10 ദിവസത്തെ അവധിക്ക് ശേഷം ജോലിക്ക് കയറാൻ തയ്യാറായ ജീവനക്കാരനോട് ഒരു ദിവസം കൂടി വിശ്രമിച്ചോളൂ എന്ന് ബോസ്. ഒന്ന് സെറ്റായിട്ട് വന്നാല്‍ മതി എന്നാണ് ബോസ് ജീവനക്കാരനോട് പറയുന്നത്.
10 ദിവസത്തെ അവധിക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കെ ഒരു ജീവനക്കാരന് മാനേജരയച്ച ഒരു മെസ്സേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ടോക്സിക്കായിട്ടുള്ള മാനേജർമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ആളുകൾ ശരിക്കും അസൂയപ്പെട്ടുപോകും ഈ മെസ്സേജ് വായിച്ചാൽ എന്ന കാര്യത്തിൽ സംശയമില്ല. 10 ദിവസത്തെ അവധി കഴിഞ്ഞെത്തിയ ജീവനക്കാരൻ നാളെ താൻ ജോലിയിൽ പ്രവേശിക്കും എന്നാണ് മാനേജർക്ക് മെസ്സേജ് അയക്കുന്നത്. എന്നാൽ നാളെ കൂടി ലീവെടുത്തോളൂ, എന്നിട്ട് മാനസികമായി ഒന്ന് തയ്യാറെടുത്തിട്ട് വന്നാൽ മതി എന്നാണ് മാനേജരുടെ മറുപടി.
റെഡ്ഡിറ്റിലെ 'r/IndianWorkplace' -ലാണ് ഈ വാട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുന്നത്. '10 ദിവസത്തെ അവധി കഴിഞ്ഞ് നാളെ വരുമെന്ന് അറിയിച്ചപ്പോൾ, കാര്യങ്ങൾ ഒന്ന് സെറ്റാക്കാൻ ഒരു ദിവസം കൂടി അവധിയെടുക്കാൻ ബിഗ് ബോസ് പറഞ്ഞു' എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 'ഹായ്, ഞാൻ ബാംഗ്ലൂരിൽ തിരിച്ചെത്തി. നാളെ മുതൽ ജോലിയിൽ പ്രവേശിക്കും. ഒന്ന് അറിയിക്കാൻ വേണ്ടി മെസ്സേജ് അയച്ചതാണ്' എന്നായിരുന്നു ജീവനക്കാരൻ ബോസിനയച്ച സന്ദേശം. 'വളരെ നല്ലത്. നാളെക്കൂടി അവധിയെടുത്ത് കാര്യങ്ങളൊക്കെ ഒന്ന് സെറ്റിൽ ചെയ്യൂ. ബുധനാഴ്ച മുതൽ ജോലിക്ക് വന്നാൽ മതി' എന്നായിരുന്നു ബോസിന്റെ മറുപടി.
' വളരെ കർക്കശമായ ഒരു കോർപ്പറേറ്റ് പശ്ചാത്തലത്തിൽ നിന്ന് വന്ന എനിക്ക്, ഇത് വളരെ സന്തോഷവും ബഹുമാനവും തോന്നിപ്പിച്ച ഒരു അനുഭവമായിരുന്നു ' എന്നാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്രയും ഉദാരമനസ്കനായ ഒരു ബോസ് പലർക്കും ശരിക്കും അവിശ്വസനീയം തന്നെ ആയിരുന്നു.
