ഇനി ഒരിക്കലും അഫ്ഗാനിസ്ഥാന്‍ ജനാധിപത്യത്തിലേക്ക് തിരിച്ചില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. 


പോരായ്മകളുണ്ടെങ്കിലും ലോകം ഇതുവരെ കണ്ടെത്തിയതില്‍ വച്ച് മികച്ച ഭരണ സംവിധാനമാണ് ജനാധിപത്യം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭരണം മറ്റ് ഭരണക്രമങ്ങളില്‍ നിന്നെല്ലാം ഒരു പടി മുന്നില്‍ നില്‍ക്കുന്നു. ഏകാധിപത്യ ഭരണവും രാജഭരണവും സൈനീക ഭരണകൂടങ്ങളുമെല്ലാം കേന്ദ്രീകൃതമായ അധികാര സംവിധാനങ്ങളാണ്. അതിനാല്‍ തന്നെ അതിന്‍റെതായ കുറവുകളും ആ ഭരണക്രമത്തിന്‍റെ ഭാഗമാണ്. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് വിടുതല്‍ നേടുന്നതിനായാണ് ലോകത്ത് ജനാധിപത്യത്തിനായി മുറവിളികള്‍ ഉയരുന്നതും. എന്നാല്‍, ഇനി ഒരിക്കലും അഫ്ഗാനിസ്ഥാന്‍ ജനാധിപത്യത്തിലേക്ക് തിരിച്ചില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. ബിബിസിയോട് സംസാരിക്കവേ മുത്താഖി, താലിബാന്‍ സർക്കാർ തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത സർക്കാരുകളിൽ ഒന്നാണെന്നും വ്യക്തമാക്കി. 

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യതയും മാന്യമായ ഇടവും നല്‍കുമെന്ന അവകാശവാദവുമായാണ് തീവ്രവാദി സംഘമായ താലിബാന്‍ 2021 ഓഗസ്റ്റ് 15 ന് അഫ്ഗാന്‍റെ ഭരണം രണ്ടാമതും കൈയാളിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെതിരെ തെരുവ് യുദ്ധം നടത്തിയാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍റെ ഭരണാധികാരം കൈയാളിയത്. സ്വയം ഭരണകൂടമെന്ന് അവകാശപ്പെട്ട ഈ തീവ്രവാദി സംഘം പിന്നീടങ്ങോട്ട് സ്ത്രീകള്‍ക്കെതിരെ നിരവധി ഫത്‍വകളാണ് പുറത്തിറക്കിയത്. അന്താരാഷ്ട്രാ വനിതാ ദിനത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വേണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരെ വലിയ തരത്തിലുള്ള മര്‍ദ്ദന മുറകളാണ് താലിബാന്‍ അഴിച്ച് വിട്ടത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ ലാത്തിയും ചാട്ടവാറും വീശിയ താലിബാന്‍ തീവ്രവാദികള്‍ ക്രൂരമായ മര്‍ദ്ദനമാണ് അഴിച്ച് വിട്ടത്. 

കൂടുതല്‍ വായനയ്ക്ക്: സായുധസംഘം വിമാനത്താവളത്തില്‍ നിന്ന് 266 കോടി കവരാന്‍ ശ്രമിച്ചു; വെടിവെയ്പ്പില്‍ രണ്ട് മരണം 

ദോഹ കരാറിലെ എല്ലാ കാര്യങ്ങളും തങ്ങള്‍ പാലിച്ചെന്നും ലോക രാജ്യങ്ങള്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കണമെന്നും മുത്തഖി ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാഭ്യാസത്തിന് വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകളെ കുറിച്ച് മുത്തഖി മൌനം പാലിച്ചു. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഭര്‍ത്താവോ ബന്ധുവായ ഒരു പുരുഷനോ കൂടെ വേണം. ശരീരം മുഴുവനും മറച്ച നിലയിലാകാണം സ്ത്രീകള്‍ പുറത്തിറങ്ങേണ്ടത്. മാത്രമല്ല, സ്ത്രീകളെ എല്ലാ സര്‍ക്കാര്‍ ജോലികളില്‍ നിന്നും താലിബാന്‍ ഒഴിവാക്കി. ഇത് കൂടാതെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം തേടുന്നതിനെയും താലിബാന്‍ എതിര്‍ത്തു. പെണ്‍കുട്ടികളുടെ സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഇന്ന് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ് വരെ പഠിക്കാന്‍ മാത്രമേ താലിബാന്‍ അനുവദിക്കുന്നൊള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള താലിബാന്‍റെ ഈ നടപടികള്‍ അന്താരാഷ്ട്രാ തലത്തില്‍ ഏറെ പ്രതിഷേധം ഉയര്‍ത്തിയ വേളയിലാണ് താലിബാന്‍റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. 

കൂടുതല്‍ വായനയ്ക്ക്: മജീഷ്യന്‍റെ തന്ത്രം പൊളിച്ച് കാണി; പിന്നാലെ കുപ്പിയേറ്, വൈറലായി ഒരു വീഡിയോ