ലാം വിങ് കീ ഇന്ന് സ്വതന്ത്രനാണ്. പക്ഷേ, ഹോങ്കോങിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ അയാള്‍ക്ക് ഇപ്പോഴും ഭയമാണ്. ഹോങ്കോങിലെ അനേകമനുഷ്യരെ ബാധിച്ച അതേ ഭയം തന്നെയാണ് ലാമിനെയും ബാധിച്ചിരിക്കുന്നത്. 

ബുധനാഴ്ചയാണ് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരീ ലാം വിവാദമായിത്തീര്‍ന്ന ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള കു​​​റ്റ​​​വാ​​​ളി​​​ക്കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ബി​​​ൽ പിന്‍വലിച്ചത്. പ്രസ്തുത ബിൽ, കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് വളരെ ശക്തമായ പ്രക്ഷോഭങ്ങളാണുണ്ടായത്. 

ഏതായാലും ബില്‍ പിന്‍വലിച്ചുവെങ്കിലും നാട്ടിലേക്കില്ലെന്നാണ് പുസ്തക വില്‍പ്പനക്കാരനായ ലാം വിങ് കീ പറയുന്നത്. ലാം വില്‍ക്കുന്ന പുസ്തകങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവയെല്ലാം ചൈനീസ് ഗവണ്‍മെന്‍റ് നിരോധിച്ച പുസ്തകങ്ങളായിരുന്നു. അത്തരം പുസ്തകങ്ങളായിരുന്നു ലാം വില്‍ക്കാന്‍ പ്രത്യേകമായി തെരഞ്ഞെടുത്തത്. ''ചൈനീസ് ഗവണ്‍മെന്‍റ് എന്നെ തിരയും. അവര്‍ക്കെന്നെ ആവശ്യമുണ്ട്. നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ വിറ്റുവെന്ന കുറ്റമാണ് അവരെന്നില്‍ ചുമത്തിയിയിരിക്കുന്നത്. ഹോങ്കോങില്‍ തങ്ങിയാല്‍ ഞാന്‍ കൊല്ലപ്പെടുമെന്ന് തന്നെ ഉറപ്പാണ്. തന്‍റെയടുത്ത് പുസ്തകം വാങ്ങാനെത്തുന്നവരെ വരെ നിരീക്ഷിക്കുന്ന അവസ്ഥയാണ്.'' ലാം പറയുന്നു. 

ഏപ്രില്‍ മാസത്തിലാണ് ലാം തായ്‍വാനിലേക്ക് കടന്നത്. ബില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഹോങ്കോങ്ങിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചിരുന്നില്ലായെന്നും ലാം പറയുന്നു. കാരണമായി ലാം പറയുന്നത്, താനവിടെ ഒട്ടും സുരക്ഷിതനാണെന്ന് കരുതുന്നില്ലായെന്നാണ്. തായ്പേയില്‍ ഒരു പുസ്തകശാല തുടങ്ങണമെന്നാണ് ലാമിന്‍റെ ആഗ്രഹം. തായ്‍വാനില്‍ താമസിക്കാനുള്ള അവസരം ഇത് നല്‍കുമെന്ന് മാത്രമല്ല. അതിനുമപ്പുറം രാഷ്ട്രീയമായി സ്വാതന്ത്ര്യം കൂടി ഇതിലൂടെ ലഭിക്കുമെന്നും ലാം പ്രതീക്ഷിക്കുന്നു. 

ചില ഹോങ്കോംഗ് പ്രക്ഷോഭകർ ലാമിനെ ഒരു ഉദാഹരണമായി കാണിക്കുന്നുണ്ട്. തായ്‌വാനെ ഒരു സുരക്ഷിത താവളമായി ചൂണ്ടിക്കാണിക്കുകയാണിവര്‍. എന്നാൽ, തായ്‌വാനിൽ അത്തരത്തില്‍ ഒരു അഭയാര്‍ത്ഥി സമീപനമില്ല. തായ്‍വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ ആകട്ടെ നയം മാറ്റുന്നതിനെക്കുറിച്ച് ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടുമില്ല.

ചൈനീസ് ഗവണ്‍മെന്‍റിന്‍റെ നിലപബാടുകളോട് വിയോജിപ്പുള്ളതുകൊണ്ടും ജീവനില്‍ ഭയമുള്ളതുകൊണ്ടും ഹോങ്കോങ്ങിലേക്ക് മടങ്ങാതിരിക്കുകയാണ് ലാം. ഒപ്പം തന്‍റെ പുസ്തകശാല തുടങ്ങാനായുള്ള വീട് അന്വേഷിക്കുകയും ചെയ്യുന്നു. 

ചൈനയുടെ ഉറക്കം കെടുത്തുന്ന ഹോങ്കോങ് പ്രതിഷേധങ്ങൾ