. "ഇതൊരു സീറ്റ് കിട്ടുക മാത്രമല്ല, കൃത്യമായ നിരീക്ഷണത്തിലൂടെ നിങ്ങൾ അത് സമ്പാദിച്ചതാണ്" എന്ന് ഒരാൾ കുറിച്ചു. സമാനമായ രീതിയിൽ ഷോപ്പിംഗ് ബാഗുകൾ നോക്കി യാത്രക്കാർ സരോജിനി മാർക്കറ്റിൽ ഇറങ്ങുമെന്ന് മനസ്സിലാക്കി സീറ്റ് പിടിച്ചിട്ടുണ്ടെന്ന് മറ്റു ചിലർ കമന്‍റ് ചെയ്തു. മെട്രോയിലെ സീറ്റിനായുള്ള പോരാട്ടത്തിൽ ഇത്തരത്തിലുള്ള കുറുക്കുവഴികൾ തേടുന്നത് യാത്രക്കാർക്കിടയിൽ നിത്യസംഭവമാണെങ്കിലും, കാവ്യയുടെ ഈ 'ഡിജിറ്റൽ' ബുദ്ധിപലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.