ചീറ്റകൾക്ക് പുൽമേടുകൾ ആവശ്യമില്ലെന്നും മധ്യ ഇന്ത്യയിലെ വനങ്ങളും രാജസ്ഥാന്റെ ചില ഭാഗങ്ങളും അവയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നും യാദവ് പറഞ്ഞു.
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലി(Cheetah)കള്‍ 74 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാജ്യത്തേക്ക്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ചീറ്റകൾ അടുത്ത നാല് മുതല്‍ ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്നും, മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ(Kuno national park in Madhya Pradesh) അവയെ പാര്‍പ്പിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 1952 -ലാണ് ചീറ്റയെ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്.
അടുത്ത നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ ചീറ്റകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവയുടെ വീണ്ടുമുള്ള വരവിനായി കുനോ നാഷണല്‍ പാര്‍ക്ക് എല്ലാവിധത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കുമെന്നും പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക വക്താവ് ഗൗരവ് ഖാരെ പറഞ്ഞു. 14 കോടി രൂപയാണ് 'പ്രൊജക്റ്റ് ചീറ്റ' എന്ന പദ്ധതിക്ക് ഈ വർഷം അനുവദിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആണ് ആദ്യഘട്ടമെന്ന നിലയില്‍ 12 മുതല്‍ 15 വരെ ചീറ്റകളെത്തുക. എന്നാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 മുതല്‍ 50 ചീറ്റകള്‍ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എസ്.പി യാദവ് പറഞ്ഞു.
സൗത്ത് ആഫ്രിക്കയില്‍ നിന്നുമുള്ള വിദഗ്ദ്ധര്‍ കുനോ നാഷണല്‍ പാര്‍ക്കിലെത്തുകയും ചീറ്റകള്‍ക്ക് വളരാന്‍ അനുയോജ്യമായ അവസ്ഥ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്‍തു. സൗത്ത് ആഫ്രിക്കയിലെ ചില സ്ഥലങ്ങളേക്കാള്‍ മികച്ചതാണ് കുനോ നാഷണല്‍ പാര്‍ക്ക് എന്ന് അവര്‍ അഭിപ്രായപ്പെട്ടുവെന്നും അധികൃതര്‍ പറയുന്നു.
ചീറ്റകളെ വീണ്ടും എത്തിക്കുന്നതിന് ചിലപ്പോള്‍ മാസങ്ങളെടുത്തേക്കാം. ആദ്യം, വളരെ വലിയ ചുറ്റുപാടിൽ ഇരയെ കൊല്ലാൻ അവയ്ക്ക് (ചീറ്റകൾക്ക്) കഴിയുമോ എന്ന് നോക്കേണ്ടതുണ്ട് എന്നും യാദവ് പറയുന്നു. ചീറ്റകൾക്ക് പുൽമേടുകൾ ആവശ്യമില്ലെന്നും മധ്യ ഇന്ത്യയിലെ വനങ്ങളും രാജസ്ഥാന്റെ ചില ഭാഗങ്ങളും അവയ്ക്ക് ഏറ്റവും അനുയോജ്യമാണെന്നും യാദവ് പറഞ്ഞു. NTCA കൂടാതെ WII, മധ്യപ്രദേശിലെ വനം വകുപ്പ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
കൊളോണിയൽ കാലഘട്ടത്തിൽ 'വേട്ട പുള്ളിപ്പുലികൾ' എന്ന് അറിയപ്പെട്ടിരുന്ന ഏഷ്യാറ്റിക് ചീറ്റകളെ വേട്ടയാടിയത് വഴിയാണ് അവ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കപ്പെടുന്നത്. ഇരകളില്ലാതെയായതും ആവാസവ്യവസ്ഥയുടെ നാശവും അവയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുകയും അവ ഇല്ലാതെയാവുകയും ചെയ്‍തു. അവസാനത്തെ ചീറ്റയെ 1947- ൽ വെടിവച്ചു കൊല്ലുകയും 1952 -ൽ ഇന്ത്യയിൽ ചീറ്റയ്ക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് 40-50 എണ്ണം മാത്രമാണ് മധ്യ ഇറാനിൽ അതിജീവിക്കുന്നത്, അവിടെ അത് ഒരു സംരക്ഷിത മൃഗമാണ്. IUCN ഇതിനെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ, ചീറ്റപ്പുലികൾ IUCN റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഏകദേശം 6,674 എണ്ണത്തില്‍ ഭൂരിഭാഗവും ആഫ്രിക്കയിൽ അവശേഷിക്കുന്നു.
എന്നിരുന്നാലും, ആഫ്രിക്കയിൽ നിന്നും പറിച്ചുമാറ്റപ്പെട്ട് ഇന്ത്യയിലെ പുതിയ പാരിസ്ഥിതിക സാഹചര്യങ്ങൾ അവയ്ക്ക് അതിജീവിക്കാനാകുമോ എന്ന് പല വിദഗ്ദ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ജൈവവൈവിധ്യ പ്രശ്നങ്ങൾ, രോഗസാധ്യതകൾ എന്നിവയിലെ സങ്കീർണ്ണതകളെക്കുറിച്ചും ചീറ്റയെപ്പോലുള്ള ഒരു മൃഗത്തിന് അതിജീവിക്കാനും ആരോഗ്യകരമായ ആവാസവ്യവസ്ഥ സ്ഥാപിക്കാനും തെരഞ്ഞെടുത്ത സ്ഥലത്ത് മതിയായ ഇടമുണ്ടോ എന്നതിനെക്കുറിച്ചും വിദഗ്ധർ ആശങ്കാകുലരാണ്. എങ്കിലും പ്രൊജക്ടിന് പിന്നിലുള്ളവർ വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ്. അങ്ങനെ, ഇന്ത്യയിൽ നിന്നും എന്നേക്കുമായി വംശനാശം സംഭവിച്ചു എന്ന് കരുതിയ ചീറ്റകൾ ഇങ്ങോട്ട് തിരികെ വരുന്നതിന്റെ സന്തോഷത്തിലാണ് രാജ്യം.
